തൃശ്ശൂര്‍: നഴ്‌സിംഗ് മേഖലയോടുള്ള സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അനിശ്ചിതകാല നിരാഹാരത്തിനൊരുങ്ങുന്നു. സ്വകാര്യ സഹകരണ മേഖലയിലുള്ള നഴ്‌സ്മാരുടെ കാര്യത്തില്‍ ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നത്.
ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം നഴസ്മാരുടെ ശമ്പളം രണ്ട് വര്‍ഷത്തിനകം പരിഷ്‌കരിക്കാമെന്ന് 2013ല്‍ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബി ജോണ്‍ യുഎന്‍എയുടെ പൊതുവേദിയില്‍ വെച്ച് വാക്ക് നല്‍കിയിരുന്നു. ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി യുഎന്‍എ പല തവണ ആരോഗ്യ, തൊഴില്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനങ്ങള്‍ അയച്ചിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് നടപടിയൊന്നും ഉണ്ടായില്ല. അതേസമയം, സര്‍ക്കാര്‍ നഴ്‌സുമാരുടെ ശമ്പളം കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചെങ്കിലും സ്വകാര്യ സഹകരണ മേഖലയിലുള്ളവരുടെ കാര്യത്തില്‍ അലംഭാവം തുടരുകയാണ്.
യുഎന്‍എ ജനുവരി 11 മുതല്‍ പ്രത്യക്ഷമായി സമരം തുടങ്ങിയിരുന്നെങ്കിലും അനുകൂല നടപടികളുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാരവുമായി മുന്നോട്ട് പോവുകയാണെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു.
സര്‍ക്കാര്‍ കാലാവധി അവസാനിക്കാന്‍ വെറും മൂന്നു മാസം മാത്രം അകലെയാണെന്നിരിക്കെ നിയമസഭാ മാര്‍ച്ചും സെക്രട്ടേറിയേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരവുമായി ശക്തമായ പ്രക്ഷോഭം തുടരുമെന്നും ജാസ്മിന്‍ഷാ പറഞ്ഞു.