ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ നേഴ്സുമാർക്ക് ഗവൺമെന്റ് വാഗ്ദാനം ചെയ്ത ശമ്പള വർദ്ധനവ് നിരസിച്ചതായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ് (ആർസിഎൻ) അറിയിച്ചു. ആർ സി എൻ അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിലാണ് ശമ്പള വാഗ്ദാനം നിരസിക്കപ്പെട്ടത്. 145,000 പേർ പങ്കെടുത്ത വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് അംഗങ്ങളും 5.5 ശതമാനം ശമ്പള വർദ്ധനവിനെതിരെ വോട്ടു ചെയ്തതായാണ് റിപ്പോർട്ടുകൾ.


പൊതു തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ വിജയത്തിന് തൊട്ടു പിന്നാലെയാണ് ജൂലൈ അവസാനം ചാൻസലർ 2024 – 25 വർഷത്തേക്കുള്ള ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്. തങ്ങൾക്കും രോഗികൾക്കും എൻ എച്ച് എസിനും വേണ്ടി നിലകൊള്ളാനാണ് ഇംഗ്ലണ്ടിലെ നേഴ്സുമാർ തീരുമാനിച്ചിരിക്കുന്നത് എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന് അയച്ച കത്തിൽ ആർസിഎൻ ജനറൽ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചർ പറഞ്ഞു.


ഇംഗ്ലണ്ടിലെ ജൂനിയർ ഡോക്ടർമാർക്ക് സാമാന്യം ഭേദപ്പെട്ട ശമ്പള വർദ്ധനവ് സർക്കാർ നടപ്പിലാക്കിയിരുന്നു. ഏകദേശം 22.3 ശതമാനം ശമ്പള വർദ്ധനവാണ് ജൂനിയർ ഡോക്ടർമാർക്ക് ലഭിച്ചത്. ഡോക്ടർമാരുമായി താരതമ്യം ചെയ്യുമ്പോൾ തങ്ങൾക്ക് ലഭിച്ച ശമ്പള വർദ്ധനവ് വളരെ കുറവാണെന്ന പരാതിയാണ് മലയാളികൾ ഉൾപ്പെടെയുള്ള യുകെയിലെ നേഴ്സുമാർക്ക് ഉള്ളത്. സർക്കാരിൽനിന്ന് തങ്ങൾ ആവശ്യപ്പെടുന്നത് ഡോക്ടർമാർക്ക് നൽകിയത് പോലുള്ള ന്യായമായ പരിഗണനയാണെന്ന് ആർസിഎൻ പ്രസിഡൻറ് പറഞ്ഞു.