മലയാളം യുകെ ന്യൂസ് ടീം.

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ നേതൃത്വത്തിൽ നടക്കുന്ന കേരളത്തിലെ നഴ്സുമാരുടെ സമരം ശക്തി പ്രാപിക്കുന്നു. സാധാരണക്കാരായ ഒരു പറ്റം യുവതീ യുവാക്കൾ ജീവിക്കാനുള്ള വരുമാനം സ്വരുക്കൂട്ടാൻ ഭരണകൂടത്തിൻറെ കനിവിനായി ജനമനസാക്ഷി ഉണർത്തുവാൻ, അക്ഷീണം നടത്തുന്ന പ്രയത്നങ്ങൾ ജനമനസുകളിൽ പിന്തുണയുടെ സ്വരമായി മാറുന്ന കാഴ്ചയാണ് കേരളത്തിലെങ്ങും. സംസ്ഥാന പ്രസിഡൻറ് ജാസ്മിൻ ഷായുടെ ശക്തമായ നേതൃപാടവവും ഭാരവാഹികളുടെ ഊർജ്ജസ്വലമായ പ്രവർത്തനവും പൊതുജനത്തിൻറെ ധാർമ്മിക പിന്തുണയും ഈ സമരത്തിൻറെ പ്രത്യേകതയാണ്. തികച്ചും സമാധാനപരമായ മാർഗങ്ങളിലൂടെ, പണിമുടക്കാതെ അധികാര വർഗ്ഗത്തിൻറെ കണ്ണുതുറപ്പിക്കാൻ യാതനകളുടെ ലോകത്തേക്ക് കരുണയുടെ മാലാഖമാർ ഒരുമയോടെ കൈ കോർത്ത് ഇറങ്ങുമ്പോൾ കേരള മണ്ണിൽ ഒരു നിശബ്ദ വിപ്ലവത്തിന് തുടക്കമാവുകയാണ്.

കേരളത്തിലെ എല്ലാ ജില്ലകളിലും UNA യൂണിറ്റുകൾ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ഹോസ്പിറ്റലുകളിലും യൂണിറ്റുകൾ തുടങ്ങാനുള്ള അക്ഷീണ പരിശ്രമത്തിലാണ് നഴ്സസ് അസോസിയേഷൻ. ഇവരെ പിന്തുണയ്ക്കാൻ ബഹുരാഷ്ട്ര കുത്തകകളോ, രാഷ്ട്രീയ പാർട്ടികളോ ഇല്ല. നഴ്സുമാരുടെ സമരത്തിന് പിന്തുണ നല്കുന്ന മാദ്ധ്യമങ്ങളും വിരളം. കാരണം സമരത്തിനിറങ്ങിയിരിക്കുന്നവർ സാധാരണക്കാരാണ്. സാമാന്യ വിദ്യാഭ്യാസമുള്ള ഈ പുതുതലമുറയിലെ ഊർജ്ജസ്വലരായ യുവതീയുവാക്കളെ തങ്ങളുടെ കാര്യസാധ്യത്തിനായി ഉപയോഗിക്കാൻ പറ്റില്ല എന്ന തോന്നലും രാഷ്ട്രീയ പാർട്ടികളെ ഇവരിൽ നിന്ന് അകറ്റിയിട്ടുണ്ട്. സമരം ഒരു തൊഴിലാക്കിയവരല്ല ഈ നഴ്സുമാർ, അതിലുപരി ജീവിക്കാനായി സമര മുഖത്തേയ്ക്ക് എത്താൻ നിർബന്ധിതരായവരാണിവർ.

കഠിനമായ ശിക്ഷണത്തിൻറെയും ശാസനയുടെയും അന്തരീക്ഷത്തിൽ വളർന്ന്, വിദ്യാഭ്യാസം പൂർത്തിയാക്കി ആജ്ഞകൾ ശിരസാവഹിച്ച് ജീവിതകാലം മുഴുവൻ ശബ്ദിക്കാനാവാതെ സംസ്ഥാനത്തെ ഹോസ്പിറ്റലുകളിൽ തുച്ഛമായ ശമ്പളത്തോടെ ജോലി ചെയ്യുന്നവരുടെ വിമോചന പ്രസ്ഥാനമാണ് സംസ്ഥാനത്ത് എമ്പാടും രൂപം കൊണ്ടിരിക്കുന്നത്.  നഴ്സുമാരെ ഒരു കുടക്കീഴിൽ അണിനിരത്തുവാൻ  യുണൈറ്റഡ് നഴ്സസ് അസോസിയേഷന് സാധിച്ചു കഴിഞ്ഞു.  നഴ്സുമാരുടെ സമരത്തിന് ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് നിസീമമായ പിന്തുണയാണ് ലഭിക്കുന്നത്. ലോകത്തിൻറെ ഏതു ഭാഗത്തും, കഠിനാദ്ധ്വാനത്തിൻറെയും ആത്മാർത്ഥതയുടെയും പ്രതീകവും പര്യായവുമായി പേരെടുത്തവരാണ് മലയാളി നഴ്സുമാർ. വിദേശ രാജ്യങ്ങളിൽ മെച്ചപ്പെട്ട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാർ കേരളത്തിൽ സമരമേഖലയിലുള്ള തങ്ങളുടെ സഹോദരങ്ങൾക്ക് പിന്തുണയുമായി എത്തുന്ന കാഴ്ച മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ബ്രിട്ടൻ , ക്യാനഡ, അമേരിക്ക, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാർ ക്രിയാത്മക പിന്തുണയുമായി സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്. തങ്ങൾ പണ്ട് അനുഭവിച്ച സാഹചര്യങ്ങളുടെ ഓർമ്മ പുതുക്കലാണ് നിലവിലെ പ്രതിസന്ധിയ്ക്കും കാരണമെന്ന് തിരിച്ചറിവാണ് നഴ്സിംഗ് സമൂഹത്തെ വൈകാരികമായ പ്രതികരണത്തിന് പ്രേരിപ്പിക്കുന്നത്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഴ്സിങ്ങ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി കാലാകാലങ്ങളിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകളും കമ്മറ്റികളും നല്കിയ റിപ്പോർട്ടുകളും റെക്കമെൻഡേഷനുകളും ഇന്നും ചുവപ്പുനാടയിൽ കുരുങ്ങി കിടക്കുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ പ്പോലും മാറ്റിമറിക്കാൻ കെൽപ്പുള്ള മാനേജ്മെൻറുകളുടെ പിടിവാശിക്കു മുന്നിൽ കമ്മീഷനുകളുടെ നിർദ്ദേശങ്ങൾ ഒരു ജലരേഖയായി മാറി. സ്വകാര്യമേഖലയിലെ നഴ്സുമാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ അനുവദിച്ചു കൊടുക്കാനുള്ള ഇച്ഛാശക്തി കാലാകാലങ്ങളിൽ ഭരിച്ച ഭരണകൂടങ്ങൾ കാണിക്കാതിരുന്നത് പ്രശ്നം വഷളാക്കി. വിദേശ രാജ്യങ്ങളിലേയ്ക്കുള്ള റിക്രൂട്ട്മെൻറ് കുറഞ്ഞതും സ്വകാര്യ മേഖലയിൽ കൂണുകൾ പോലെ മുളച്ചുപൊങ്ങിയ നഴ്സിംഗ് സ്കൂളുകളും  നഴ്സിംഗ് രംഗത്തെ അരക്ഷിതാവസ്ഥയ്ക്ക് ആക്കം കൂട്ടി.

ആതുരസേവന രംഗത്തെ മാലാഖാമാരുടെ സമരത്തിൻറെ അലയൊലികൾ ലോകമെങ്ങും എത്തിക്കഴിഞ്ഞു. കേരളം കണ്ട ഏറ്റവും സമാധാനപരമായ തൊഴിൽ മേഖലയിലെ യുവത്വത്തിൻറെ മുന്നേറ്റം ചരിത്രത്താളുകളിൽ ഇടം തേടും. അനുദിനം പിന്തുണ വർദ്ധിക്കുന്ന നഴ്സുമാരുടെ സമരത്തിന് ലക്ഷ്യം ഒന്നേയുള്ളൂ. രാജ്യത്തെ സുപ്രീം കോടതിയുടെ നിർദ്ദേശം സംസ്ഥാനസർക്കാർ നടപ്പിലാക്കണം എന്നതാണത്. ഒരു മാസം ജോലി ചെയ്താൽ 6,000 രൂപയാണ് ഒരു നഴ്സിന് ഇന്ന് തുടക്കത്തിൽ ലഭിക്കുന്നത്. അത് 20,000 രൂപയായി ഉയർത്തണമെന്ന ന്യായമായ ആവശ്യമാണ് സംസ്ഥാനത്തെ നഴ്സുമാർ മുന്നോട്ട് വയ്ക്കുന്നത്. നഴ്സുമാരെ അടിമകളെപ്പോലെ കാണുന്ന സമ്പ്രദായത്തിന് അറുതി വരുത്തുക, ന്യായമായ  വേതനം ഉറപ്പു വരുത്തുക, തൊഴിൽ മേഖലയിലെ സംഘടിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളും ഗവൺമെന്റ് അടിയന്തിരമായി പരിഗണിക്കേണ്ടിയിരിക്കുന്നു.

മാനേജ്മെന്റുകളുടെ മർക്കടമുഷ്ടിയാണ് പല ഹോസ്പിറ്റലുകളിലും ശമ്പള വർദ്ധന നടപ്പാകാതിരിക്കാനുള്ള കാരണം. നഴ്സുമാർക്ക് അർഹമായ ശമ്പളം നല്കാൻ പല മാനേജ്മെന്റുകളും തയ്യാറായേൽക്കാമെങ്കിലും അതിന് നിർദ്ദേശം നല്കാൻ ഭരണകൂടവും ഉടൻ നിർദ്ദേശം നല്കേണ്ടിയിരിക്കുന്നു. സമാധാന സന്ദേശവാഹകരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങൾക്കായി നടത്തുന്ന സാമൂഹിക മുന്നേറ്റത്തിന്റെ പ്രകമ്പനങ്ങൾക്കുനേരെ കേരളത്തിലെ ഒരു  സ്വകാര്യ ഹോസ്പിറ്റൽ മാനേജ്മെന്റിനും മുഖം തിരിക്കാനാവില്ല. നഴ്സുമാരുടെ ആവശ്യം ആധുനിക സമൂഹത്തിന്റെ സാമൂഹിക നീതി ബോധത്തിന്റെ പ്രതിഫലനമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കാൻ ഹോസ്പിറ്റൽ മാനേജ്മെൻറുകളും സംസ്ഥാന ഗവൺമെന്റും അടിയന്തിരമായി ഇടപെടേണ്ടിയിരിക്കുന്നു. ജൂലൈ 10 ന് നടക്കുന്ന ചർച്ചയിൽ അനുകൂലമായ നിലപാട് ഗവൺമെൻറ് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് സമരം ചെയ്യുന്ന നഴ്സിംഗ് സമൂഹം.