ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : നഴ്സുമാരും കെയർ ഹോം സ്റ്റാഫുകളും ഉൾപ്പെടുന്ന വലിയൊരു വിഭാഗം ജീവനക്കാർ, ഈ വർഷം ശമ്പളം കുറയുമെന്ന ആശങ്കയിൽ. വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം ആണ് പ്രധാന കാരണം. എന്നാൽ ഇതിനനുസരിച്ച് ശമ്പളം ഉയരുന്നില്ലെന്നും പൊതുമേഖലാ ജീവനക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ട്രേഡ്സ് യൂണിയൻ കോൺഗ്രസ് ആരോപിച്ചു. നഴ്സുമാർ അടങ്ങുന്ന പൊതുമേഖലാ ജീവനക്കാർക്ക് മാന്യമായ ശമ്പള വർദ്ധനവ് ഉറപ്പാക്കാൻ ടിയുസി സർക്കാരിനോട് ആവശ്യപ്പെട്ടു. 2022ൽ പണപ്പെരുപ്പം 6 ശതമാനമോ അതിലധികമോ എത്തുമെന്ന് പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് വിലയിരുത്തൽ.
പണപ്പെരുപ്പം കണക്കിലെടുത്താൽ 2010-നെ അപേക്ഷിച്ച് നഴ്സുമാരുടെ ശമ്പളത്തിൽ 2,700 പൗണ്ടിന്റെ കുറവ് രേഖപ്പെടുത്തി. അമിത ജോലിഭാരവും അംഗീകാരമില്ലായ്മയും വേതന തകർച്ചയും എൻഎച്ച്എസിലും മറ്റ് പൊതുസേവനങ്ങളിലും ജീവനക്കാരുടെ പ്രതിസന്ധിക്ക് കാരണമാകുന്നു. ഇത് ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പ്രേരിപ്പിക്കുകയാണ്.
അടുത്ത മൂന്ന് വർഷത്തേക്ക് പൊതുമേഖലാ ശമ്പളം വർധിപ്പിക്കുമെന്നാണ് ട്രഷറിയുടെ വാദം. കഴിഞ്ഞ വർഷം പണപ്പെരുപ്പം 5.4 ശതമാനത്തിൽ എത്തിയിരുന്നു. കുതിച്ചുയരുന്ന ഭക്ഷണച്ചെലവും ഊർജ ബിൽ പ്രതിസന്ധിയുമാണ് വിലക്കയറ്റത്തിന് കാരണമായ പ്രധാന ഘടകങ്ങൾ. ഈ വർഷം പണപ്പെരുപ്പം ആറു ശതമാനത്തിൽ എത്തുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചിച്ചു. എന്നാൽ ഏപ്രിൽ മാസത്തോടെ നിരക്ക് ഏഴു ശതമാനമായി ഉയരുമെന്ന് ചില സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നു
Leave a Reply