ടോം ജോസ് തടിയംപാട്
കഴിഞ്ഞ മൂന്നാം തിയതി യു.കെയിലെ സന്ദര്‍ലാന്‍ഡില്‍ അന്തരിച്ച ഇടുക്കി തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കുന്നെലിന്റെ ശവസംസ്‌ക്കരം സന്ദര്‍ലാന്‍ഡിലെ ബിഷപ്പ് വിയര്‍ മൗത്ത് സെമിത്തേരിയില്‍ നടന്നു. രാവിലെ 9.30 മൃതദേഹം വഹിച്ചു കൊണ്ട് ഫ്യൂണറല്‍ ഡയറക്ട്രേറ്റിന്റെ വാഹനം സന്ദലാന്‍ഡിലെ സെന്റ് ജോസഫ് കാത്തോലിക്ക പള്ളിയില്‍ എത്തിയപ്പോള്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ വലിയ ജനകൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് പള്ളി വികാരി ഫാദര്‍ മൈക്കിള്‍ മക്കോയ് ഫാദര്‍ സജി തോട്ടത്തില്‍ ഫാദര്‍ റ്റി.ജി തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
ഹൃദയസ്പര്‍ശിയായ ഒട്ടേറെ നിമിഷങ്ങളാണ് പള്ളിയില്‍ കണ്ടത് അന്ത്യ ചുംബനം നല്‍കാന്‍ നാട്ടില്‍ നിന്നും എത്തിയ പിതാവ് ലൂക്കാച്ചന്റെയും അമ്മ ത്രേസിയാമ്മയുടെയും കണ്ണുനീര്‍ എല്ലാവരെയും കരയിപ്പിച്ചു. അന്ത്യ ചുംബനം നല്‍കിയ ശേഷം മകനെ ഒരിക്കല്‍ കൂടി കുലുക്കി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച പിതാവിനെ സ്‌നേഹം കണ്ടു നിന്നവരുടെ ഹൃദയം മുറിച്ചുകടന്നു പോയി, ഭാര്യ ആലിസ് കിട്ടിയ അനുശോചന സന്ദേശങ്ങള്‍ എല്ലാം പെട്ടിക്കുള്ളില്‍ അടുക്കിവെച്ച് അന്ത്യചുംബനം നല്‍കി ബെഞ്ചിലേക്ക് ചെരിഞ്ഞു വീണു. ഇതൊന്നും അറിയാതെ അരുണിന്റെ ആറും നാലും രണ്ടും വയസുള്ള കുട്ടികള്‍ അപ്പനെ നോക്കി നിന്നു അവര്‍ക്ക് അവരുടെ അച്ഛന്‍ അവരെ വിട്ടുപോയി എന്ന് മനസിലാകുന്നു പോലുമില്ലായിരുന്നു.
പള്ളിയിലെ അച്ഛന്റെ പ്രസംഗത്തില്‍ അച്ഛന്‍ അരുണും ആലിസും കുട്ടികളും തമ്മില്‍ ഉണ്ടായിരുന്ന അഗാദമായ സ്‌നേഹത്തെ പറ്റിയാണ് വിവരിച്ചത്. അരുണ്‍ യു.കെയില്‍ വന്ന കാലവും ആലിസിനെ കണ്ടുമുട്ടി വിവാഹം ചെയ്തതും കുട്ടികള്‍ ജനിച്ചതും രോഗം തിരിച്ചറിഞ്ഞതും അടങ്ങുന്ന അവരുടെ ജീവിതത്തിന്റെ എല്ലാ തുറകളെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. ആലിസിന്റെ സഹോദരിമാര്‍ ദുബായില്‍ നിന്നും എത്തിയിരുന്നു അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും എത്തിച്ചേര്‍ന്നിരുന്നു. അരുണിന്റെ ആറു വയസുള്ള മൂത്തമകന്‍ റീയാനാണ് പള്ളിയില്‍ റീഡിങ്ങ് നടത്തിയത് പള്ളിയിലെ കുര്‍ബാന ഇംഗ്ലീഷിലും മലയാളത്തിലുമാണ് നടത്തിയത്, തികഞ്ഞ അച്ചടക്കം സമയനിഷ്ട്ട എന്നിവ ചടങ്ങിന്റെ സവിശേഷതയായിരുന്നു.
അരുണിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെക്ക് വേണ്ടി പൂക്കള്‍ അര്‍പ്പിച്ചു ആദരിച്ചു, മറ്റു വിവിധ സംഘടനകളും റീത്തുകള്‍ സമര്‍പ്പിച്ചിരുന്നു. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോയി അവിടെ നടന്ന ചടങ്ങുകള്‍ക്ക് ശേഷം അരുണ്‍ മണ്ണിലേക്ക് യാത്രയായി. പിന്നിട് പള്ളിഹാളില്‍ നടന്ന ചെറിയ സമ്മേളനത്തില്‍ അരുണിന്റെ സഹോദരന്‍ ബെഞ്ചമിനും അലിസിന്റെ സഹോദരി രേഖയും ഈ വേദനയുടെ കാലത്ത് അരുണിന്റെ കുടുംബത്തോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞും തുടര്‍ന്നും അവരെ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. സന്ദര്‍ലാന്‍ഡിലെ മലയാളി സമൂഹം വന്നവര്‍ക്കെല്ലാം ഭക്ഷണം ഒരുക്കിയിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
Leave a Reply