പതിമൂന്ന് വയസ് മാത്രം പ്രായമുളള, സുഹൃത്തിന്‍റെ മകളായ ഇന്ത്യൻ പെൺകുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ അയക്കുകയും വീട്ടുസന്ദര്‍ശനത്തിനിടെ മോശമായി പെരുമാറുകയും ചെയ്ത ഇന്ത്യൻ യുവാവിന് ദുബായിൽ മൂന്ന് മാസം തടവു ശിക്ഷ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഇ– മെയിൽ അക്കൗണ്ടിലേയ്ക്ക് ഇരുപത്തിയേഴു വയസുളള യുവാവ് തുടർച്ചയായി ദൃശ്യങ്ങൾ അയക്കുകയായിരുന്നു. കുടുംബ സുഹൃത്തായ ഇയാൾ വീട്ടിൽ വരുമ്പോൾ പെൺകുട്ടിയോട് മോശമായി പെരുമാറാറുണ്ടെന്നും പരാതിയിൽ പറയുന്നു,

2017 ആഗസ്റ്റിലാണ് സംഭവം നടന്നത്. ഫെബ്രുവരിയിൽ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതിക്ക് മൂന്നു മാസം ശിക്ഷ വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത് ഉന്നത കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളുകയായിരുന്നു. ഇതോടെയാണ് പ്രതിക്ക് മൂന്നു മാസം ശിക്ഷ ലഭിച്ചത്. തടവിനുശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു.

പെൺകുട്ടിയുടെ അമ്മയുടെ തന്ത്രപരമായ ഇടപെടലാണ് ഇയാളെ കുടുക്കിയത്. കുടുംബവുമായി ഏറ്റവും അടുത്തു നിൽക്കുന്ന വ്യക്തിയുടെ പ്രവൃത്തിയിൽ നടുങ്ങിയെങ്കിലും തുടർന്ന് നടത്തിയ പരിശോധനയിൽ അശ്ലീലം കലര്‍ന്ന നിരവധി മെയിലുകള്‍ ഇയാള്‍ അയച്ചതായി മാതാവ് കണ്ടെത്തി. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ഇന്ത്യക്കാരനായ വ്യക്തി മോശമായ രീതിയില്‍ തന്നോട് പെരുമാറിയിട്ടുണ്ടെന്നു വെളിപ്പെടുത്തി. തുടര്‍ന്ന്, പൊലീസിനെ വിവരം അറിയിക്കുകയും കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു. സംഭവത്തില്‍ പ്രതി സ്ഥാനത്തു നില്‍ക്കുന്ന ഇന്ത്യക്കാരന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചുവെന്നും ഇന്റര്‍നെറ്റ് തെറ്റായ രീതിയില്‍ ഉപയോഗിച്ചുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുവാവ് പലപ്പോഴും തന്നെ ബലമായി ചുംബിച്ചിരുന്നതായും മോശമായി പെരുമാറിയിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പതിനൊന്നാം വയസ്സു മുതൽ ഇപ്രകാരം ചെയ്യുന്നതായും പെൺകുട്ടി പറഞ്ഞു. സംഭവം വീട്ടില്‍ അറിയിച്ചാല്‍ അമ്മ അടിക്കുമെന്നും തന്നെ തിരികെ ഇന്ത്യയിലേക്ക് പറഞ്ഞുവിടുമെന്നും പ്രതി തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെണ്‍കുട്ടി പ്രോസിക്യൂഷനോട് പറഞ്ഞു.

പ്രതിസ്ഥാനത്തു നില്‍ക്കുന്ന വ്യക്തി വീട്ടില്‍ വരുമ്പോഴെല്ലാം പെണ്‍കുട്ടി ദേഷ്യം കാണിക്കുകയും ഭയപ്പെടുകയും ചെയ്തിരുന്നുവെന്ന് അമ്മയും മൊഴി നല്‍കി. പെൺകുട്ടിയുമായി താൻ പ്രണയത്തിലാരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. അവധി ദിവസങ്ങളില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോകുമ്പോള്‍ ചുംബിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. പെണ്‍കുട്ടിയെ ചുംബിക്കുന്നത് ഒരിക്കല്‍ അമ്മ കാണുകയും തന്നെ ഫ്ലാറ്റില്‍ നിന്നും പിടിച്ച് പുറത്താക്കുകയും ചെയ്തിരുന്നുവെന്നും പ്രതി അന്വേഷണ സംഘം മുന്‍പാകെ പറഞ്ഞു.