ലോക സമുദ്രങ്ങളിലെ ചൂട് 2019-ൽ പുതിയ റെക്കോർഡിലെത്തിയതായി റിപ്പോര്‍ട്ട്. ആഗോള താപനത്തിന് പ്രധാന കാരണക്കാരായ ഹരിതഗൃഹ വാതകകങ്ങളുടെ 90% ത്തിലധികവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ആഗോള കാലാവസ്ഥാ രൂപീകരണത്തിൽ സമുദ്രങ്ങളുടെ പങ്കു വലുതാണ്. തെക്കേ അമേരിക്കയുടെ ഭൂമദ്ധ്യരേഖാപ്രദേശത്തെ ശാന്തസമുദ്രഭാഗങ്ങളിലെ താപനിലാവ്യതിയാനങ്ങൾക്ക് (എൽ നിനോ/ല നിന) ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ മഴയുടെ ലഭ്യതയിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നുണ്ടെന്നത് ഇതിന്നുദാഹരണമായി നിരീക്ഷിക്കപ്പെടുന്നു.
പുതിയ വിശകലനപ്രകാരം സമുദ്രത്തിൽ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ അഞ്ച് വർഷമാണ് കഴിഞ്ഞു പോകുന്നത്. ഭൂമിയിലെ ഓരോ വ്യക്തിയും പകലും രാത്രിയും 100 മൈക്രോവേവ് ഓവനുകൾ പ്രവർത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും ചൂടാണ് സമുദ്രങ്ങള്‍ ഓരോ ദിവസവും ആഗിരണം ചെയ്യുന്നത്. സമുദ്രങ്ങളിലെ താപനിലകൂടിയാല്‍ അത് ശക്തമായ കൊടുങ്കാറ്റുകള്‍ക്ക് കാരണമാവുകയും, ജലചക്രത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ എന്നിവക്കു പുറമേ സമുദ്രനിരപ്പ് ഉയരുന്നതടക്കമുള്ള മാരകമായ പ്രത്യാഘാതങ്ങളാണ് ജന്തു ലോകത്തെ കാത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ കേരളത്തില്‍വരെ ഉണ്ടായ വെള്ളപ്പൊക്കവും, യൂറോപ്പിലെ ഉഷ്ണക്കാറ്റും, ഓസ്ട്രേലിയയില്‍ ഇപ്പോഴും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത കാട്ടുതീയും അതിന് ഉദാഹരണമാണ്.
‘പേടിപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നതെന്നും, ഭൂമി എത്ര വേഗത്തിലാണ് ചൂടാകുന്നതെന്നത് ശെരിക്കും കാണിച്ചു തരുന്നത് സമുദ്രങ്ങളാണെന്നും’ യുഎസിലെ മിനസോട്ടയിലെ സെന്റ് തോമസ് സർവകലാശാലയിലെ പ്രൊഫസർ ജോൺ അബ്രഹാം പറയുന്നു. ഒരു ദശകത്തിനിടെ സമുദ്രങ്ങള്‍ ഏറ്റവും കൂടുതല്‍ ചൂടായ വര്‍ഷംകൂടിയാണ് 2019 എന്നും, മനുഷ്യ നിര്‍മ്മിത ആഗോളതാപനം നിര്‍പാദം തുടരുന്നതിന്‍റെ അനന്തരഫലമാണ് അതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കണക്കുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഭ്യമായ എല്ലാ ഉറവിടങ്ങളിൽ നിന്നുമുള്ള സമുദ്ര ഡാറ്റ ഉപയോഗിച്ചുകൊണ്ടാണ് പഠനം നടത്തിയത്. അഡ്വാൻസസ് ഇൻ അറ്റ്മോസ്ഫെറിക് സയൻസസ് ജേണലിൽ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Leave a Reply