കൂട്ടുകാരിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഭാര്യയെ അവിടെയെത്തി കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് വിഷം കഴിച്ചു ജീവനൊടുക്കി. കൂട്ടുകാരിയുടെ മകനായ സ്കൂൾ വിദ്യാർഥിക്ക് ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ വകത്തറ വീട്ടിൽ ജോർജ് അഗസ്റ്റിൻ (39) ആണു മരിച്ചത്. ഭാര്യ സബിത (33), സബിതയുടെ സുഹൃത്ത് ഞക്കനാൽ പുത്തൻപുരയ്ക്കൽ സിന്ധു ജയന്റെ മകൻ മിഥുൻ (15) എന്നിവരെ പരുക്കേറ്റ നിലയിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവുമായി പിണങ്ങി വിവാഹമോചനത്തിനു കോടതിയെ സമീപിച്ച സബിത 4 വയസ്സുകാരനായ മകനോടൊപ്പം 2 മാസമായി സിന്ധുവിന്റെ വീട്ടിലാണു താമസം. ഇന്നലെ രാവിലെ 6.30നു സ്കൂട്ടറിലെത്തിയ ജോർജ് അഗസ്റ്റിൻ മുറിയിൽ കയറി കത്തിയെടുത്തു സബിതയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചു. സബിത തടഞ്ഞതിനെ തുടർന്നു കുത്ത് കയ്യിലാണു കൊണ്ടത്. ആക്രമണം തടയാൻ ശ്രമിച്ച മിഥുന്റെ കയ്യിലും കുത്തേറ്റു. വീട്ടുകാർ ഓടിയെത്തി ജോർജിനെ തള്ളിപ്പുറത്താക്കുകയായിരുന്നു.

പിന്നീടു സബിതയെയും മിഥുനെയും സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ഇതേ വീടിനു സമീപത്തെ പുരയിടത്തിലെത്തിയ ജോർജ് മധുരപാനീയത്തിൽ വിഷം ചേർത്തു കഴിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജോർജ് മരിച്ചു. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു. സംസ്കാരം ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ പിന്നീട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോർജ് അഗസ്റ്റിൻ ഭാര്യ സബിതയെ കൊലപ്പെടുത്താൻ വ്യക്തമായ ആസൂത്രണത്തോടെയാണ് എത്തിയതെന്നു പൊലീസ്. കാർപെന്റർ ജോലി നോക്കിയിരുന്ന ഇയാൾ സബിതയ്ക്കൊപ്പം 6 വർഷത്തോളം സിന്ധുവിന്റെ ഞക്കനാലിലെ കുടുംബവീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ലഹരിക്ക് അടിമയായ ഇയാൾ ഭാര്യയെ മർദിക്കുമായിരുന്നെന്നും പറയുന്നു. സബിത മിക്കപ്പോഴും അഭയം തേടിയിരുന്നതു സിന്ധുവിന്റെ വീട്ടിലായിരുന്നു. ഒരു വർഷം മുൻപ് ഇവർ ചെല്ലാനത്തേക്കു താമസം മാറി.

ജോർജുമായി പിണങ്ങിയ സബിത പിന്നീടാണു ഞക്കനാലിലെത്തിയത്. ഇതിനിടയിൽ വിവാഹമോചനത്തിനു കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം 27നു ഞക്കനാലെത്തിയ ജോർജ് മകനൊപ്പം ഓച്ചിറയിൽ പോയിരുന്നു. ഇന്നലെ സ്കൂട്ടറിൽ കത്തി,കയർ, വിഷം, മധുരപാനീയം, തിരച്ചറിയൽ രേഖകൾ എന്നിവയുമായിട്ടാണ് ഇയാൾ എത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച ജോർജ് മകനെ കാണാനാണെന്നു പറഞ്ഞശേഷം സബിതയുടെ മുറിയിൽക്കയറി ആക്രമിക്കുകയായിരുന്നു. സബിത നിലവിളിച്ചതോടെയാണു മിഥുൻ മുറിയിലെത്തിയതും കുത്തേറ്റതും. കത്തിയും സ്കൂട്ടറും ഓച്ചിറ പൊലീസ് കണ്ടത്തിയിട്ടുണ്ട്.