ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയ യുവാക്കളുടെ ക്രൂരമായ തമാശ മൂലം ഉണ്ടാകാമായിരുന്ന അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഇന്നലെ രാവിലെ 6.04ന് ചങ്ങൻകുളങ്ങര റെയിൽവേ ഗേറ്റിനു വടക്കു ഭാഗത്ത് ആയിരുന്നു സംഭവം. മെറ്റൽകൂനയിൽ ഇടിച്ച് ട്രെയിൻ നിൽക്കുന്നത് കാണാൻ ട്രാക്കിൽ മെറ്റലുകൾ യുവാക്കൾ കൂട്ടിയിടുകയായിരുന്നു.

ട്രാക്കിൽ കൂട്ടിയിട്ട മെറ്റൽകൂന പുലർച്ചെയെത്തിയ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിൽ. ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് കടന്നുവന്ന ട്രാക്കിലായിരുന്നു മെറ്റൽകൂന കണ്ടത്. ലോക്കോപൈലറ്റ് ഉടൻ ട്രെയിൻ നിർത്താൻ ശ്രമിച്ചെങ്കിലും ഉഗ്രശബ്ദത്തോടെ മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ചു. എമർജൻസി ബ്രേക്ക് ഉപയോഗിച്ചെങ്കിലും ഒരു കിലോമീറ്റർ ദൂരെയാണ് ട്രെയിൻ നിർത്താൻ സാധിച്ചത്.

ട്രെയിനിനുളളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ പൊലീസ് എത്തി പരിശോധിക്കുന്നതിനിടെ സംശയാസ്പദമായി കണ്ട തഴവ അനന്തകൃഷ്ണാലയത്തിൽ അനന്തകൃഷ്ണനെ (19) കസ്റ്റഡിയിലെടുക്കുകയായിരുന്നു.യുവാവിനൊപ്പമുണ്ടായിരുന്ന മണപ്പളളി ആലുംതറ വടക്കതിൽ അനന്തുഭവനത്തിൽ അനന്തു (19), തഴവ സംഗമത്ത് പുത്തൻവീട്ടിൽ അഖിൽരാജ് (18) എന്നിവർ കടന്നു കളഞ്ഞെങ്കിലും പിന്നീട് റെയിൽവേ സംരക്ഷണസേന പിടികൂടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടു പ്ലസ് വൺ വിദ്യാർഥികളും കസ്റ്റഡിയിലുണ്ട്.
ഓച്ചിറ പന്ത്രണ്ട് വിളക്ക് ഉത്സവം കാണാനെത്തിയതായിരുന്നു ഇവർ. വീട്ടിലേക്ക് പുലർച്ചെ മടങ്ങുന്ന വഴി ട്രാക്കിൽ മെറ്റലുകൾ കൂട്ടിയിട്ട ശേഷം ട്രെയിൻ ഇടിച്ചു തെറിപ്പിക്കുന്നതു കാണാൻ ട്രാക്കിനു സമീപത്ത് നിൽക്കുകയായിരുന്നു.

മെറ്റൽകൂന ഇടിച്ചുതെറിപ്പിച്ച് ട്രെയിൻ നിന്നതോടെ പരിഭ്രാന്തരായതിനാൽ ഓടാൻ കഴിയാതെ നിൽക്കുമ്പോഴാണ് പൊലീസ് ഒരാളെ പിടികൂടിയത്. സംഭവത്തെ തുടർന്ന് 31 മിനിറ്റ് വൈകിയാണ് ട്രെയിൻ യാത്ര തുടർന്നത്. ആർപിഎഫ് കായംകുളം സിഐ ആർ.അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.