ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സോളാർ എനർജിക്കായുള്ള ആവശ്യം വൻതോതിൽ ഉയർന്നതായി Octopus Energy അറിയിച്ചു. ഈ മാസം മാത്രം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സോളാർ പാനൽ വിൽപ്പന 54% ആണ് വർധിച്ചത് . സാധാരണയായി ഉപയോഗിച്ചിരുന്ന 10 പാനലുകൾക്ക് പകരം 12 പാനലുകൾ ഉൾപ്പെടുത്തിയ വലിയ സിസ്റ്റങ്ങളാണ് കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്. ഹീറ്റ് പമ്പുകളുടെ വിൽപ്പന 50% മുകളിൽ വർധിച്ചപ്പോൾ ഇലക്ട്രിക് വാഹന ചാർജർ സംവിധാനങ്ങളുടെ ആവശ്യവും 20% ഉയർന്നു.

ഇതോടൊപ്പം ഹരിത വൈദ്യുതി വിതരണക്കാരനായ Good Energy കഴിഞ്ഞ മൂന്ന് മാസത്തിനിടെ സോളാർ പാനലുകളിലേക്കുള്ള താൽപ്പര്യം ഇരട്ടിയായതായി വ്യക്തമാക്കി. യുദ്ധങ്ങളും ആഗോള ഇന്ധന വിപണിയും കുടുംബങ്ങളെ ബാധിക്കുന്ന സാഹചര്യത്തിൽ വീടുകൾ തന്നെ സ്വന്തം വൈദ്യുതി നിലയങ്ങളാകാനുള്ള ശ്രമമാണ് ശക്തമാകുന്നതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സോളാർ, സ്റ്റോറേജ്, ഹീറ്റ് പമ്പ് എന്നിവയിലൂടെ ദീർഘകാല വൈദ്യുതി ചെലവ് കുറയ്ക്കാനും ഊർജ്ജസുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെ, പ്ലഗ്-ഇൻ സോളാർ കിറ്റുകൾക്ക് അനുമതി നൽകുകയും 2028 മുതൽ പുതിയ വീടുകളിൽ സോളാർ പാനലുകൾ നിർബന്ധമാക്കാനുമുള്ള നീക്കങ്ങൾ യുകെ സർക്കാർ ആരംഭിച്ചിട്ടുണ്ട്. Electrify Britain പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സോളാർ സംവിധാനങ്ങളും ഹീറ്റ് പമ്പുകളും ഉപയോഗിക്കുന്ന വീടുകൾക്ക് ഇന്ധനവില വർധനയുടെ ആഘാതം വളരെ കുറഞ്ഞിരിക്കും. 2035ഓടെ ഗ്യാസ്, എണ്ണവില 30% ഉയർന്നാലും ഇത്തരം വീടുകളിൽ വൈദ്യുതി ബിൽ വെറും 1.7% മാത്രമേ വർധിക്കൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.











Leave a Reply