ഭുവനേശ്വര്‍: മല തുരന്ന് റോഡ് നിര്‍മിച്ച ദശരഥ് മാഞ്ചിയെ അറിയില്ലേ? മാഞ്ചിയുടെ 22 വര്‍ഷത്തെ കഠിനപ്രയത്‌നത്തിനു മുന്നില്‍ മല തോറ്റ കഥ സിനിമയുമായി. അതേ പാതയില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കാട് തെളിച്ച് ഒറ്റക്ക് പാതയുണ്ടാക്കിയിരിക്കുകയാണ് ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലെ ഗുംസാഹി സ്വദേശിയായ ജലന്ധര്‍ നായക്. ഗുംസാഹിയിലെ കാട്ടുപാത കടന്ന് സ്‌കൂളിലേക്ക് പോകുന്നത് കുട്ടികള്‍ക്ക് ദുഷ്‌കരമാണ്. ഇതേതുടര്‍ന്നാണ് ഏതാണ്ട് 8 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള മലമ്പാത ജലന്ധര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജലന്ധറിന്റെ ഏതാണ്ട് രണ്ടു വര്‍ഷത്തെ പ്രയത്‌നം കൊണ്ടാണ് ഈ പാത നിര്‍മ്മിക്കപ്പെട്ടത്.
ഗ്രാമത്തിലെ പച്ചക്കറി വില്‍പ്പനയാണ് ജലന്ധര്‍ നായിക്കിന്റെ ഉപജീവന മാര്‍ഗം. റോഡ് നിര്‍മ്മിക്കാനായി ഒരു ദിവസം ഏതാണ്ട് 8 മണിക്കൂറോളം ഇദ്ദേഹം ചെലവഴിച്ചു. തന്റെ ഗ്രാമമായ ഗുംസാഹിയെ ഫുല്‍ബാനി നഗരത്തിലെ പ്രധാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് ജലന്ധര്‍ നിര്‍മ്മിച്ച പുതിയ പാത. ഇതുപയോഗിച്ച് ഗ്രാമത്തിലെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ സ്‌കൂളിലെത്താന്‍ കഴിയും. രണ്ടു വര്‍ഷത്തെ ജലന്ധറിന്റെ കഠിന പ്രയത്‌നം ഗുംസാഹിയിലെ കുട്ടികള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.
നിലവില്‍ ഈ പാത ഉപയോഗിക്കുന്നത് ജലന്ധറിന്റെ കുട്ടികള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ ഗ്രാമം വാസയോഗ്യമല്ലെന്ന് കണ്ട് ഗ്രാമത്തിലെ പലരും അവിടെ നിന്ന് പലായനം ചെയ്തിരുന്നു. എന്നാല്‍ ജലന്ധറും കുടുംബവും മാറി താമസിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതേസമയം നിലവിലുണ്ടായിരുന്ന പാത സഞ്ചാരയോഗ്യമാക്കുകയാണ് ജലന്ധര്‍ ചെയ്തതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അവകാശവാദം.
Leave a Reply