ആരാധകര്‍ ഏറെ കാത്തിരുന്ന മോഹന്‍ലാല്‍- ശ്രീകുമാര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിന് വേണ്ടി 18 കിലോ തൂക്കമാണ് മോഹന്‍ലാല്‍ കുറച്ചിരിക്കുന്നത്. 51 നാള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്.

1950 നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയില്‍ ചിത്രീകരിക്കുക. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്.

ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. മഞ്ജു വാരിയരാണ് നായിക. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവ് ആണ് കലാസംവിധായകന്‍. അടുത്ത വര്‍ഷം മാര്‍ച്ച് 30ന് ചിത്രം തിയേറ്ററുകളിലെത്തും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.


പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം ‘ഒടിയന്‍’ ചിത്രീകരണം പുനരാരംഭിക്കും.