ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
മെയ് 6-ാം തീയതി ശനിയാഴ്ച നടന്ന ചാൾസ് രാജാവിന്റെയും കാമില രാജ്ഞിയുടെയും കിരീടധാരണത്തിന്റെ ഔദ്യോഗിക ഫോട്ടോകൾ പുറത്തുവന്നു. 2005 -ൽ ഇരുവരുടെയും വിവാഹ ഫോട്ടോകളുടെ ചിത്രങ്ങൾ എടുത്ത പ്രശസ്ത ഫോട്ടോഗ്രാഫർ ഹ്യുഗോ ബർണാഡ് തന്നെ ആണ് കിരീടധാരണത്തിന്റെയും ഔദ്യോഗിക ഫോട്ടോകൾ എടുത്തത് എന്ന പ്രത്യേകതയുമുണ്ട്. കിരീട ധാരണ ചടങ്ങിന് തൊട്ടു പിന്നാലെയാണ് രാജകീയ ദമ്പതികളെ അവരുടെ എല്ലാവിധ രാജകീയ വസ്ത്രങ്ങളോടും കിരീടത്തോടും കൂടി ഫ്രെയിമിൽ പകർത്തിയിരിക്കുന്നത്.
ഇതോടൊപ്പം രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ഗ്രൂപ്പ് ഫോട്ടോകളും എടുത്തിരുന്നു . ബക്കിംഗ്ഹാം കൊട്ടാരത്തിലെ ത്രോൺ റൂമിലും ഗ്രീൻ ഡ്രോയിങ് റൂമിലും വച്ചാണ് ചിത്രങ്ങൾ പകർത്തിയത്. രാജകീയ പരമാധികാരത്തിന്റെ ചിഹ്നമായ രാജകിരീടവും ചെങ്കോലും ധരിച്ചുള്ള ചാൾസ് രാജാവിൻറെ ചിത്രമാണ് പുറത്തു വന്നിരിക്കുന്നത് . 1902 -ലെ എഡ്വേർഡ് ഏഴാമൻ രാജാവിൻറെ കിരീടധാരണ വേളയിൽ ഉപയോഗിക്കാനായി പ്രത്യേകമായി നിർമ്മിച്ച സിംഹാസനത്തിൽ ചാൾസ് രാജാവ് ഇരിക്കുന്നതായാണ് ഫോട്ടോയിൽ ഉള്ളത്. കഴിഞ്ഞവർഷം പാർലമെൻറിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത ചടങ്ങിലും ഇതേ കസേരകൾ തന്നെയാണ് രാജാവും രാജ്ഞിയും ഉപയോഗിച്ചിരുന്നത്.
ക്യൂൻ മേരിയുടെ കിരീടത്തോടുകൂടിയാണ് രാജ്ഞിയെ ചിത്രീകരിച്ചിരിക്കുന്നത്. കിരീട ധാരണ ചടങ്ങുകൾ ഇത്രയും മനോഹരമാക്കിയതിന് ചാൾസ് രാജാവ് തന്റെയും രാജ്ഞിയുടെയും ഹൃദയംഗമമായ നന്ദി പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടന്റെയും കോമൺവെൽത്ത് രാജ്യങ്ങളുടെയും ജനങ്ങളുടെ ഉന്നമനത്തിനായി താനും രാജ്ഞിയും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വയ്ക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രൗഢഗംഭീരമായ കിരീട ധാരണ ചടങ്ങുകളിൽ പങ്കെടുക്കാൻ ലോകമെങ്ങും നിന്ന് രാജ്യ തലവന്മാർ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ എത്തിച്ചേർന്നിരുന്നു. കിരീടധാരണത്തിന്റെ തത്സമയ പ്രക്ഷേപണം ബ്രിട്ടനിൽ മാത്രം 20 ദശലക്ഷത്തിലധികം പേരാണ് ടിവിയിൽ കണ്ടത്.
Leave a Reply