വിദ്യാര്‍ത്ഥികളുടെ ക്ഷേമവും മാനസികാരോഗ്യവും സ്‌കൂളുകള്‍ ഉറപ്പുവരുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പുതിയ അസസ്‌മെന്റ് സംവിധാനം പരിഗണനയിലെന്ന് ഓഫ്‌സ്റ്റെഡ് അടുത്ത മാസം ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് സ്‌കൂള്‍സ്, അമാന്‍ഡ് സ്പീല്‍മാന്‍ പുറത്തുവിടാനിരിക്കുന്ന ഇന്‍സ്‌പെക്ഷന്‍ ഫ്രെയിംവര്‍ക്കിലാണ് ഈ നിര്‍ദേശമുള്ളത്. പേഴ്‌സണല്‍ ഡെവലപ്‌മെന്റ് എന്ന പുതിയ കാറ്റഗറി അനുസരിച്ച് കുട്ടികളുടെ മാനസികാരോഗ്യവും മറ്റും സംരക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന് സ്‌കൂളുകള്‍ വ്യക്തമാക്കണം. ഈ സംവിധാനത്തിന് രൂപം നല്‍കാന്‍ ഓഫ്‌സ്റ്റെഡ് അടുത്തിടെ മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ക്ലാസ് മുറികളിലെ മാനസികാരോഗ്യ പ്രതിസന്ധി ആശങ്ക ഉയര്‍ത്തുന്നതാണെന്ന് 40 ചാരിറ്റികളും ക്യാംപെയിന്‍ ഗ്രൂപ്പുകളും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സ്പീല്‍മാനോട് ഇവര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യംഗ് മൈന്‍ഡ്‌സ്, ദി പ്രിന്‍സസ് ട്രസ്റ്റ്, ബ്രിട്ടീഷ് സൈക്കോളജിക്കല്‍ സൊസൈറ്റി, റോയല്‍ കോളേജ് ഓഫ് സൈക്യാട്രിസ്റ്റ്‌സ്, ബര്‍ണാഡോസ്, എന്‍എസ്പിസിസി തുടങ്ങിയവയും സ്പീല്‍മാന് അയച്ച കത്തില്‍ ഒപ്പുവെച്ചിരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മുന്‍ഗണനാക്രമം തന്നെ തെറ്റാണെന്ന് യംഗ് മൈന്‍ഡ്‌സ് ക്യാംപെയിന്‍സ് ഡയറക്ടര്‍ ടോം മാഡേഴ്‌സ് പറഞ്ഞു. പരീക്ഷകള്‍ക്കാണ് ഇതില്‍ പ്രാമുഖ്യം. ഇത് കുട്ടികളെ ബാധിക്കുന്നുണ്ട്. നിങ്ങള്‍ വൈകാരികമായി മോശം അവസ്ഥയിലാണെങ്കില്‍ എന്തെങ്കിലും പഠിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. പാഠ്യവിഷയങ്ങള്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കേണ്ടതെന്നാണ് മിക്ക അധ്യാപകരും കരുതുന്നത്.
അത് അവരുടെ ജോലിയുടെ ഭാഗമെന്ന നിലയില്‍ ചെയ്യുകയാണ്. കുട്ടികളുടെ ക്ഷേമം എന്നത് ഇതിന്റെ പരിധിയില്‍ വരുന്നില്ല. അധ്യാപകര്‍ ആഴ്ചയില്‍ ശരാശരി 4.5 മണിക്കൂറുകള്‍ മാത്രമാണ് കുട്ടികളുടെ മാനസികാരോഗ്യവും ക്ഷേമവും പോലെയുള്ള കാര്യങ്ങള്‍ പരിഗണിക്കാറുള്ളതെന്ന് 6000 അധ്യാപകരില്‍ നടത്തിയ സര്‍വേ പറയുന്നു. കുട്ടികളുടെ പാഠ്യവിഷയങ്ങളിലുള്ള പ്രകടനത്തിലാണ് വിദ്യാഭ്യാസ സമ്പ്രദായം കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതെന്ന് 93 ശതമാനം അധ്യാപകരും വിശ്വസിക്കുന്നതായും യംഗ് മൈന്‍ഡ്‌സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു.
Leave a Reply