വിശാഖ് എസ് രാജ്‌ , മലയാളം യുകെ ന്യൂസ് ടീം

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ബുധനാഴ്ച്ച തുടങ്ങാനിരിക്കെ എല്ലാവരും ഉറ്റുനോക്കുന്നത് രോഹിത് ശർമയിലേയ്ക്കാണ്. ടെസ്റ്റ് ഓപ്പണറായുള്ള രോഹിതിന്റെ അരങ്ങേറ്റം എങ്ങനെയുണ്ടാകുമെന്ന ആകാംഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.

ലോകേഷ് രാഹുൽ ടെസ്റ്റിൽ തുടർച്ചയായി പരാജയപ്പെടുകയും ടീമിൽ നിന്ന് പുറത്താകുകയും ചെയ്തതാണ് രോഹിത് ശർമ്മയുടെ ടെസ്റ്റ് ക്രിക്കറ്റിലേയ്ക്കുള്ള തിരിച്ചു വരവ് സാധ്യമാക്കിയത്. ടെസ്റ്റിൽ അഞ്ചാം നമ്പറിലാണ് ഈ വലംകൈയ്യൻ ബാറ്റ്‌സ്മാൻ ഇതിന് മുൻപ് ബാറ്റ് ചെയ്തുകൊണ്ടിരുന്നത്. അജിങ്കെ രഹാനെയും ഹനുമാ വിഹാരിയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളിലൂടെ മധ്യനിരയിലെ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചപ്പോൾ രോഹിതിന് വളരെ കാലം ടീമിന് പുറത്തിരിക്കേണ്ടി വന്നു. ഓപ്പണറായുള്ള സ്ഥാനക്കയറ്റമാണ് രോഹിതിന്റെ ഏകദിന കരിയർ മാറ്റി മറിച്ചത്. അത്തരത്തിലുള്ള പ്രകടനം ടെസ്റ്റ് മത്സരങ്ങളിലും പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഈ മുംബൈക്കാരൻ.

എന്നാൽ ദക്ഷിണാഫ്രിക്കക്കയ്ക്ക് എതിരെ കഴിഞ്ഞ ദിവസം നടന്ന ത്രിദിന പരിശീലന മത്സരത്തിൽ രോഹിത് പൂജ്യത്തിന് പുറത്തായത് രോ-ഹിറ്റ്-മാൻ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. സ്വിങ് ചെയ്യുന്ന പന്തുകൾ കളിക്കുന്നതിലെ പോരായ്മയാണ് പലപ്പോഴും രോഹിതിനെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് അകറ്റി നിർത്തിയത്. പന്തിന്റെ സ്വിങ് ഏത് ദിശയിലേയ്ക്കാണെന്ന് തിരിച്ചറിയുന്നതിൽ രോഹിത് നിരന്തരമായി പരാജയപ്പെടുന്നു. ഏകദിനങ്ങളിൽ രോഹിത് ഏറ്റവും കുറവ് റൺ എടുത്തിട്ടുള്ളത് ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കെതിരെ ആണ്. ട്രെന്റ് ബോൾട്ട് , രാബാദ പോലുള്ള മികച്ച സ്വിങ് ബൗളർമാരുടെ പന്തുകളിൽ അദ്ദേഹം നിലയുറപ്പിക്കാൻ പാടുപെടുന്നു. ആദ്യ പത്ത് ഓവറുകൾക്കുള്ളിൽ പുറത്താകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനത്തേയ്ക്ക് വരുമ്പോൾ മുൻപത്തേതിലും വലിയ പ്രതിസന്ധികളാകും രോഹിതിനെ കാത്തിരിക്കുന്നത്. പഴകും തോറും പന്തിന്റെ സ്വിങ് കുറയുകയാണ് ചെയ്യുക. അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യാനെത്തുന്ന ബാറ്റ്സ്മാനെ സംബന്ധിച്ച് സ്വിങ് കാര്യമായ വെല്ലുവിളിയല്ല. എന്നാൽ ഓപ്പണിങ് ബാറ്റസ്മാന്റെ കാര്യം അങ്ങനെയല്ല. ന്യൂ ബോളിന് വേഗതയും സ്വിങ്ങും കൂടുതലായിരിക്കും. എത്ര വലിയ ബാറ്റ്‌സ്മാൻ ആണെങ്കിലും , എത്ര നല്ല ബാറ്റിങ് പിച്ച് ആണെങ്കിലും ആദ്യത്തെ കുറച്ചു ഓവറുകൾ അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. ആ വെല്ലുവിളി രോഹിത് എങ്ങനെ ഏറ്റെടുക്കുമെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

മറ്റൊന്ന് അദ്ദേഹം പുറത്താകുന്ന രീതിയാണ്. കുറച്ചധികം ഡോട്ട് ബോളുകൾ ഉണ്ടായാൽ രോഹിത് സമ്മർദത്തിന് അടിപ്പെടുകയും തുടർന്ന് അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താകുകയും ചെയ്യുന്നു. കോഹ്ലിയെപ്പോലെ സിംഗിളുകളിലൂടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്ന ബാറ്റിങ് രീതിയല്ല രോഹിതിന്റേത്. പലപ്പോഴും ക്ഷമ നശിച്ച് വിക്കറ്റ് വലിച്ചെറിയുന്ന രോഹിത് ശർമയെയാണ് നമ്മുക്ക് കാണാനാകുക.

പ്രതിഭയുടെ കാര്യത്തിൽ രോഹിത് ശർമയെ ആരുംതന്നെ സംശയിക്കില്ല. മൂന്ന് ഏകദിന ഡബിൾ സെഞ്ചുറികളും നാല് ട്വന്റി ട്വന്റി സെഞ്ചുറികളും ഉള്ള ഒരു കളിക്കാരന്റെ കഴിവിനെ കുറച്ചു കാണേണ്ട കാര്യമില്ല. പരിമിത ഓവർ മത്സരങ്ങളുടെ കാര്യമെടുത്താൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച അഞ്ച് കളിക്കാരിൽ ഒരാൾ രോഹിത് ശർമ്മ ആയിരിക്കും. വിരമിച്ച മുൻതാരങ്ങളെല്ലാം രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തണം എന്ന് നിരന്തരം ഓർമ്മിപ്പിക്കുന്നതിന് കാരണം ക്രിക്കറ്റിന്റെ മൂന്ന് ഫോമാറ്റിലും ആ പ്രതിഭ അടയാളപ്പെടണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ്. എന്നാൽ അതേ രോഹിത് ശർമ്മയുടെ ടെസ്റ്റ് മത്സരങ്ങളിലെ ശരാശരി 39.5 ശതമാനം മാത്രമാണ്. പ്രതിഭയുടെ നിഴൽ മാത്രമായ സംഖ്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പര അദ്ദേഹത്തിന്റെ പ്രതിഭ തേച്ചു മിനുക്കിയെടുക്കുന്നതിനുള്ള ഉത്തമ വേദിയാകുമെന്ന് പ്രതീക്ഷിക്കാം.