അപ്പച്ചൻ കണ്ണഞ്ചിറ
ബോൾട്ടൻ: യു കെ യിലെ പ്രവാസി കോൺഗ്രസ്സുകാരുടെ ചിരകാല അഭിലാഷം സഫലമാക്കിയും,അഭിമാനം ഉയർത്തിയും ബോൾട്ടണിൽ ഒ ഐ സി സി ക്കു ആസ്ഥാന മന്ദിരവും അതിനോടനുബന്ധിച്ചു ഇന്ദിരാ പ്രിയദർശിനി ലൈബ്രറിയും ആരംഭിച്ചു. ജനകീയ സമരനായകനും, യുവ നിയമസഭാ സാമാജികനും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയാണ് ആസ്ഥാന മന്ദിരവും, ലൈബ്രറിയും ഉദ്‌ഘാടനം ചെയ്തത്. കൊടിതോരണങ്ങളാൽ അലങ്കരിച്ച വീഥിയിലൂടെ മുദ്രാവാക്യം മുഴക്കിയും, വാദ്യമേളങ്ങളുടെ അകമ്പടിയോടെയും അത്യാവേശത്തിലാണ് യൂത്ത് കോൺഗ്രസിന്റെ അമരക്കാരനെ ബോൾട്ടനിലേക്ക് സ്വീകരിച്ച് ആനയിച്ചത്. വിവിധയിടങ്ങളിൽ നിന്നും രാഹുലിനെ വരവേൽക്കാനും അഭിമാന നിമിഷത്തിനു സാക്ഷ്യം വഹിക്കുവാനും വൻ ജനാവലിയാണ് ബോൾട്ടനിലേക്ക് ഒഴുകിയെത്തിയത്.
തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ആരംഭിച്ച ചടങ്ങിൽ പ്രോഗ്രാം കോർഡിനേറ്ററും ഒ ഐ സി സി (യു കെ) വക്താവുമായ റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ‘യൂത്ത് കോൺഗ്രസിനായി ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം യാഥാർഥ്യമാക്കുവാൻ തനിക്കിതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരത്തിലൊരു മനോഹരമായ ഓഫീസും ലൈബ്രറിയും യു കെയിൽ സാക്ഷാത്കരിച്ച ഒ ഐ സി സി നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല’യെന്നും ഉദ്ഘാടന പ്രസംഗത്തിൽ രാഹുൽ പറഞ്ഞു.
ഒ ഐ സി സി (യു കെ) വർക്കിങ്ങ് പ്രസിഡന്റുമാരായ ബേബിക്കുട്ടി ജോർജ്, മണികണ്ഠൻ ഐക്കാട്, ജനറൽ സെക്രട്ടറിമാരായ അജിത് വെണ്മണി, തോമസ് ഫിലിപ്പ്, നാഷണൽ ട്രഷറർ ബിജു വർഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിനോടാനുബന്ധിച്ചു നടത്തിയ പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ് ബോൾട്ടൻ ഗ്രീൻ പാർട്ടി പ്രതിനിധിയും, മുൻ ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനും, ജീവകാരുണ്യ പ്രവർത്തകനുമായ ഫിലിപ്പ് കൊച്ചിട്ടിക്ക് നൽകികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ വിതരണോൽഘാടനം നിർവഹിച്ചു.
ഒ ഐ സി സി (യു കെ) പുതിയതായി രൂപീകരിച്ച ബോൾട്ടൻ, ആക്റിങ്ട്ടൻ, ഓൾഡ്ഹാം, പീറ്റർബൊറോ, ലിവർപൂൾ, ബ്ലാക്ക്പൂൾ എന്നീ യൂണിറ്റുകളുടെ ഇൻസ്റ്റലേഷനും, ഭാരവാഹികൾക്കുള്ള ചുമതലാപത്രവും പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണോദ്ഘാടനവും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, നാഷണൽ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.
ഒ ഐ സി സിക്ക് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടനിൽ യാഥാർഥ്യമായത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കിയ പ്രിയദർശിനി ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ ശ്രേണികളിലുള്ള പുസ്തകങ്ങൾ, കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ എന്നിവ ഒരുക്കിയിട്ടുണ്ട്.
Leave a Reply