ലണ്ടന്‍: 5 പൗണ്ടിന്റെ പഴയ പേപ്പര്‍ നോട്ടുകള്‍ ഇന്നു കൂടി മാത്രമേ ഉപയോഗിക്കാനാകൂ. ജയില്‍ പരിഷ്‌കര്‍ത്താവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായിരുന്ന എലിസബത്ത് ഫ്രൈയുടെ ചിത്രത്തോടു കൂടിയ നോട്ടുകള്‍ക്ക് നാളെ മുതല്‍ മൂല്യമുണ്ടാകില്ലെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. പകരം പുതിയ പ്ലാസ്റ്റിക് നോട്ടുകളായിരിക്കും ഇനി വിപണിയില്‍ ഉണ്ടാകുക. ഇത്തരം നോട്ടുകള്‍ ബാങ്കുകളിലോ പോസ്റ്റ് ഓഫീസുകളിലോ നല്‍കി പുതിയ നോട്ടുകള്‍ വാങ്ങാവുന്നതാണ്. നോട്ട് നിരോധനം പ്രഖ്യാപിച്ചതു മുതല്‍ 50 ശതമാനത്തിലേറെ നോട്ടുകള്‍ തിരികെ എത്തിയിട്ടുണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

150 മില്യന്‍ നോട്ടുകള്‍ ഇപ്പോളും പ്രചാരത്തിലുണ്ടെന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശനിയാഴ്ച മുതല്‍ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും ഈ നോട്ടുകള്‍ സ്വീകരിക്കില്ല. നാളെ മുതല്‍ ബാങ്കുകളിലും ഇവ മാറി ലഭിക്കില്ലെന്നാണ് വിവരം. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് അതാത് ബ്രാഞ്ചുകളില്‍ നോട്ടുകള്‍ മാറി നല്‍കുമെന്ന് ചില ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. നിരോധിച്ച 5 പൗണ്ട് നോട്ടുകളും ഒരു പൗണ്ട് നാണയങ്ങളും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് അവസരമുണ്ടെന്ന് ബാര്‍ക്ലേയ്‌സ് ബാങ്ക് വക്താവ് അറിയിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ നോട്ടുകള്‍ എപ്പോള്‍ വേണമെങ്കിലും മാറ്റി നല്‍കും. എല്ലാ നോട്ടുകള്‍ക്കും അവയുടടെ മൂല്യം എല്ലാക്കാലത്തും ഉണ്ടായിരിക്കും. ചില സമയത്ത് ചില നോട്ടുകള്‍ പിന്‍വലിക്കാറുണ്ട്. ഇവ മാറ്റി നല്‍കാന്‍ മറ്റു ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തയ്യാറായില്ലെങ്കിലും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഓഫീസുകളില്‍ എപ്പോള്‍ വേണമെങ്കിലും ഇവ മാറ്റി പുതിയ നോട്ടുകള്‍ നല്‍കുമെന്ന് സെന്‍ട്രല്‍ ബാങ്ക് വക്താവ് അറിയിച്ചു. നേരിട്ടെത്തിയോ തപാലില്‍ അയച്ചോ ഇവ മാറാവുന്നതാണ്. വലിയ തുകകള്‍ മാറുമ്പോള്‍ നിങ്ങളുടെ ഐഡന്റിറ്റി തെളിയിക്കണം എന്നത് മാത്രമാണ് നിബന്ധന.