തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ എണ്‍പത്തിയേഴു വയസുകാരി കൊല്ലപ്പെട്ടത് കലഹത്തിനിടെ തല ഭിത്തിയില്‍ ഇടിച്ചപ്പോഴെന്ന് ഭര്‍ത്താവിന്റെ മൊഴി. കൊലയ്ക്കുശേഷം മൃതദേഹം തീവച്ചു നശിപ്പിച്ചു. തൊണ്ണൂറ്റിരണ്ടുകാരനായ ഭര്‍ത്താവ് ഭാര്യയുടെ ആഭരണം കുഴിച്ചിട്ടതായും സമ്മതിച്ചു.
തൃശൂര്‍ വെള്ളിക്കുളങ്ങര സ്വദേശിനിയായ എണ്‍പത്തിയേഴുകാരി കൊച്ചുത്രേസ്യയെ കാണാനില്ലെന്ന് കാട്ടി മക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
ഓട്ടോറിക്ഷയില്‍ കയറി പോകുന്നതു കണ്ടെന്നാണ് ഭര്‍ത്താവ് ചെറിയക്കുട്ടി മക്കളോടും പൊലീസിനോടും പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍.സന്തോഷ് എത്തി ചെറിയക്കുട്ടിയെ ചോദ്യംചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് വീടിന്റെ മുകളിലത്തെ നിലയില്‍വച്ച് വാക്കേറ്റവും ബഹളവും ഉണ്ടായി. കയ്യാങ്കളിക്കിടെ കൊച്ചുത്രേസ്യയുടെ തല ഭിത്തിയിലിടിച്ചു. തലയുടെ പുറകില്‍ ആഴത്തില്‍ മുറിവുണ്ടായി.
ബോധരഹിതയായതിന് പിന്നാലെ മരിച്ചു. മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് ടെറസിലേക്ക് കൊണ്ടുവന്നു. പിറ്റേന്നു രാവിലെ മൃതദേഹം താഴേയ്ക്കിട്ടു. ചിരട്ടയും വിറകുമിട്ട് കത്തിച്ചു.
അതേസമയം, 92 വയസുള്ള ഒരാള്‍ ഭാര്യയെ കൊന്ന് കത്തിക്കുമോയെന്നാണ് നാട്ടുകാരുടെ സംശയം. സംഭവം നടന്നത് മുകളിലത്തെ നിലയിലായതിനാല്‍ മൃതദേഹം താഴേയ്ക്കിടാന്‍ പ്രതിക്കു ഒറ്റയ്ക്കു കഴിഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം. തലയോട്ടിയുടെ ചെറിയ ഒരു ഭാഗം ഒഴിച്ച് ബാക്കിയെല്ലാം ചാരമായി. ഭിത്തിയിലെ രക്തക്കറയും മുടിയിഴകളും മാത്രമാണ് ശാസ്ത്രീയ തെളിവ്. പിന്നെ, മണ്ണില്‍ കുഴിച്ചിട്ട ആഭരണവും.
Leave a Reply