പെറ്റി അടയ്ക്കാത്തതിന് പൊലീസ് മൂന്നു വയസ്സുകാരി മകളെ കാറില്‍ പൂട്ടിയിട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ബാലരാമപുരം പൊലീസിനെതിരെയാണ് ആരോപണം. നെയ്യാറ്റിന്‍കര സ്വദേശികളായ ഷിബുകുമാറും ഭാര്യ അഞ്ജനയുമാണ് പൊലീസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ഫെബ്രുവരി 23 ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ധനുവച്ചപുരത്ത് നിന്ന് കലാപ്രവര്‍ത്തകര്‍ കൂടിയായ ഷിബുകുമാറും ഭാര്യയും മൂന്ന് വയസ്സുകാരിയായ മകളും കാറില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലരാമപുരത്തിന് തൊട്ടുമുമ്പ്, വാഹനവേഗത പരിശോധിക്കുന്ന ഇന്‍റര്‍സെപ്ടര്‍ വാഹനത്തിലുണ്ടായ പൊലീസുദ്യോഗസ്ഥര്‍ ഷിബുകുമാറിന്‍റെ വാഹനം തടഞ്ഞു നിര്‍ത്തി. അമിതവേഗത്തിന് 1500 രൂപ പിഴ വേണമെന്നായിരുന്നു ആവശ്യം. എന്നാല്‍ കൈയില്‍ പണമില്ലെന്ന് അറിയിച്ചെങ്കിലും പൊലീസ് കൂട്ടാക്കിയില്ല. പണമടച്ചാലെ പോകാന്‍ അനുവദിക്കുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.
ഗാനമേളയ്ക്ക് സംഗീത ഉപകരണം വായിക്കുന്ന ഷിബുവിനും ഗായികയായ അഞ്ജന സുരേഷിനും ഒന്നര വര്‍ഷത്തിലേറെയായി കോവിഡ് കാരണം വരുമാനം ഇല്ലാതായത് പറഞ്ഞെങ്കിലും ഒഴിവാക്കിയില്ല. ഒടുവില്‍ ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ പോകുന്ന മറ്റ് വാഹനങ്ങളുടെ കാര്യം പൊലീസുദ്യോഗസ്ഥനോട് പറഞ്ഞതോടെ ഷിബുവിനെ മര്‍ദ്ദിക്കാനൊരുങ്ങി. ഇത് കണ്ട് ഷിബുവിന്‍റെ ഭാര്യ കാറിന്‍റെ പുറത്തിറങ്ങി ഫോണില്‍ വീഡിയോ ചിത്രീകരിച്ചു.
പിന്‍സീറ്റിലിരുന്ന കുട്ടി കരയുന്നുണ്ടായിരുന്നിട്ടും തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. പിന്നീട് പണം കടം വാങ്ങി പിഴ അടച്ചതിനു ശേഷമാണ് പോവാന്‍ അനുവദിച്ചത്.
പൊലീസിന്റെ മോശം പെരുമാറ്റത്തിന് ഇരയായ ദമ്പതികള്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
അതേസമയം കുഞ്ഞിനെ കാറില്‍ പൂട്ടിയിട്ട പൊലീസ് നടപടിക്ക് എതിരെ പരാതി കിട്ടിയാല്‍ നടപടി എടുക്കുമെന്ന് ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
Leave a Reply