ന്യൂസ് ഡെസ്ക്, മലയാളം യുകെ
അധിക്ഷേപകരമായ സന്ദേശങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കു വച്ചതിന് ഒരു എംപി യ്ക്കെതിരെ കൂടി ലേബർ പാർട്ടി നടപടി സ്വീകരിച്ചു. ബേൺലി എംപി ഒലിവർ റയാനെ സംഭവത്തിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കി. തൻറെ സമൂഹമാധ്യമത്തിലെ ഇടപെടലിനെ കുറിച്ച് മാപ്പ് ചോദിച്ച് ഇന്നലെ അദ്ദേഹം രംഗത്ത് വന്നിരുന്നു. അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചതിന് ഹെൽത്ത് മിനിസ്റ്റർ ആൻഡ്രൂ ഗ്വിനെ പുറത്താക്കിയിരുന്നു . മറ്റൊരു എംപിയെയും അധിക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ പുറത്താക്കേണ്ടി വന്നതോടെ ലേബർ പാർട്ടി കൂടുതൽ പ്രതിരോധത്തിലായതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ട്രിഗർ മി ടിമ്പേഴ്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശങ്ങളിൽ റയാൻ ഒരു ലേബർ എംപിയെ ലൈംഗികതയുടെ പേരിൽ പരിഹസിക്കുന്നതായും പ്രാദേശിക ലേബർ പാർട്ടിയുടെ വൈസ് ചെയർമാനെ അധിക്ഷേപിച്ചതായും റിപ്പോർട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ വന്ന കമൻ്റുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഒലിവർ റയാനെ ലേബർ പാർട്ടി അംഗമെന്ന നിലയിൽ സസ്‌പെൻഡ് ചെയ്തിട്ടുണ്ട് എന്ന് പാർട്ടി വക്താവ് പറഞ്ഞു. ഈ ഗ്രൂപ്പ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ ഉടൻ സമഗ്രമായ ഒരു അന്വേഷണം ആരംഭിച്ചതായും പാർട്ടിയുടെ നിയമങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് നടപടികൾ ഉണ്ടാകുമെന്നും വക്താവ് പറഞ്ഞു.
ലേബർ പാർട്ടിക്ക് വോട്ട് ചെയ്യാത്ത പ്രായമായ ആൾ അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുൻപ് മരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആൻഡ്രൂ ഗ്വിൻ്റെ കമൻറ് ആണ് വൻ വിവാദങ്ങൾക്ക് കാരണമായത്. ഇതുകൂടാതെ വംശീയവിദ്വേഷം കലർന്ന സന്ദേശവും ഇദ്ദേഹം പോസ്റ്റ് ചെയ്തതായുള്ള വിവരങ്ങളും പുറത്തുവന്നു. 72 വയസ്സുള്ള ഒരു സ്ത്രീ പ്രാദേശിക കൗൺസിലർക്ക് തൻ്റെ പ്രദേശത്തെ ബിൻ ശേഖരണത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ട് എഴുതിയ കത്താണ് ആൻഡ്രൂ ഗ്വിനിനെ പ്രകോപിപ്പിച്ചത് . ഇതു കൂടാതെ ജൂത വംശജർ ചാര സംഘടനയിലെ അംഗങ്ങൾ ആണെന്ന തരത്തിലുള്ള കമന്റുകളും ഒട്ടേറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു. ഏഞ്ചല റെയ്‌നറെ കുറിച്ച് ലൈംഗികത നിറഞ്ഞ അഭിപ്രായങ്ങളും ലേബർ എംപി ഡയാൻ ആബട്ടിനെ കുറിച്ച് വംശീയ പരാമർശങ്ങളും ഗ്വിൻ പോസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.
Leave a Reply