ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ തടങ്കലിലാക്കപ്പെട്ട ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് മോചനം. ഒമര്‍അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13-ന് മോചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒമറിന്റെ മോചനം.
ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരിസാറ അബ്ദുള്ള പൈലറ്റ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയില്‍ കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി വിശദീകരണവും തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മോചനം. പൊതുസുരക്ഷാ നിയമ പ്രകാരം ഒമര്‍ അബ്ദുള്ളയെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ചൊവ്വാഴ്ച പിൻവലിച്ചതോടെയാണ് മോചനം സാധ്യമായത്.
2019 ഓഗസ്റ്റ് 5 നാണ് ഒമർ അബ്ദുള്ളയെ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് തുടർച്ചയായ 232 ദിവസം തടങ്കലിൽ. നാഷണൽ കോൺഫറൻസ് നേതാവായ അദ്ദേഹത്തെ ആദ്യഘട്ടത്തിൽ കരുതൽ കസ്റ്റഡിയിലെടുക്കുകയും തടങ്കലിലാക്കുകയുമായിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊതു സുരക്ഷാ നിയമം പ്രകാരമുള്ള കുറ്റം ചുമത്തി തടങ്കൽ നീട്ടിയത്.
അതേസമയം, മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. ഇവരെയുൾപ്പെടെ സംസ്ഥാനത്തെ നേതാക്കളെ മോചിപ്പിക്കണമെന്ന് ആവശ്യവുമായി നിരവധി ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.
Leave a Reply