ഒമിക്രോൺ വകഭേദം യുകെയിലും ഇറ്റലിയിലും ജർമ്മനിയിലും സ്ഥിരീകരിച്ചു. രണ്ട് കേസുകളാണ് യുകെയിൽ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയവരാണ്. ജർമനിയിലും രണ്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ മിലാനിലാണ് പുതിയ വകഭേദം ഒരാളിൽ സ്ഥിരീകരിച്ചത്. മൊസാംബിക്കിൽ നിന്നെത്തിയയാൾക്കാണ് രോഗബാധ.
ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 61 പേർക്ക് ഹോളണ്ടിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഒമിക്രോൺ വകഭേദത്തിനായുള്ള വിശദ പരിശോധന നടത്തും.
ഒമിക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്‍റ് അതിന്‍റെ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നവംബര്‍ ഒമ്പതിന് ശേഖരിച്ച സാമ്പിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഒമിക്രോൺ പുതിയ ഭീഷണിയാകുമെന്ന ഭീതിയിൽ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് പല രാജ്യങ്ങളും നിയന്ത്രണം ഏർപ്പെടുത്തിക്കഴിഞ്ഞു. യുകെയിൽ പുതിയ ഒമിക്രോൺ കോവിഡ് -19 വേരിയന്റിന്റെ വ്യാപനം തടയുന്നതിനായി ഇംഗ്ലണ്ടിലുടനീളം കടകളിലും പൊതു ഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു.
യുകെയിൽ എത്തുന്ന എല്ലാവരോടും പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടും. പരിശോധനാ ഫലം നെഗറ്റീവാകുന്നതുവരെ അവർ സ്വയം ഐസൊലേറ്റ് ചെയ്യേണ്ടിവരും. കടകളിലും പൊതുഗതാഗതത്തിലും ഫേസ് മാസ്കുകൾ നിർബന്ധമാക്കും. പുതിയ വേരിയന്റിനെതിരെ വാക്സിനുകൾ എത്രത്തോളം ഫലപ്രദമാകുമെന്ന് അറിയില്ലെന്ന് പ്രധാനമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
യാത്രാ വിലക്ക് ക്രിസ്മസ് എത്തുമ്പോഴേക്കും കൂടുതല്‍ രാജ്യങ്ങളിലേക്ക് ദീര്‍ഘിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സൂപ്പര്‍ വേരിയന്റിനെ ഭയന്ന് കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്കാനാണ് ബോറിസ് ജോണ്‍സണ്‍ തയ്യാറെടുക്കുന്നത്. അതേസമയം വേരിയന്റ് ചെറിയ തോതില്‍ മാത്രമാണ് വ്യാപിച്ചിട്ടുള്ളതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റി പറഞ്ഞു.
Leave a Reply