ന്യൂസ് ഡെസ്ക് മലയാളം യുകെ

ഒമിക്രോൺ വ്യാപനഭീതിയിൽ യുകെയിലെ നിരവധി സ്കൂളുകൾ ഓൺലൈൻ പഠന സംവിധാനത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചില ക്ലാസുകൾ ഇപ്പോൾതന്നെ ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് നൽകുന്നതെന്ന് 30 -തിലധികം പ്രാദേശിക ഭരണകൂടങ്ങൾ ബിബിസിയോട് പറഞ്ഞു. നിലവിലെ മാർഗ്ഗ നിർദ്ദേശമനുസരിച്ച് പുതുവത്സരത്തിലും സ്കൂളുകളിൽ ഓഫ് ലൈൻ ക്ലാസുകൾ ആണ് നടത്തപ്പെടേണ്ടത്. സ്കൂളുകളിൽ സുഗമമായ രീതിയിൽ ക്ലാസുകൾ നടത്തപ്പെടുമെന്ന് ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി അലക്സ് ബർഗാർട്ട് പറഞ്ഞു.

പക്ഷേ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും വീണ്ടും സ്കൂളുകൾ ഒരു അടച്ചുപൂട്ടൽ നേരിടേണ്ടി വരുമോ എന്ന കടുത്ത ആശങ്കയിലാണ്. പല അധ്യാപകരും രക്ഷിതാക്കളും ഓൺലൈൻ പഠന രീതിയുടെ ഫലപ്രാപ്തിയെക്കുറിച്ച് വലിയ പരാതികളാണ് ഉന്നയിക്കുന്നത്. നേരിട്ടുള്ള പഠനത്തിനു പകരം തുടർച്ചയായി ഓൺലൈൻ ക്ലാസുകളിൽ കൂടി പഠനം നടത്തുന്നത് വിദ്യാർത്ഥികളുടെ നിലവാര തകർച്ചയ്ക്ക് കാരണമാകുമെന്ന് ഭൂരിപക്ഷം അധ്യാപകരും രക്ഷിതാക്കളും കരുതുന്നു. ഓൺലൈൻ ക്ലാസുകൾ മൂലം ലാപ്ടോപ്പും മൊബൈലും ഉൾപ്പെടെയുള്ളവയുടെ തുടർച്ചയായ ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളും വലിയതോതിൽ വിദ്യാർത്ഥികൾ നേരിടേണ്ടി വരുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നേരത്തെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം സ്കൂളുകൾ അടച്ചതിനെ തുടർന്ന് ബ്രിട്ടനിൽ ഉടനീളം ഓൺലൈൻ ക്ലാസ്സുകൾ നടപ്പിലാക്കിയിരുന്നു. എന്നാൽ രോഗവ്യാപനം കുറഞ്ഞതിനെ തുടർന്ന് സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കുട്ടികൾ മുഴുവൻ സമയം അധ്യയനത്തിലേയ്ക്ക് മടങ്ങിയെത്തിയിട്ടില്ല എന്ന റിപ്പോർട്ടുകൾ രാജ്യത്തെ ഞെട്ടിച്ചിരുന്നു . സെൻറർ ഫോർ സോഷ്യൽ ജസ്റ്റിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. 93514 വിദ്യാർഥികളാണ് മുഴുവൻ സമയ വിദ്യാഭ്യാസത്തിലേയ്ക്ക് മടങ്ങിവരുന്നതിൽ പരാജയപ്പെട്ടതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

യുകെയിൽ മാസങ്ങളോളം വീട്ടിൽ ചിലവഴിച്ചതിനുശേഷം പ്രൈമറി സ്കൂളിൽ നിന്നും സെക്കൻഡറി സ്കൂളിലേക്ക് പോകുന്ന പല കുട്ടികളുടെയും പഠനനിലവാരം വളരെ മോശമാണെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. പല കുട്ടികൾക്കും വായിക്കാനും എഴുതാനും പോലും അറിയില്ല. നിലവാരമില്ലാത്ത രണ്ട് ലക്ഷത്തോളം കുട്ടികളാണ് ഉയർന്ന ക്ലാസുകളിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടി പോയത്.

യുകെയിൽ പല കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾ സംബന്ധിക്കുന്നതിന് ആവശ്യമായ കംപ്യൂട്ടറുകളുടെയും ഇന്റർനെറ്റ് സംവിധാനങ്ങളുടെയും കുറവുകളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതോടൊപ്പം ഓൺലൈൻ ക്ലാസുകൾക്കായി മണിക്കൂറോളം കമ്പ്യൂട്ടറുകളും ഫോണുകളും ഉപയോഗിക്കുന്നതു വഴി ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ബാധിച്ചേക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.