സ്റ്റീവനേജ്: യു കെ യിലെ പ്രഥമ ‘പ്ലാൻഡ് സിറ്റി’യായ സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവലിയൻ സന്ദർശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്. കേരളത്തിന്റെ തനതു കലാരൂപങ്ങൾ, ആയോധന കലകൾ, വിഭവങ്ങൾ, തൃശ്ശൂർ പൂരം, ടൂറിസം, മൂന്നാർ അടക്കം വർണ്ണ ചിത്രങ്ങൾക്കൊണ്ടു സമ്പന്നമായ സർഗം പവലിയൻ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി.
ബോസ് ലൂക്കോസ്, സോയ്‌മോൻ, മാത്യൂസ്, ആദർശ് പീതാംബരൻ, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസിൽ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്,ഷോണിത്, എമ്മാ സോയിമോൻ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദർശ്, അദ്വ്യത ആദർശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാൽമകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് ‘മെയിൻ അരീന’യിൽ ഒത്തു കൂടിയ നൂറു കണക്കിന് കാണികൾ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ചെണ്ടമേളം ആസ്വദിക്കുകയും, തുടർന്ന് ആവേശം ഉൾക്കൊണ്ട സ്റ്റീവനേജ് മേയർ, കൗൺസിലർ ജിം ബ്രൗൺ പവലിയൻ സന്ദർശിക്കുകയും ചെണ്ട വാങ്ങി മിനിറ്റുകളോളം താളാല്മകമായിത്തന്നെ കൊട്ടി ആനന്ദിക്കുകയും ചെയ്തു. പവലിയനിൽ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കൻ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു.
ടെസ്സി ജെയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വർഗ്ഗീസ്, ശാരിക കീലോത് എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്‌ളാസ്സിക്കൽ ഡാൻസ് വേദിയെ ആകർഷകമാക്കി. നിറകയ്യടിയോടെയാണ് കാണികൾ കേരള നൃത്തത്തെ സ്വീകരിച്ചത്.
അപ്പച്ചൻ കണ്ണഞ്ചിറ,ഹരിദാസ് തങ്കപ്പൻ, നന്ദു കൃഷ്ണൻ, ജെയിംസ് മുണ്ടാട്ട്, പ്രവീൺകുമാർ തോട്ടത്തിൽ, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിൻസൺ അടക്കം സർഗ്ഗം കമ്മിറ്റി ലീഡേഴ്‌സ് നേതൃത്വം നൽകി.
‘സർഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷൻ’ സംഘാടകരുടെ പ്രത്യേക പ്രശംസകൾ ഏറ്റുവാങ്ങി. ‘സർഗം കേരളാ പവിലിയൻ’ സന്ദർശകർക്ക് പാനീയങ്ങളും സ്നാക്‌സും വിതരണവും ചെയ്തിരുന്നു.
Leave a Reply