സുരേഷ് തെക്കീട്ടിൽ

മലയാളം യു .കെ. യുടെ ഓണവിഭവങ്ങളിലൂടെ ഒരു യാത്രയ്ക്ക് ഒരുങ്ങിയപ്പോൾ വളരെ എളുപ്പത്തിലും വേഗത്തിലും അത് ചെയ്തു തീർക്കാം എന്ന എൻ്റെ ധാരണ ആദ്യ രചനകളുടെ വായനയിൽ തന്നെ തിരുത്തപ്പെട്ടിരുന്നു. എഴുത്ത് ഗൗരവമായി എടുക്കുന്ന പരിചയ സമ്പന്നരുടേയും എഴുത്തിനെ ജീവനും ജീവിതവുമായി കാണുന്നവരുടേയും രചനകളിലൂടെ കടന്നു പോകുമ്പോൾ ആ അക്ഷരങ്ങളോട് ആശയങ്ങളോട് ആവിഷ്ക്കരിക്കപ്പെടുന്ന പുതുമകളോട് മുഖം തിരിഞ്ഞ് നിന്ന് എന്തെങ്കിലും കുറിച്ചു വെക്കുന്നത് വലിയനീതികേടായിരിക്കും എന്ന് ഞാൻ തിരിച്ചറിയുന്നു.

“അവൾ മഴ നനയുകയായിരുന്നു.” ശ്രീ .സ്നേഹപ്രകാശ് .വി എഴുതിയ കഥയുടെ പേരാണിത് .മഴ തന്നെ പ്രധാന കഥാപാത്രമായി വന്ന് കഥാനായികയേയും അതുവഴി കഥാനായകനെയും തൊടുന്നത് പോലെ തോന്നി ഈ പേര് വായിച്ചപ്പോൾ. കഥയിലേക്ക് ഇറങ്ങിയപ്പോഴും കഥാ വായനയിൽ നനഞ്ഞപ്പോഴും അതുതന്നെയായിരുന്നു അനുഭവം .കഥയിൽ അവതരിപ്പിക്കപ്പെടുന്ന കവിത മഴ പോലെ മനോഹരം . വാക്കുകൾ എവിടേയും ഒട്ടും മുഴച്ചു നിൽക്കാതെ അതിമനോഹരമായി കഥയിൽ ലയിച്ച് ഒഴുകുന്നു . കഥയെക്കുറിച്ച് അറിയുന്ന ‘ എങ്ങനെ കഥ പറയണം എന്നറി യുന്ന കഥാകാരൻ . തീർച്ചയായും സ്നേഹപ്രകാശിനെ അങ്ങനെ വിശേഷിപ്പിക്കാം. അവസാന മഴ നനയുന്ന നായികയെ അത്രമേൽ ഉള്ളിൽ തട്ടും വിധമാണ് അവതരിപ്പിച്ചിരിക്കുന്നത്.

ശ്രീമതി.ആതിരാ മഹേഷിന്റെ “അത്തമെത്തിയതറിയാതെ ” എന്നകവിത പുതു ബാല്യങ്ങളുടെ നഷ്ടങ്ങളെ കുറിച്ചാണ്. അത്തമോ,ഓണമോ മനസ്സിലാക്കാതെ ഒന്നിൻ്റേയും പ്രാധാന്യമുൾക്കൊള്ളാതെ, ഓണവുമായി ബന്ധപ്പെട്ട ഒന്നിനെ കുറിച്ചും അറിയാതെ അറിയാൻ അവസരം കിട്ടാതെ , മണ്ണിൽ ചവിട്ടാതെ ‘ശൈശവ
കേളികളറിയാതെ ജീവിക്കുന്ന പുതിയ തലമുറയുടെ അവസ്ഥ വിവരിച്ച് അതിലുള്ള ആധിയും ആശങ്കയും അതോടൊപ്പം വേദനയുമാണ് ഈ ഈ കവിത പങ്കു വെക്കുന്നത് . മണ്ണ് പറ്റാത്ത ബാല്യങ്ങൾ എന്ന് വിശേഷിപ്പിച്ച് പൂക്കളം കാണാതെ പൂമണമറിയാതെ സ്വയം നഷ്ടമാകുന്ന തലമുറയുടെ അനുഭവങ്ങളെ വേദനയോടെ പകർത്തുകയാണ് ഈ കവിത. തീർത്തും യാഥാർത്ഥ്യബോധത്തോടെയാണ് ആതിര മഹേഷ് ഈ രചന നിർവ്വഹിച്ചിട്ടുള്ളത് എന്ന് കാണാം.

പാട്ടിൻ്റെ പൊരുൾ എന്ന കവിതയുമായി എത്തുന്ന ശ്രീ.ജോസ് ജെ വെടികാട്ട്  തളരാത്ത പൂങ്കുയിയിലിനോട് ഒരു പാട്ടുകൂടി ആവശ്യപ്പെടുകയാണ്. ഒരേയൊരു ഹൃദയം സത്യസ്വരൂപന് മുന്നിൽ തുറന്നു കാണിക്കാനാണ് ഈ പാട്ട്. പൂങ്കുയിലിൻ്റെ ജനിയും, പുനർജനിയും പാട്ടു തന്നെയാണ് എന്നും ഈ കവിത പറയുന്നു. മറ്റെന്ത് തന്നെ ത്യജിച്ചാലും പാട്ട് ത്യജിക്കരുതെന്ന് ആവശ്യപ്പെടുന്ന ഒരു വ്യത്യസ്തതയും പ്രത്യേകതയും ഈ കവിതയ്ക്കുണ്ട്.

ശ്രീ.രാജു കാഞ്ഞിരങ്ങാട് എഴുതിയ ”നന്മയുടെ ഓണം”എന്ന കവിത ഈ രചനയിലെ ആദ്യ വരിയിൽ കുറിച്ചതു പോലെ തന്നെ ഓർമ്മയുടെ ഒരു കുടന്ന പൂവുകളാണ് നമുക്ക് സമ്മാനിക്കുന്നത്. ആനുകാലികങ്ങളിലും സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായ, പരിചയസമ്പന്നനായ ഈ കവി തൻ്റെ ഈ കവിതയിൽ അവതരിപ്പിക്കുന്നത് ശനിയും ,സംക്രാന്തിയും ഇല്ലാത്ത ആഹാരത്തിനായി വീടുകൾ കയറിയിറങ്ങുന്ന ഒറ്റപ്പെട്ടുപോയ ,ആണും തുണയും ഇല്ലാത്തവൾക്ക് ഒരു ഓണക്കോടി സമ്മാനിക്കുമ്പോൾ അമ്മയുടെ മുഖത്ത് തെളിയുന്ന സന്തോഷത്തെ കുറിച്ചാണ് .എത്ര ഭംഗിയായാണെന്നോ കവിതയിൽ ഈ ഭാഗം ചിത്രീകരിച്ചിരിക്കുന്നത്.

ശ്രീ.സതീഷ് ബാലകൃഷ്ണൻ എഴുതിയ ശ്രദ്ധേയമായ കഥയാണ് “പെയ്തൊഴിയാതെ… ഈ ഓണക്കാലത്തെ ധന്യമാക്കുന്നുണ്ട് ഈ കഥ എന്ന് പറയാതെ വയ്യ .എത്ര എഴുതിയാലും തീരാത്ത വിഷയങ്ങളുണ്ട് ഭൂമിയിൽ പ്രണയം ,കടൽ, മഴ, അമ്മ ,ഓണം എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങൾ .തഴുത്തു രംഗത്ത് മുന്നിൽ നടന്നു പോയവരിൽ എല്ലാവരും എഴുതിയാലും പിന്നിൽ വരുന്നവരിൽ എല്ലാവർക്കും എഴുതാൻ ബാക്കി നിൽക്കുന്ന വിഷയങ്ങൾ .അതിൽ പ്രണയം എന്ന വിഷയം തന്നെയാണ് ഇവിടെ സതീഷ് ബാലകൃഷ്ണൻ തന്റെ രചനയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത് .എന്നാൽ കഥ പറയുന്ന വ്യത്യസ്തതയിലൂടെ ഈ കഥയെ ശ്രദ്ധേയമാക്കാൻ എഴുത്തുകാരന് സാധിക്കുന്നുണ്ട്. പ്രണയവും വിരഹവും, തിരിച്ചറിയാതെ പോയ പ്രണയം ചേർത്ത വാക്കുകളും ഒക്കെ തന്നെയാണ് ഈ കഥ മുന്നോട്ടുവയ്ക്കുന്നതും കഥയെ മുന്നോട്ട് കൊണ്ടു പോകുന്നതും. വായനാസുഖം കൊണ്ട് അവതരണ മികവുകൊണ്ട് ഈ
കഥ മുന്നിട്ടുനിൽക്കുന്നു.

ഡോ.എ.സി.രാജീവ് കുമാറിൻ്റെ ഒറോട്ടി എന്ന ലേഖനത്തിൽ ബാല്യകാല ഓർമ്മകളുടെ ഗൃഹാതുരത്വമാണ് നിറഞ്ഞുനിൽക്കുന്നത്. കുട്ടിക്കാലത്തെ ഓണവും ഉത്രാടവും തിരുവോണവും അതിനുമുന്നേ നടത്തുന്ന ഓണത്തിനുള്ള ഒരുക്കങ്ങളുമൊക്കെ ഭംഗിയോടെ വിവരിക്കുന്ന കുറിപ്പ് ഓണസദ്യയ്ക്കും ‘ഓണക്കളികൾക്കു ശേഷം ശേഷം വീടിൻ്റെ മുറ്റത്ത് എല്ലാവരും കൂടി കഥകൾ പറഞ്ഞിരിക്കുന്ന രാത്രിയെക്കുറിച്ച് പറയുന്നത് വളരെ മനോഹരമായി തോന്നി.ഉറക്കം വരും വരെ കഥ പറഞ്ഞിരിക്കുന്ന ഒരു കാലം .ഇനി ഒരിക്കലും ആവർത്തിക്കാനിടയില്ലാത്ത ഒരു നല്ല കാലം

ശ്രീ .രാധാകൃഷ്ണ വാര്യർ എന്ന കലകളുടെ പ്രിയ ഫോട്ടോഗ്രാഫറെ കുറിച്ച് ശ്രീ.രാധാകൃഷ്ണൻ മാഞ്ഞൂർ എഴുതിയ “ക്ലാസിക്കൽ കലകളുടെ സ്വന്തം ക്യാമറമാൻ “എന്ന ലേഖനം മികച്ച നിലവാരം പുലർത്തി എന്നതിൽ എന്നിലെ വായനക്കാരന് ഒട്ടും അതിശയം തോന്നിയില്ല. കാരണം എനിക്ക് രാധാകൃഷ്ണൻ മാഞ്ഞൂർ എന്ന കഥാകാരനെ എഴുത്തുകാരനെ വളരെ കാലങ്ങളായി അറിയാം .ആ എഴുത്തിൻ്റെ കരുത്തറിയാം ഭാഷാപ്രയോഗങ്ങളുടെ വ്യത്യസ്തതയും മൂല്യവും അറിയാം .വാക്കുകൾ ലക്ഷ്യം തെറ്റാതെ ഒഴുകുന്ന ആ ശൈലിയിൽ വാർത്തെടുത്ത ഒട്ടേറെ എഴുത്തുകൾ ഞാൻ വായിച്ചിട്ടുണ്ട് .ആ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടുമുണ്ട്. എനിക്കതിന് മറ്റു സാക്ഷ്യപത്രങ്ങളുടെ ആവശ്യമേയില്ല.ലോക വിസ്മയങ്ങളിൽ ഗോപി ആശാന്റെ വേഷങ്ങൾ ഉണ്ട് എന്ന് പറഞ്ഞത് അടൂരാണ് എന്ന് തോന്നുന്നു .എവിടെയോ വായിച്ചതോ അതോ ആരോ പറഞ്ഞ് കേട്ടതോ ആയ ഒന്നാണത്. എന്നാൽ. അക്കാര്യം ഇവിടെ ഉറപ്പിച്ച് പറഞ്ഞ് വാദിക്കാനൊന്നും ഞാനില്ല . എന്നാലൊന്നുറപ്പ് അദ്ദേഹം അങ്ങനെ പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അത് സത്യമാണ് എന്ന് മനസ്സിലുറപ്പിച്ച പതിനായിരങ്ങൾ കാണും . വിസ്മയ പ്രതിഭ ഗോപി ആശാന്റെ പതിനായിരത്തോളം ചിത്രങ്ങൾ രാധാകൃഷ്ണ വാര്യർ എടുത്തിട്ടുണ്ട് എന്ന് ഇന ലേഖനത്തിൽ കാണുന്നു. അത്ഭുതം എന്ന ഒറ്റവാക്കിൽ ഞാനതിനെ കുറിക്കുന്നു . അരങ്ങത്ത് ചൊല്ലിയാടുന്നവരുടെ കണ്ണുകൾ ശ്രദ്ധിക്കണം എറ്റവും ജീവസ്സുറ്റവ വരുമ്പോൾ ക്ലിക്ക് ചെയ്യണം എന്നതാണ് വാര്യരുടെ രീതി. ഏറ്റവും ജീവസുറ്റ വരികളിലാണ് രാധാകൃഷ്ണൻ മാഞ്ഞൂർ ഇക്കാര്യം എഴുതുന്നത് . അരങ്ങിൽ നിറയുന്ന ശക്തമായ ജീവിത മുഹൂർത്തങ്ങളിലേക്ക് രാധാകൃഷ്ണൻ മാഞ്ഞൂരിൻ്റെ ലേഖനത്തിലെ അക്ഷരങ്ങൾ മിഴി തുറക്കുന്നതും അങ്ങനെയാണ് .നോക്കൂ. “ഭൂതവും ഭാവിയും വർത്തമാനവും ഒക്കെ ഈ ചിത്രങ്ങളിൽ കാണാം വരും കാലത്തേക്കുള്ള വേരുറപ്പും ശക്തിബോധ്യവുമാണണ് എന്നെഴുതുന്നിടത്ത് മാഞ്ഞൂരിൻ്റ എഴുത്തിലെ വേരുറപ്പും ബോധ്യവും നന്നായി ബോധ്യപ്പെടുന്നുണ്ട്. അത് ബോധ്യപ്പെടുത്തുന്നുണ്ട് ഈ ലേഖനം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെ ഓണം പതിപ്പിൽ ശ്രീ.എബി ജോൺ തോമസ് എഴുതിയ കവിതയാണ് “കടലിൽ നിന്നും ആകാശത്തിലേക്ക് ഒരു കര ദൂരം” ഈകവിതയുടെ പേരിൽ തന്നെ ഒരു കവിത തുടിക്കുന്നില്ലേ? എന്ന് ചോദിച്ചാൽ അതിൽ ആർക്കാണ് സംശയം എന്നായിരിക്കും കവിതയെ കുറിച്ചറിയുന്നവരുടെ മറുപടി. “പരസ്പരം കെട്ടിപ്പുണരുന്നതിന് തൊട്ടുമുമ്പ് ഒരു ഭൂചലനത്തിലാണ് ആകാശവും കടലും രണ്ട് ദിക്കിലേക്ക് വലിച്ചെറിയപ്പെട്ടത് ” എന്നാണ് ‘ കവിത ആരംഭിക്കുന്നത്.കടൽ ഒരുതുള്ളി കണ്ണീരായി ആകാശം ഒരു അഭിലാഷവുമായി എന്ന് കവിത പറയുന്നു. അങ്ങനെ ഒരാൾ എഴുതുമ്പോൾ ആ വരികൾ മുന്നോട്ട് വെക്കുന്ന ഒരു സത്യമുണ്ട്. ആകാശത്തോളം ഉയരമുള്ള ഭാവനയിലേ അത്തരമൊരു വ്യത്യസ്ത ചിന്ത വിരിയൂ എന്ന സത്യം.ആ ഭാവനയും വിശാലമായ ചിന്തയും എത്രമേൽ ഉയരെയെന്ന് തുടർ വരികൾ നമ്മളെ ബോധ്യപ്പെടുത്തുന്നുമുണ്ട്. അപ്പോഴും ഒന്നുമറിയാതെ കര കടലിനേയും ആകാശത്തേയും കവിതയിൽ തിരയുന്നു എന്ന് വരികളിൽ കവിത അവസാനിക്കുന്നു. വായനക്കാരന്റെ മനസ്സിൽ കവിയും കവിതയും ആഴത്തിൽ വേരുറപ്പിക്കുന്നുണ്ട് ഒരു പുതിയകാല കവിതയുടെ പൂർണ്ണത ഈ കവിതയിൽ നിറഞ്ഞുനിൽക്കുന്നു എന്ന് വായനക്കാരൻ തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്യും എന്ന് പറഞ്ഞ് നിർത്തുന്നു .

ശ്രീ.ഷെറിൻ പി :യോഹന്നാൻ എഴുതിയ “കയറ്റിറക്കങ്ങൾക്കിടയിലെ കുടജാദ്രി ‘ ആത്മാനന്ദനത്തിന്റെ ഭൂമിക “എന്ന ലേഖനത്തിൽ സമുദ്രനിരപ്പിൽ നിന്നും 7000 അടി മുകളിൽ കുടകപ്പല പൂത്തുലയുന്ന വനശുദ്ധിയിലൂടെ ഒരു യാത്ര എന്ന ഒരു വരിയുണ്ട്. ഈ വരിയിലെ വനശുദ്ധി എന്ന വാക്ക് നിങ്ങൾ ശ്രദ്ധിച്ചുവോ? വായനയിൽ മനസ്സിൽ വന്നുചേർന്ന ഇത്തരം വാക്കുകൾക്ക് ഏറെ പ്രത്യേകത തോന്നുന്നു. നല്ല ഭാഷയും ശൈലിയും പ്രയോഗങ്ങളും ലേഖനത്തെ സമ്പുഷ്ടമാക്കുന്നു. പാതി ചരിഞ്ഞും, കുലുങ്ങിയും അപകട വഴികളിലൂടെ പരിചയസമ്പന്നൻമാരായ ഡ്രൈവർമാർ ഓടിക്കുന്ന വാഹനത്തിലെ യാത്ര കാഴ്ചകൾ, പ്രകൃതി ഭംഗി എല്ലാം അനുഭവിച്ച പ്രതീതി, ആ അനുഭൂതി വായിക്കുമ്പോൾ ഉണ്ടാകുന്നുണ്ട് .അവിടെയാണ് എഴുത്തുകാരൻ്റെ വലിയ വിജയം .

ശ്രീനാഥ് സദാനന്ദൻ്റെ അഡ്ജസ്റ്റ്-മെന്റ് എന്ന കഥ പുതിയ കാലത്തിൻ്റേതാണ്. ചതിക്കുഴികൾ ഒരുക്കി കാത്തിരിക്കുന്നവരുടെയും അതിൽ അറിയാതെ ചെന്നു പെടുന്നവരുടെയും കഥയാണിത്.പുതിയകാല സംഭവ വികാസങ്ങളുമായി ചേർത്തു വായിക്കാവുന്ന ഒരു കഥ .ഇവിടെ എല്ലാ നേട്ടങ്ങളും നിനക്കു മാത്രമാണ് എന്ന് കഥാനായകൻ നായികയോട് പറയുന്നു.പണത്തിനേക്കാൾ വലുതായി ഒന്നുമില്ല എന്ന നായകൻ്റെ കാഴ്ചപ്പാടും അങ്ങനെ നേട്ടങ്ങൾ ആവശ്യമില്ല എന്ന നായികയുടെ ദൃഢനിശ്ചയവും തമ്മിലുള്ള സംഘർഷമാണ് കഥ .
പുതിയ കാലത്തിന്റെ കഥ എന്ന് പറയുമ്പോൾ തന്നെ പഴയകാലത്ത് നിലനിന്നിരുന്ന രീതികളും ഇതൊക്കെതന്നെയായിരുന്നില്ലേ എന്ന ചോദ്യം ഉയർന്നാൽ എനിക്ക്കൃത്യമായ മറുപടിയില്ല അങ്ങനെയെങ്കിൽ ഇത് എല്ലാ കാലത്തിനും വേണ്ടിയുള്ള കഥ എന്നെ പറയാനാകൂ.

ശ്രീമതി ഉദയ ശിവദാസ് എഴുതിയ “പ്രണയം” എന്ന കവിത ഹൃദ്യമായ വരികളാലും ഉപമകളാലും മികച്ചു നിൽക്കുന്നു. “ആത്മാവിൽ ആത്മാവ് താനേ കുറിക്കുന്ന ഒരാത്മ നിവേദനമാണ് പ്രണയം “എന്ന് വരികൾ ഏറെ ശ്രദ്ധേയമാണ് .ഒരു “രാത്രി മഴ മെല്ലെ താരാട്ടി ഒഴുകും തളിരില കുമ്പിളിൽ കുളിരാണ് പ്രണയം: എന്നും “ഇഴ ചേർന്ന് സൗഭാഗ്യ തികവിലേക്കുയരാൻശ്രുതി ചേർന്നു മീട്ടുന്ന സ്വരമാണ് പ്രണയം എന്നുമൊക്കെയുള്ള അതിമനോഹരമായ പ്രണയ സങ്കൽപ്പങ്ങൾ ഈ കവിതയിൽ തുടിച്ചു നിൽക്കുന്നുണ്ട് .ഇത്തരം വരികൾ കവിതയിൽ നിലാവിൻ്റെ ചന്തം നിറയ്ക്കുന്നു .ചന്ദന ഗന്ധം പരത്തുന്നു. പ്രണയത്തിൻ്റെ ദോഷവശങ്ങളെ കുറിച്ചും എഴുതിയാണ് ഈകവിത അവസാനിക്കുന്നത് നേരത്തേ ഈ കുറിപ്പിൽ പഞ്ഞപോലെ ഒരു കാലത്തും എഴുതി തീരാത്ത വിഷയമായി പ്രണയമുണ്ടല്ലോ. അതിമനോഹരമായ പ്രണയത്തെ നിർവചിക്കുന്ന ഒരു കവിത എന്ന നിലയിൽ ഈ കവിതയെ എടുത്തു പറയുന്നു. പ്രണയമില്ലാതെ എന്ത് കവിത എന്ത് കഥ എന്ത് ജീവിതം എന്ന് പറയുന്നവരോട് ചിന്തിക്കുന്നവരോട് മനസ്സും ചേർക്കുന്നു.

(തുടരും)

സുരേഷ് തെക്കീട്ടിൽ

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.