ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകമെമ്പാടുമുള്ള പ്രിയ വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിൻറെ തിരുവോണാശംസകൾ. മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിക്കാൻ ഇഷ്ടപ്പെടുന്ന ഉത്സവമാണ് തിരുവോണം. പോയ്മറഞ്ഞ കാർഷിക സംസ്കാരത്തിന്റെ ഓർമ്മകൾ നെഞ്ചിലേറ്റി പൊന്നിൻ ചിങ്ങത്തിലെ തിരുവോണനാളിൽ ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ മനസ്സുകൊണ്ടെങ്കിലും കളിച്ചുവളർന്ന നാടിന്റെ ഓർമ്മകളിലായിരിക്കും. കോവിഡിന്റെ നീരാളിപ്പിടുത്തം മൂലം രണ്ടാം വർഷമാണ് ഓണാഘോഷം രോഗ വ്യാപനത്തിൽ മുങ്ങി പോകുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള യാത്രാ വിലക്കുകൾ മൂലം പ്രവാസി മലയാളികളിൽ പലരും നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുചേർന്നിട്ട് തന്നെ ഏറെ നാളുകളായി. എങ്കിലും പ്രതികൂല പരിസ്ഥിതിയിലും തങ്ങളാലാവുന്ന വിധം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ പരിശ്രമിച്ചിട്ടുണ്ട് . സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ ഓണാഘോഷങ്ങളും ഒത്തുചേരലുകളുമായി ലോകമെങ്ങുമുള്ള മലയാളികൾ തിരുവോണം കൊണ്ടാടുകയാണ്.
അത്തം മുതൽ തിരുവോണം വരെ എല്ലാ ദിവസങ്ങളിലും കഥകൾ, കവിതകൾ, ലേഖനങ്ങൾ അനുഭവക്കുറിപ്പുകൾ തുടങ്ങി ഒട്ടനവധി സാഹിത്യ വിഭവങ്ങൾ വായനക്കാർക്കായി ഒരുക്കാൻ മലയാളം യുകെയ്ക്ക് കഴിഞ്ഞതിലുള്ള സന്തോഷം വായനക്കാരുമായി പങ്കുവെയ്ക്കുന്നു. മൈതാനങ്ങളെ പുളകം കൊള്ളിച്ച മലയാളികളുടെ പ്രിയപ്പെട്ട ഫുട്ബോൾ മാന്ത്രികനായ ഐഎം വിജയനും മലയാളികളുടെ പ്രിയതാരം രജീഷാ വിജയനും ഉൾപ്പെടെ നാല്പതോളം എഴുത്തുകാരുടെ രചനകളാണ് മലയാളം യുകെയിലൂടെ വായനക്കാരിലേയ്ക്ക് എത്തിയത്. ലോകമെങ്ങുമുള്ള വായനക്കാർക്ക് മലയാളം യുകെ ന്യൂസ് ടീമിന്റെ തിരുവോണാശംസകൾ
Leave a Reply