ഷെറിൻ പി യോഹന്നാൻ
നിരന്തരമായി നമ്മുടെ വ്യവഹാരങ്ങളിൽ കടന്നു വരുന്ന ഒന്നാണ് സംസ്കാരം. നാം ജീവിക്കുന്ന പരിസരത്തെ അധിഷ്ഠിതമാക്കിയാണ് പൊതുവേ സംസ്കാരം വ്യവഹരിക്കപ്പെടുന്നതെങ്കിലും സംസ്കാരം എന്ന പദം അതിനുമപ്പുറത്തേക്കുള്ള അർത്ഥങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. വരേണ്യതയിൽ നിന്നും അതിഭൗതികതയിൽ നിന്നുമൊക്കെ സംസ്കാരത്തെ മോചിപ്പിച്ചു കൊണ്ട് ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാന ഭൂമികയിൽ അതിനെ പ്രതിഷ്ഠിക്കുന്ന സമീപനത്തെയാണ് പൊതുവേ സാംസ്കാരിക പഠനം എന്ന് വിവക്ഷിക്കുന്നത്. സാംസ്കാരിക പഠനം എന്നത് കേവലം സംസ്കാരത്തെ കുറിച്ച് മാത്രമുള്ള പഠനമല്ല. സാംസ്കാരിക ഘടകങ്ങളെ മുൻനിർത്തി സാഹിത്യ പഠനവും കലാനിരൂപണവും നടത്തുന്ന പദ്ധതിയാണ് അത്. ഈ മേഖലയിൽ ഊന്നിക്കൊണ്ടുള്ള പഠനത്തിലാണ് ജനപ്രിയസംസ്കാരം എന്ന സംജ്ഞ ഉപയോഗിക്കപ്പെടുന്നത്. സാംസ്‌കാരിക ചിന്തകളിൽ ആധുനികത രൂപപ്പെടുത്തിയ വരേണ്യ – ജനപ്രിയ വിഭജനങ്ങളെ ചരിത്രപരവും സൈദ്ധാന്തികവുമായി ചോദ്യം ചെയ്യുന്ന നിലപാടുകളാണ് ഈ രംഗത്ത് പ്രാധാന്യം നേടുന്നത്. സാമാന്യ ജനങ്ങൾ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സംസ്കാരത്തെയാണ് ജനപ്രിയ സംസ്കാരം എന്ന് വിളിക്കുന്നത്. ധാരാളം പേർ ഇഷ്ടപ്പെടുന്നത് എന്നാണ് ജനപ്രിയസംസ്കാരത്തിന് പൊതുവായി നൽകുന്ന നിർവചനം. ഈ നിർവചനപ്രകാരം ജനപ്രിയ സംസ്കാരത്തിന്റെ മുഖമുദ്രയായി തന്നെ പറയാവുന്ന ഏറ്റവും ഉത്തമമായ ഉദാഹരണമാണ് ചലച്ചിത്രം. ജനജീവിതത്തെ സാമാന്യമായി പ്രതിഫലിപ്പിക്കുന്ന കല എന്ന നിലയിൽ ചലച്ചിത്രം മറ്റ് രൂപങ്ങളെക്കാളേറെ ജനകീയമാണെന്ന് പറയാം. ഓരോ കാലത്തും ഓരോരോ പ്രതിസന്ധികൾ പിന്നിട്ടാണ് സിനിമ കടന്നുവന്നത്. ഏറ്റവും ഒടുവിലായി കോവിഡ് മഹാമാരിയെയും അതിജീവിച്ചുകൊണ്ട് സിനിമ മുന്നോട്ടു നീങ്ങുന്നതായി കാണാം. ഈ പശ്ചാത്തലത്തിൽ കോവിഡ് കാലത്തെ മലയാള സിനിമയെ കുറിച്ചുള്ള ഒരു അന്വേഷണം ആണിവിടെ.
ജനപ്രിയസംസ്കാരവും സിനിമയും
ബഹുജനസമൂഹത്തെ സംസ്കാരവുമായി ബന്ധപ്പെടുത്തി പഠിക്കുന്ന പ്രവണത ആരംഭിക്കുന്നത് അമേരിക്കൻ, ഫ്രഞ്ച് വിപ്ലവങ്ങൾക്ക് ശേഷമാണെന്ന് റെയ്മണ്ട് വില്യംസ് സൂചിപ്പിക്കുന്നുണ്ട്. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉപഭോക്തൃ സമൂഹത്തിന്റെ രൂപപ്പെടലോടെ സംജാതമായ രണ്ടാം വ്യവസായവിപ്ലവത്തിന്റെ സന്ദർഭം, ഇലക്ട്രോണിക് ബഹുജനമാധ്യമങ്ങളുടെ വികാസത്തിലേക്കു മാറുന്ന അവസ്ഥയ്ക്കാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി സാക്ഷ്യം വഹിക്കുന്നത്. സിനിമയായിരുന്നു ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ജനപ്രീതിയാർജിച്ചതുമായ സംസ്കാരരൂപം. 1914 ഓടെ, മനുഷ്യൻ കണ്ടുപിടിച്ചവയിൽ ഏറ്റവും ജനസമ്മതിയാർജ്ജിച്ച സംസ്കാരരൂപമായി സിനിമ മാറിയെന്ന് റെയ്മണ്ട് വില്യംസ് നിരീക്ഷിക്കുന്നുണ്ട്.
ആശയവിനിമയശേഷിയുടെ കാര്യത്തിൽ മറ്റേതു മാധ്യമത്തേക്കാളും കഴിവ് സിനിമയ്ക്കുണ്ട്. വ്യത്യസ്തവിഭാഗങ്ങളിലും തരങ്ങളിലുമുള്ള ജനസമൂഹത്തെ ഒന്നായി കൂട്ടി അവരെ അഭിമുഖീകരിക്കുവാൻ സിനിമയ്ക്ക് കഴിയുന്നു. പൊതുജനത്തെ ഒന്നാകെ ആകർഷിക്കുന്ന ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയാണ് അതിനെ സവിശേഷവൽക്കരിക്കുന്നതും നിലനിർത്തുന്നതും. പാട്ടും നൃത്തവും സംഘട്ടനങ്ങളും ഹാസ്യപ്രകടനങ്ങളും ജനപ്രിയ സിനിമയുടെ ആഖ്യാനഘടനയിൽ മുഖ്യപങ്കു വഹിക്കുന്നു. സാധാരണജനതയുടെ ബോധമനസ്സിനെ ആഹ്ലാദിപ്പിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന സിനിമയുടെ വ്യവഹാരമണ്ഡലത്തെ പിൻപറ്റി അനേകം സംയോജകങ്ങൾ നിലനിൽക്കുന്നു. സജീവമായ വർത്തമാനത്തിലാണ് ചലച്ചിത്രം പ്രേക്ഷകന് മുന്നിൽ ചുരുളഴിയുന്നത്. പ്രകൃതി, വസ്തുക്കൾ, വേഷം, ഭാഷ, ഭക്ഷണം, ശില്പം, വാസ്തുശില്പം, കൃഷി, വാണിജ്യം, വഴി, വാഹനം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അടയാളങ്ങളും വിവരങ്ങളും ഒരു സിനിമയുടെ ചിത്രീകരണത്തിൽ വന്നുചേരുന്നു. എത്ര ഉദാസീനമായും അവിദഗ്ധമായും ചിത്രീകരിച്ചാലും അവയെല്ലാം ചേർന്ന് ഗതകാലത്തിന്റെ ഒരു പകർപ്പ് അവശേഷിപ്പിക്കുന്നു. സിനിമ ഒരേസമയം അത് വർത്തിക്കുന്ന സംസ്കാരത്തിന്റെ ചുവരെഴുത്തു നടത്തുകയും ഒപ്പം അതിന്റെ ചാലകശക്തിയായി മാറുകയും ചെയ്യുന്നു. സംസ്കാരത്തിന്റെ നിഷ്പക്ഷമായ രേഖപ്പെടുത്തൽ മാത്രമല്ല സിനിമ ചെയ്യുന്നത്. ഒരുപക്ഷേ അതിനേക്കാൾ ഉപരിയായി ചിലപ്പോൾ ചിത്രകലയ്ക്കും സംഗീതത്തിനും കഴിയുന്നതിനേക്കാൾ ഉപരിയായി, അതിന്റെ ദൃശ്യശ്രാവ്യസിദ്ധികൾ കാരണം കലയെ ഫലവത്തായി സ്വീകരിക്കുവാനും അനുഭവവേദ്യമാക്കാനും സിനിമയ്ക്ക് കഴിയുന്നുണ്ട്.
ലോകസിനിമയിലെ മഹാമാരി കാഴ്ചകൾ
ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുപിന്നാലെ 1918-1920 കാലത്ത് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ലക്ഷക്കണക്കിനു മനുഷ്യരുടെ മരണത്തിന് കാരണമായ സ്പാനിഷ് ഫ്ളൂ എന്ന വൈറസ് രോഗം ചലച്ചിത്രം ശബ്ദിച്ചു തുടങ്ങുന്നതിനു മുന്നേ നേരിട്ട ആദ്യത്തെ പ്രതിസന്ധിയായിരുന്നു. അക്കാലത്ത് ഏറ്റവും വലിയ വിനോദവ്യവസായമായി വളർന്നുകൊണ്ടിരുന്ന ഹോളിവുഡ് സ്തംഭനത്തിലാവുകയും തിയേറ്ററുകൾ മിക്കതും അടച്ചിടുകയും ചെയ്തു. കാലിഫോർണിയയിൽ ഏഴ് ആഴ്ചയോളം തിയേറ്ററുകൾ തുറന്നില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സിനിമയിലെ ഏതു പ്രതിസന്ധിയും അവിടെ മാത്രമുള്ള പ്രശ്നമല്ലാതിരിക്കുകയും പ്രേക്ഷകർ എന്ന വലിയ സമൂഹത്തിന്റെ കൂടി ഉത്കണ്ഠയും ആനന്ദവും ജിജ്ഞാസയും ആഘോഷവുമൊക്കെയായി സിനിമ മാറുകയും ചെയ്തിട്ടുണ്ട്. സാംക്രമികരോഗങ്ങൾ സിനിമാ ഭാവനകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
മഹാരോഗങ്ങൾ പ്രമേയമാക്കിയ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടിയായ ‘കണ്ടാജിയൻ’ (സ്റ്റീവൻ സോഡേഴ്സ്ബർഗ്/2011), ഫ്ലൂ (കൊറിയൻ, കിം സുംഗ് സു /2013), വൈറസ് വ്യാപനം സൃഷ്ടിക്കുന്ന ഭീകരാവസ്ഥയെ നേരിട്ടനുഭവിപ്പിക്കുന്ന ചിത്രമായ ‘ഔട്ട്ബ്രേക്ക്’. (വൂൾഫ്ഗാൻഗ് പീറ്റേഴ്സൻ/1995), വൈറസ് വ്യാപനത്തിന്റെ ഫാന്റസിക്കലായ ദൃശ്യവൽക്കരണമായ 12 മങ്കീസ് ( ടെറി ഗില്ല്യം/1995) എന്നീ ചിത്രങ്ങളുടെയെല്ലാം പൊതുവായ സവിശേഷത, അവ കൊറോണ പോലൊരു രോഗവ്യാപനത്തിന്റെ കാലത്ത് പ്രത്യേക പ്രാധാന്യമുള്ളവയായിത്തീരുന്നു എന്നതാണ്. കോവിഡ് കാല പ്രതിസന്ധികളും ആകുലതയും ചിത്രങ്ങൾക്ക് പ്രമേയമാകുകയും കോവിഡ് കാലം സിനിമകൾക്ക് പശ്ചാത്തലം ആകുകയും ചെയ്യുകയാണ്. അത് ഇന്ന് നിലനിന്നുപോകുന്ന മനുഷ്യന്റെ സംസ്കാരത്തിലും ഇടപെടലുകൾ നടത്തുന്നു.
അടച്ചിടലും മലയാളിയുടെ സിനിമ കാഴ്ചയും
കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി മലയാള സിനിമ പുതിയ ഉണർവിലായിരുന്നു. വൈഡ് റീലിസിലൂടെ കേരളത്തിനൊപ്പം രാജ്യാന്തരതലത്തിലും സിനിമകൾ റിലീസ് ചെയ്യുകയും അതിലൂടെ സാമാന്യം ഉയർന്ന തിയേറ്റർ കളക്ഷൻ പല സിനിമകൾക്കും ലഭിക്കുകയും ചെയ്തിരുന്നു .തുടർന്ന് സാറ്റലൈറ്റ് അവകാശ വിൽപന ,ഒ .ടി .ടി തുടങ്ങിയ മികച്ച വരുമാന മാർഗങ്ങൾ. ഈ അവസരത്തിലാണ് 2020 മാർച്ച് മാസത്തോടെ, കോവിഡ് ബാധയെത്തുടർന്ന് തിയേറ്ററുകൾ പൊടുന്നനെ അടച്ചു പ്രദർശനം നിർത്തേണ്ടിവന്നത്. മാർച്ച് 10 ന് ഇന്ത്യയിൽ ആദ്യമായി തിയേറ്ററുകൾ അടച്ച സംസഥാനം കേരളമായിരുന്നു. പൊതുവെ ഏപ്രിൽ ,മെയ് മാസങ്ങൾ മലയാള സിനിമയ്ക്ക് മികച്ച തിയേറ്റർ കളക്ഷൻ ലഭിക്കുന്ന കാലയളവാണ് (വിഷു – ഈസ്റ്റർ റിലീസുകൾ). തിയേറ്ററുകൾ അടക്കുകയും പിന്നാലെ സിനിമാ ചിത്രീകരണവും അനുബന്ധ ജോലികളും പൂർണമായി നിർത്തിവയ്‌ക്കുകയും ചെയ്‌തതോടെ ചലച്ചിത്ര മേഖല ഉപജീവനമാക്കിയ പതിനായിരത്തിലേറെ സാങ്കേതിക പ്രവർത്തകരും കലാകാരന്മാരും പ്രതിസന്ധിയിലാകുകയും ചെയ്‌തു. കോവിഡ് കാലത്ത് ജനങ്ങളെ ഒറ്റപ്പെടലിൽ നിന്നും രോഗഭീതിയിൽ നിന്നും ഒഴിച്ചു നിർത്തിയത് സിനിമയാണെന്ന് പറയാം. ടി വി, ലാപ്‌ടോപ്, മൊബൈൽ ഫോൺ, ടാബ്, ഐ പാഡ് എന്നിങ്ങനെ പല സങ്കേതങ്ങളിൽ ദിവസം മൂന്നും നാലും സിനിമകൾ കണ്ടു. ലോക്ക്ഡൗൺ ചലച്ചിത്രാസ്വാദനത്തിൽ വലിയ മാറ്റം ഉണ്ടാക്കി. വിവിധ ധാരകളിൽ പെട്ട ലോക സിനിമകൾ നൊടിയിടക്കുള്ളിൽ സൗജന്യ ഡൗൺലോഡിലൂടെ കാണുന്ന പ്രേക്ഷകന്റെ കാഴ്ചാ ശീലങ്ങൾ നവീകരിക്കപ്പെടുകയാണ്. കോവിഡാനന്തര കാലം പുതിയ കാലമാണ്. പുതിയ കാലത്തിൽനിന്നും ജീവിതത്തിൽ നിന്നും പുതിയ സിനിമയാവും ജനിക്കുക. പ്രമേയം,ഘടന, നിർമ്മാണം, പ്രദർശനം എന്നി വഴികളിൽ മലയാള സിനിമ പുതിയ മാർഗങ്ങൾ കണ്ടെത്തി. അതിലൂടെ രോഗപ്രതിസന്ധിയെ സർഗാത്മകമായി നേരിടുകയായിരുന്നു ലക്ഷ്യം. മലയാളിയുടെ കാഴ്ചാശീലത്തിലും ആസ്വാദനത്തിലും ഉണ്ടായ മാറ്റം സമകാലിക മലയാള സിനിമകളുടെ ചിത്രീകരണത്തെയും പുറത്തിറക്കലിനെയും സ്വാധീനിച്ചു. ബിഗ് സ്ക്രീനിൽനിന്നും മിനി സ്ക്രീനിലേക്കെത്തിയ സിനിമ പതിയെ അതുംകടന്ന് മൊബൈലിന്റെ നാനോ സ്ക്രീനിലേക്കുകൂടി കാൽവെച്ചു. ഒ ടി ടി എന്നാൽ ഓവർ ദി ടോപ് മീഡിയ സർവീസ് (Over The Top) എന്നർത്ഥം. പരമ്പരാഗത മാർഗങ്ങളായ കേബിൾ, ടിവി ആന്റിന, സാറ്റ്ലൈറ്റ് ഡിഷ് എന്നിവയല്ലാതെ ഇന്റർനെറ്റിലൂടെ ഉപഭോക്താവിന്റെ / പ്രേക്ഷകന്റെ താല്പര്യമനുസരിച്ച് ഇഷ്ടമുള്ള സമയം, ഇഷ്ടമുള്ള വീഡിയോ കാണാനുള്ള സൗകര്യമാണിത്. നിലവിൽ ഇന്ത്യയിൽ എഴുപതിലേറെ ഒ ടി ടി പ്ലാറ്റ്ഫോമുകൾ സജീവമായുണ്ട്. ഈ സംഖ്യ ദിനംപ്രതി വർധിച്ചു വരുന്നു. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സീ 5, ഡിസ്‌നി + ഹോട്സ്റ്റാർ തുടങ്ങിയ ആഗോള ഭീമന്മാരോടൊപ്പം നീസ്ട്രീം, റൂട്ടസ്, കേവ്, വൂട്ട്, മാറ്റിനി തുടങ്ങിയ നാടൻ ഒ ടി ടി കളും രൂപംകൊണ്ടു. കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ കേരള സർക്കാർ തുടങ്ങുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം കേരളപ്പിറവി ദിനത്തിൽ യാഥാർത്ഥ്യമാകുമെന്ന വാർത്തകൾ വന്നുകഴിഞ്ഞു. സിനിമയെന്ന കലയുടെയും വ്യവസായത്തിന്റെയും വർത്തമാനകാലം ഒ.ടി.ടിയിൽ അധിഷ്ഠിതമാണ്. മലയാള സിനിമയുടെ സാമ്പത്തികശാസ്ത്രം ഓവർ ദി ടോപ് പ്ലാറ്റ്ഫോമുകളിൽ കേന്ദ്രീകരിക്കുകയാണ്. കോവിഡനന്തര കാലഘട്ടത്തിലെ സിനിമയിൽ ഒ.ടി.ടി.യാകും മുഖ്യ കഥാപാത്രം. ഒ.ടി.ടിയിൽ സിനിമ കാണുന്ന ആസ്വാദകർക്ക് സിനിമ അവരിലേക്ക് കുറച്ചു കൂടി അടുക്കുകയാണെന്ന ചിന്ത ഉണ്ടാകുന്നു. സിനിമയുടെ അനുഭവ ഉത്തമത്വത്തിന് തിയേറ്ററിലെ വലിയ തിരശ്ശീലയും ശബ്ദവിന്യാസവും തീർത്തും ഗുണകരമാകും എന്ന വാസ്തവത്തെ മറച്ചു പിടിക്കാൻ കഴിയില്ലങ്കിലും അതിന്റെ ജനകീയവത്കരണം ഒ.ടി.ടിക്ക് സാധിക്കുന്നു എന്നത് സത്യമാണ്. പ്രദർശനശാലകളിൽ വന്ന് സിനിമ കാണുന്ന ആളുകളെക്കാൾ കൂടുതൽ പ്രേക്ഷകർ ഇന്ന് ഒ.ടി.ടിയിലൂടെയും സമാന സ്വഭാവമുളള ഡിജിറ്റൽ വേദികളിലൂടെയും സിനിമകൾ കാണുന്നുണ്ട്.
സൂഫിയും സുജാതയും’ ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ ചർച്ചയും വിവാദവും കേരളം ഏറെ താൽപ്പര്യത്തോടെയാണ് ശ്രദ്ധിച്ചത്. ഒ.ടി.ടി റിലീസിനെ അനുകൂലിച്ചവര്‍ കുറവും എതിർത്തവർ കൂടുതലുമായിരുന്നു. പക്ഷേ, അതിവേഗമാണ് മാറ്റം സംഭവിച്ചത്. ഇപ്പോൾ സംവിധായകരുടെ മാത്രമല്ല, നിരവധി നിർമ്മാതാക്കളുടേയും മനോഭാവം മാറി. തിയേറ്റർ റിലീസിനുവേണ്ടി ഒരുങ്ങിയ സിനിമ തന്നെയായിരുന്നു ‘സൂഫിയും സുജാതയും’. പക്ഷേ, അതു സാധ്യമല്ലെന്നുറപ്പായതോടെയാണ് 2020 ജൂലൈ 3ന് ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസ് ചെയ്തത്. അപ്പോഴേയ്ക്കും കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലുമായി പത്തില്‍ താഴെ സിനിമകള്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തു കഴിഞ്ഞിരുന്നു (ഗുലാബോ സിതാബോ, പൊന്മകൾ വന്താൾ, പെൻഗ്വിൻ, ചിൻടു കാ ബർത്ത്ഡേ…)
സ്ക്രീൻ ലൈഫ് സിനിമ – സീ യൂ സൂൺ
സ്ക്രീൻ ജീവിതം സമ്പൂർണമായി ആവിഷ്കരിക്കുന്ന ആദ്യ മലയാള സിനിമയാണ് ‘സീ യൂ സൂൺ’ (മഹേഷ് നാരായണൻ /2020). ഐ ഫോണിൽ ചിത്രീകരിക്കപ്പെട്ട് ആമസോൺ പ്രൈമിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ 2020 സെപ്റ്റംബർ ഒന്നിനാണ് സീ യൂ സൂൺ റിലീസ് ചെയ്തത്. കുറച്ചു കഥാപാത്രങ്ങൾ മാത്രമുള്ളതും മുറികൾക്കുള്ളിലും പരിസരങ്ങളിലുമുള്ള ലൊക്കേഷനുകളിൽ ഒതുങ്ങുന്നതുമായ സിനിമ. കോവിഡ് കാലത്തിന്റെ പരിമിതികളെ ഉൾക്കൊണ്ടും മറികടന്നും നിർമ്മിക്കപ്പെട്ട സിനിമയാണ് ഇത്. നിർമ്മിക്കപ്പെട്ട കാലം, ആവിഷ്കാര രീതി, റിലീസിംഗ്, കാണികൾ എന്നിവയെല്ലാം സവിശേഷതയുള്ള ചിത്രം, പല ഘട്ടങ്ങളിലായി മലയാളസിനിമയിൽ വികസിച്ചുവന്ന സൈബർ വ്യവഹാരങ്ങളുടെ സമ്പൂർണ്ണ രൂപമാണ്. “മനുഷ്യരാശി ഇന്ന് ലോകമെമ്പാടും കോവിഡിനെതിരെയുള്ള അതിശക്തമായ പോരാട്ടത്തിലാണ്. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ കേരള സർക്കാർ അനുശാസിക്കുന്ന പ്രോട്ടോക്കോളുകളെല്ലാം പാലിച്ചു ചിത്രീകരിച്ചതാണ് പ്രസ്തുത ചിത്രം. ലോക്ക്ഡൗൺ നിശ്ചലമാക്കിയ മലയാള സിനിമ മേഖലയിലെ, സിനിമ മാത്രം ഉപജീവനമാക്കിയ ഒരുപറ്റം തൊഴിലാളികൾക്ക് വേതനം നൽകാൻ ഈ സിനിമ ഉപകരിച്ചിട്ടുണ്ട്” എന്ന ആരംഭ വാക്യത്തോടെ, സാമൂഹിക യാഥാർത്ഥ്യത്തോടൊപ്പം ചേർന്ന് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. സിനിമയുടെ ചിത്രീകരണവും റിലീസും ലോകമെങ്ങും പിടിപെട്ട കൊറോണയുടെ സ്ഥലകാലങ്ങളിലാണെന്ന കാര്യം സിനിമ പറയുന്നില്ലെങ്കിലും പ്രേക്ഷകർക്കറിയാം. അടച്ചിട്ട മുറികളും പരിമിതമായ കഥാപാത്രങ്ങളും റിലീസിംഗ് രീതിയുമെല്ലാം അതാണ് പറയുന്നത്. കോവിഡ് കാലത്തിന്റെ അനിശ്ചിതത്വത്തെ മറികടക്കാൻ സ്വീകരിച്ച മാർഗ്ഗമാണിതെന്ന് സംവിധായകൻ തന്നെ പറയുന്നുണ്ട്.
മലയാളത്തിലെ ചേംബർ ഡ്രാമകൾ
പരിമിതമായ ലൊക്കേഷനുകളിലോ ഒരൊറ്റ ലൊക്കേഷനിലോ ചിത്രീകരിക്കുന്ന സിനിമകളെയാണ് പൊതുവിൽ ചേംബർ ഡ്രാമകൾ എന്നു പറയുന്നത്. വിഖ്യാതരായ പല സംവിധായകരും ഈ മേഖലയിൽ വിജയിച്ചിട്ടുണ്ട്. ലോക്ക്, റിസർവോയർ ഡോഗ്സ്, ബറീഡ്, ക്യൂബ്, പാനിക് റൂം, ദി പ്ലാറ്റ്ഫോം തുടങ്ങിയ ചിത്രങ്ങൾ ചേംബർ ഡ്രാമയ്ക്ക് ഉദാഹരണങ്ങളാണ്. മലയാളത്തിൽ അപൂർവമായിരുന്ന ഇത്തരം സിനിമകൾ കോവിഡിനു ശേഷം വ്യാപകമാവുകയാണ്. ചിത്രീകരണത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങളാണ് ഇതിന് പ്രധാന കാരണം. പൂർണമായും ലോക്ക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ലവ് (ഖാലിദ് റഹ്മാൻ/2020) അഖ്യാനത്തിൽ പുലർത്തിയ പുതുമയാണ് എടുത്തുപറയേണ്ടത്. ആദ്യം തിയേറ്ററിൽ റിലീസ് ചെയ്തിരുന്നെങ്കിലും അധികം വൈകാതെ തന്നെ നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയിരുന്നു. പരിമിതമായ കാഴ്ചകളാണെങ്കിലും കഥാപരിസരം ആവശ്യപ്പെടുന്ന തലങ്ങളിലെല്ലാം ഉയർന്ന് നിൽക്കുന്ന സൃഷ്ടിയാണ് ‘ലവ്’. റഹ്മാന്റെ തിരക്കഥ, പ്രേക്ഷകനെ കഥാപശ്ചാത്തലമായ ഫ്ലാറ്റിൽ തന്നെ നിലനിർത്താൻ സഹായിക്കുന്നു. പിരിമുറുക്കം അനുഭവിക്കുന്ന സാഹചര്യത്തിലും സംഭാഷണങ്ങൾക്കൊപ്പം ആക്ഷേപഹാസ്യം കൂടി ചേർത്തുള്ള അവതരണ ശൈലിയാണ് സിനിമയുടേത്.
ഒരു ത്രില്ലർ സിനിമയുടെ ഉദ്വേഗവും പിരിമുറുക്കവും ചേർന്ന ‘ലവ്’ മലയാള സിനിമക്ക് അപരിചിതമായ ആഖ്യാനസമ്പ്രദായമാണ് സ്വീകരിച്ചിട്ടുള്ളത്. ക്ലൈമാക്സ് രംഗത്തിൽ മാത്രമാണ് ചിത്രം നാല് ചുവരുകൾക്കുള്ളിൽ നിന്ന് പുറത്തിറങ്ങുന്നത്. കോവിഡ് വിഷയമാകുന്നില്ലെങ്കിലും പരിമിതമായ സാഹചര്യങ്ങളിൽ നിന്നുള്ള കഥപറച്ചിൽ എത്രമാത്രം സർഗാത്മകമാക്കാം എന്നതിനുദാഹരണമാണ് ലവ്.
സാനു ജോൺ വർഗീസ് കഥയും സംവിധാനവും നിർവഹിച്ച് ഏപ്രിൽ ആദ്യ വാരം തിയേറ്ററുകളിലെത്തിയ മലയാള ചലച്ചിത്രമാണ് ‘ആർക്കറിയാം’. ബിജു മേനോൻ, ഷറഫുദ്ദീൻ, പാർവതി തിരുവോത്ത് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മെയ് 19ന് നോൺ എക്‌സ്‌ക്ലസീവായി (ഒരു സിനിമ ഒന്നിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്ന രീതി) ആമസോൺ പ്രൈം ഉൾപ്പടെയുള്ള എട്ട് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ പ്രദർശനത്തിനെത്തി. ഈ ഗണത്തിൽ കേരളം ആസ്ഥാനമായ പ്രാദേശിക ഒ ടി.ടികളുമുണ്ടായിരുന്നു (റൂട്ട്സ്, കേവ്, കൂടെ). ഒരു കുടുംബപശ്ചാത്തലത്തിൽ കോവിഡ് സങ്കീർണതകളെ കൂടെ ചേർത്തുകൊണ്ടുള്ള വ്യത്യസ്ത കഥാവതരണമാണ് ആർക്കറിയാം. ലിംഗസമത്വമെന്ന ആശയം ഉൾക്കൊള്ളുന്ന പുരോഗമനപരമായ ധാരകൾ മുന്നോട്ടുവയ്ക്കുന്ന സിനിമ കൂടിയാണിത്. പാർവ്വതിയുടെ ഷേർലി എന്ന കഥാപാത്രത്തിലൂടെയും ഷറഫുദ്ദീന്റെ റോയ് എന്ന കഥാപാത്രത്തിലൂടെയും പുരുഷാധിപത്യ സമൂഹത്തിന്റെ നേർക്ക് ഒരു ബദൽ കുടുംബപശ്ചാത്തലം സിനിമ ഉയർത്തിക്കാട്ടുന്നു.
കോവിഡിന്റെ തുടക്കസമയത്ത് ആർക്കറിയാം? എന്നൊരു മറുചോദ്യം നമ്മുടെ ആശങ്കയായിരുന്നു. അതുവരെ ജീവിച്ച ജീവിതത്തിലേക്കും സാഹചര്യങ്ങളിലേക്കും എന്ന് മടങ്ങാനാകുമെന്ന ചോദ്യത്തിനുള്ള ഉത്തരമില്ലായ്മ. ഇതുപോലൊരു നിശ്ചയമില്ലായ്മയെ രൂപകമാക്കിയാണ് സാനു ജോൺ വർഗീസ് കഥ പറഞ്ഞത്. കോവിഡിന്റെ ആദ്യ നാളുകളിലെ ജനതാ കർഫ്യു, ലോക്ക്ഡൗൺ, യാത്രാവിലക്ക് എന്നീ നിയന്ത്രണങ്ങൾ പശ്ചാത്തലമാകുന്നു. അപ്രകാരം കോവിഡ് കഥാന്തരീക്ഷമായി തിയറ്ററുകളിലെത്തിയ ആദ്യ മലയാള ചിത്രമാമാണ് ആർക്കറിയാം. (സന്തോഷത്തിന്റെ ഒന്നാം രഹസ്യം 2021 ഫെബ്രുവരിയിൽ ഐ. എഫ്. എഫ്.കെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്നെങ്കിലും തീയേറ്ററിൽ എത്തിയിരുന്നില്ല) കഥ പറച്ചിലിന്റെ പുതുകാലത്തെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചിത്രം, കഴിഞ്ഞ ഒന്നര വർഷക്കാലമായി മലയാളിയുടെ ജീവിത രീതിയിലും സംസ്‍കാരത്തിലും ഉണ്ടായ മാറ്റത്തെ വിദഗ്ദമായി എടുത്തുക്കാട്ടുന്നുണ്ട്. “അപ്പോ ഈ ലോക്ക്ഡൗൺ ഒക്കെ ഒള്ളതാണോ?” യെന്ന ഇട്ടിയവിരയുടെ ചോദ്യത്തിൽ നിന്നും സിനിമ മുന്നോട്ടെത്തി നിൽക്കുന്നത്, രാജനോട് മുഖാവരണം ശരിയായ രീതിയിൽ ധരിക്കാൻ പറയുന്ന ഇട്ടിയവിരയിലാണ്. മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനവും അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങളും പശ്ചാത്തലത്തിൽ കടന്നുവരുന്നു. കോവിഡും ലോക്ക്ഡൗണും കച്ചവടത്തിലുണ്ടാക്കുന്ന പ്രതിസന്ധിയും തമിഴ്നാട്ടില്‍ മകൾ കുടുങ്ങിപ്പോകുന്നതിന്റെ വൈകാരിക അരക്ഷിതാവസ്ഥയും സിനിമ അവതരിപ്പിക്കുന്നു.
കോവിഡ് മഹാമാരിയെ സിനിമ എങ്ങനെ സർഗാത്മകമായി അഭിമുഖീകരിച്ചുവെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം’. 2021 ഫെബ്രുവരി 21 ന് തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഒരു കാറിനുള്ളിലെ രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ 85 മിനിറ്റിൽ ഒറ്റ ടേക്കിൽ പൂർത്തീകരിച്ചതാണ്. ലോക സിനിമയിൽ തന്നെ അപൂർവം മാത്രം കാണാവുന്ന ഒരു പരീക്ഷണം ആണിത്. ആധുനികാനന്തര സന്ദർഭത്തിൽ വ്യക്ത്യനുഭവങ്ങളുടെ സങ്കീർണതകളെ, ഒറ്റ ടേക്കിൽ, ഒരു പത്രപ്രവർത്തകയും അവളുടെ സിനിമാഭ്രമമുള്ള കാമുകനും തമ്മിലുള്ള കാർ യാത്രയിലൂടെ ആവിഷ്കരിക്കുകയാണ്. കോവിഡ് കാരണം ജോലിരംഗത്തുണ്ടായ പ്രതിസന്ധി, മാസ്ക് ഉപയോഗിച്ചുകൊണ്ടുള്ള സഞ്ചാരം, നിയമം ലംഘിച്ചുകൊണ്ടുള്ള ആൾക്കൂട്ടം എന്നിവ ദൃശ്യത്തിലൂടെയും സംഭാഷണങ്ങളിലൂടെയും ചിത്രത്തിൽ കടന്നുവരുന്നു.
ഒ. ടി. ടിക്ക് വേണ്ടി ഒരുക്കിയ ചിത്രം – ജോജി
“മാസ്ക് ധരിച്ച കഥാപാത്രങ്ങൾ. ജോജി ഒരുങ്ങുന്നത് കോവിഡ് കാലത്തെ കഥയുമായി” – ദിലീഷ് പോത്തൻ ചിത്രമായ ജോജിയുടെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെ പ്രചരിച്ച വാചകമാണിത്. 2021 ഏപ്രിൽ 7ന് ആമസോൺ പ്രൈമിൽ നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു ചിത്രം. കോവിഡ് മഹാമാരി ചലച്ചിത്രനിർമ്മാണത്തെ അടക്കം നിശ്ചലമാക്കിയപ്പോൾ ജോജി എന്ന ഇന്ത്യന്‍ സിനിമ കോവിഡ് സാഹചര്യങ്ങളെയും നിയന്ത്രണങ്ങളെയും കഥയിലുൾപ്പെടെ സാധ്യതയാക്കി മാറ്റിയെന്ന് ന്യൂയോർക്കറിലെ ക്രിട്ടിക്കും കോളമിസ്റ്റുമായ റിച്ചാർഡ് ബ്രോഡി അഭിപ്രായപ്പെട്ടിരുന്നു. സിനിമയുടെ നാടകീയതയ്ക്ക് പകർച്ചവ്യാധി സാഹചര്യത്തെ ദിലീഷ് പോത്തൻ ഉൾച്ചേർത്ത വിധവും പ്രശംസനീയമാണെന്ന് പറയുന്ന ബ്രോഡി, ശ്യാം പുഷ്‌കരന്റെ രചനാരീതിയെയും പ്രകീർത്തിക്കുന്നുണ്ട്.ജോജിയോട് ബിൻസി അപ്പന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മാസ്‌ക് ധരിക്കാൻ ആവശ്യപ്പെടുന്ന രംഗം കോവിഡ് സാഹചര്യത്തെ സിനിമ സർഗാത്മകമായി പ്രയോജനപ്പെടുത്തിയതിന് ഉദാഹരണമായി എടുത്തുപറയുന്നു. പിപിഇ കിറ്റുകൾ ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ, മാസ്കിനുള്ളിൽ ഒളിപ്പിക്കുന്ന ദുരാഗ്രഹത്തിന്റെ ചിരി, സംഭാഷണങ്ങളിൽ സ്വഭാവികമായി കടന്നുവരുന്ന തെറികൾ എന്നിവ ഇന്നത്തെ സാമൂഹിക സംസ്കാരത്തിനുള്ളിൽ/സാഹചര്യത്തിനുള്ളിൽ മാത്രം സാധ്യമാകുന്ന ചലച്ചിത്രാഖ്യാന രീതിയാണ്. അതിലൂടെ ജോജിയും പനച്ചേൽ കുടുംബവും പ്രേക്ഷകനോട് പതിവിലുമേറെ സംവദിക്കുന്നുണ്ട്. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും വാക്കുകളിൽ നിന്ന് ജോജിയെന്ന ഒ ടി ടി സിനിമയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.
” ജോജി കോവിഡ് കാലത്ത് ആലോചിച്ച് സിനിമയാണ്. ഒ ടി ടി എന്ന മാർഗ്ഗം ആദ്യം തന്നെ തീരുമാനിച്ചിരുന്നു. കോവിഡിന്റെ അന്തരീക്ഷത്തിൽ പ്രീ-പ്രൊഡക്ഷൻ ആരംഭിച്ച ചിത്രമാണ്.” – ദിലീഷ് പോത്തൻ (സംവിധായകൻ) “ജോജി ഒ.ടി.ടിക്ക് വേണ്ടി എഴുതിയ സിനിമയാണ്. എല്ലാ സീനിലും പ്രേക്ഷകർ ചിരിക്കണം എന്ന് നിർബന്ധം കുറച്ചുനാളുകൾക്കു മുമ്പ് ഉപേക്ഷിച്ചിരുന്നു. തിയേറ്ററിൽ നിയന്ത്രണങ്ങളോടെയിരുന്ന് ഈ സിനിമ കാണുകയാണെങ്കിൽ ക്ലൈമാക്സിൽ പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കാനുള്ള ഘടകങ്ങൾ ആവശ്യമായിവരും. വികാരവിരേചനം ഭയങ്കരമായി സംഭവിക്കണം. ആ സമ്മർദ്ദം ഇല്ലാതെ ചെയ്തുകൊണ്ടാണ് ജോജി നല്ല വർക്കായത്.
പലപ്പോഴും തെറികൾ ഒഴിവാക്കിയാണ് സംഭാഷണങ്ങൾ തയ്യാറാക്കുന്നത്. സെൻസർ ബോർഡിനുകൂടി ഇഷ്ടമായ തെറി കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇവിടെ ഒഴിവായി കിട്ടി. എന്നാൽ പനച്ചേൽ കുടുംബത്തിലെ അംഗങ്ങൾ തെറി പറയുന്നവരാണ്. അത് പശ്ചാത്തലമായി ചേർന്നു പോകുന്നതാണ്.” – ശ്യാം പുഷ്കരൻ (തിരക്കഥാകൃത്ത് )
മറ്റു കോവിഡ് കാല ചിത്രങ്ങൾ
ലോക്‌ഡൗൺ നിശ്ചലമാക്കുന്ന ജീവിതം മനസ്സിൽ നിറയുന്ന അനിശ്ചിതത്വത്തിന്റെ സമയത്ത് മനുഷ്യരിൽ പുറത്തെത്തുന്ന വന്യതയുടെ കഥ പറയുന്ന മലയാള ചിത്രമാണ് ‘വൂൾഫ്’. ലോക്ക്ഡൗണിൽ ജി. ആർ ഇന്ദുഗോപൻ എഴുതിയ ‘ചെന്നായ’ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഇത്. ചുരുങ്ങിയ ബജറ്റിൽ, 20 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ, സീ5 ലൂടെ 2021 ഏപ്രിൽ 18ന് പുറത്തിറങ്ങിയെങ്കിലും പ്രേക്ഷക ശ്രദ്ധ നേടാൻ കഴിയാതെ പോയി. കഥാഖ്യാനത്തിലെ പോരായ്മയാണ് പ്രധാന കാരണം. പുത്തന്‍ പുതു കാലൈ (തമിഴ്), അൺപോസ്ഡ് (ഹിന്ദി) എന്നീ ചലച്ചിത്രസമാഹാരങ്ങൾ (Anthology) കോവിഡ് കാലത്തെ മനുഷ്യജീവിതങ്ങളുടെ നേർചിത്രണമാണ് നടത്തുന്നത്.
മലയാള സിനിമയുടെ ആഖ്യാനരീതിയും കഥാപരിസരവും സ്വീകാര്യതയും കോവിഡ് കാലത്ത് നിരന്തര നവീകരണത്തിന് വിധേയമായി. മൊബൈൽ ഫോണിൽ സിനിമ ആസ്വദിക്കുന്ന മലയാളികൾക്ക് വേണ്ടി ചിത്രങ്ങൾ ഒരുങ്ങി. പല പുതിയ പരീക്ഷണങ്ങൾക്കും മലയാള സിനിമ മുതിർന്നു. സീ യൂ സൂൺ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ലവ് എന്നീ ചിത്രങ്ങൾ അതിനുദാഹരണങ്ങളാണ്. ആവർത്തന വിരസത കൂടാതെ ഒരുക്കിയ മികച്ച ചേംബർ ഡ്രാമകൾ മലയാളിയുടെ സിനിമാ ആസ്വാദനത്തിൽ കടന്നുകൂടി. ജോജി, ആർക്കറിയാം എന്നീ ചിത്രങ്ങളിൽ കോവിഡ് പ്രതിസന്ധിയും നിയന്ത്രണങ്ങളും ദൃശ്യാത്മകമായി കടന്നുവരുന്നു. ഇത് സർഗാത്മകമായ എതിരിടലാണ്. പുതിയ കാഴ്ചാ സംസ്കാരത്തിന്റെയും പുതിയ ജീവിത പരിസരത്തിന്റെയും കഥകളാണ് ഇത്തരം ചിത്രങ്ങൾ. പല മാധ്യമങ്ങൾക്കായി പലതരം സിനിമകൾ നിർമ്മിക്കപ്പെടുന്ന കാലമാണിത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ സിനിമ കാണുന്ന പ്രേക്ഷകരുടെ അഭിരുചി വ്യത്യാസപ്പെടും. അപ്പോൾ അവർക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന ചിത്രങ്ങൾ പുതിയ വ്യാകരണത്തിൽ അധിഷ്ഠിതമാകും. ഒ.ടി.ടിയെന്നാൽ തിയേറ്ററിനെ പൂർണമായി നിരാകരിക്കലല്ല. പ്രേക്ഷകൻ ഒരു സമൂഹത്തിന്റെ ഭാഗമാവുകയാണ് തീയേറ്ററിൽ. സമൂഹം അവനനവനിലേക്ക് ചുരുങ്ങിയ രോഗപ്രതിസന്ധിയുടെ കാലത്താണ് ഒ.ടി.ടിയെന്ന ബദൽ മാർഗം ചലച്ചിത്ര മേഖലയുടെ രക്ഷയ്‌ക്കെത്തിയത്. നിയന്ത്രണങ്ങൾ നീങ്ങിയാൽ തിയേറ്റർ വീണ്ടും സജീവമാകും. പക്ഷേ ഒ.ടി.ടി സിനിമകളെ ഇനി നമുക്ക് നിഷേധിക്കാൻ സാധിക്കില്ല. സിനിമയെന്ന കലയുടെയും സിനിമയെന്ന വ്യവസായത്തിന്റെയും പുതിയൊരിടമായി അതിവിടെ ഉണ്ടാകും. സാഹിത്യം സംസ്‍കാരവുമായി ബന്ധം പുലർത്തുന്നതുപോലെ, സിനിമ സംസ്കാരത്തെയും അതിലൂടെ സാഹിത്യത്തെയും സ്വാധീനിക്കുന്നുണ്ട്. സിനിമയുടെ ആഖ്യാനവും അത് തുറന്നിടുന്ന ലോകവും സമൂഹത്തിന്റെ പരിച്ഛേദം ആകുന്നതിനാൽ സമകാലിക മലയാള സിനിമയെക്കുറിച്ചുള്ള പഠനം സമകാലിക ജീവിതത്തേക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമുള്ള വിശാലമായ പഠനം കൂടിയായി മാറുന്നു.
References
1. ഷാജി ജേക്കബ്,ജനപ്രിയസംസ്കാരം ചരിത്രവും സിദ്ധാന്തവും, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2009
2. അടൂർ ഗോപാലകൃഷ്ണൻ, സിനിമ സംസ്കാരം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011
3. സി.മോഹനകൃഷ്ണൻ, സ്ക്രീൻ ജീവിതങ്ങളുടെ വർത്തമാനം, സമകാലിക മലയാളം, 2020 ഒക്ടോബർ 5
4. ദിലീഷ് പോത്തൻ അഭിമുഖം ഭാഗം 1, ദി ക്യു സ്റ്റുഡിയോ, 2021 മാർച്ച് 31
5. ശ്യാം പുഷ്കരൻ അഭിമുഖം, മനോരമ ന്യൂസ്, 2021 ഏപ്രിൽ 9
6. സിനിമ അതിജീവിക്കും (ലേഖനം), കേരള കൗമുദി, 2020 ജൂൺ 12
7. Richard Brody, ‘Joji’, Reviewed : The First Major Film of the Covid – 19 Pandemic, The Newyorker, 2021 June 1
ഷെറിൻ പി യോഹന്നാൻ
പത്തനംതിട്ട കുന്നംന്താനം സ്വദേശി. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ ബിരുദാന്തര ബിരുദവും തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും നേടി. ചലച്ചിത്ര നിരൂപണങ്ങൾ എഴുതി വരുന്നു.
Leave a Reply