ലിസ മാത്യു

കോവിഡ് കാലം ലോകത്തെ സംബന്ധിച്ചിടത്തോളം പൊരുത്തപ്പെടലുകളുടെ കാലമാണ്. മുൻപ് സ്വാതന്ത്ര്യപൂർവ്വം നാം ചെയ്തിരുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കേണ്ടി വരുന്ന ഒരു സാഹചര്യം. മാസ്കുകൾ ധരിച്ചും, ആഘോഷങ്ങൾ ഒഴിവാക്കിയും, സാമൂഹിക അകലം പാലിച്ചുമെല്ലാം ഓരോ മലയാളിയും ഈ പൊരുത്തപ്പെടലുകളുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഈ മഹാമാരിയുടെ കാലത്ത് വീടുകൾക്ക് പുറത്തിറങ്ങാൻ സാധിക്കാതെ മാനസിക സംഘർഷം അനുഭവിക്കുന്ന വാർദ്ധക്യ സമൂഹവും, തങ്ങളുടെ ജോലി സാധ്യതകൾകൾക്ക് മേൽ മങ്ങലേൽപ്പിക്കപ്പെട്ട യൗവനക്കാരും, കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ പേറുന്ന മധ്യവയസ്കരുമെല്ലാം നമ്മുടെ ചർച്ചാവിഷയമായി മാറി കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ഇവർക്കിടയിൽ പലപ്പോഴും അവഗണിക്കപ്പെട്ടുപോയവരാണ് കേരളത്തിലെ വിദ്യാർത്ഥിസമൂഹം, പ്രത്യേകിച്ച് കോളേജ് വിദ്യാർത്ഥികൾ. പുതിയ പഠന രീതികൾ വിദ്യാർഥികൾക്ക് സൗകര്യപ്രദമെന്ന് ചിലരെങ്കിലും അഭിപ്രായപ്പെട്ടപ്പോൾ, അത്തരം അഭിപ്രായപ്രകടനങ്ങൾക്കിടയിൽ ഓരോ കോളേജ് വിദ്യാർത്ഥിയും കടന്നുപോകുന്ന മാനസികസംഘർഷങ്ങൾ മനപ്പൂർവ്വമല്ലാതെയെങ്കിലും അവഗണിക്കപ്പെട്ടു.

ഗൂഗിൾ മീറ്റ്, സൂം എന്നീ പ്ലാറ്റ് ഫോമുകളിലൂടെയാണ് കേരളത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് ലൈവ് ക്ലാസ്സുകൾ അധികവും നടത്തപ്പെടുന്നത്. വിദ്യാർത്ഥികൾക്ക് യാത്രാക്ലേശം ഒഴിവായി എന്നതാണ് ചിലരെങ്കിലും ഓൺലൈൻ പഠന രീതിയുടെ മെച്ചമായി ഉയർത്തിക്കാട്ടിയത്. എന്നാൽ ഇവിടെ കോളേജ് വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് തങ്ങളുടെ ക്യാമ്പസ് ജീവിതവും അനുഭവങ്ങളുമാണ്. പണ്ട് ഓരോ ആഘോഷങ്ങളും അതിന്റെ തനതായ പകിട്ടോടുകൂടി കോളേജുകളിൽ ആഘോഷിക്കപ്പെട്ടിരുന്നു. സമൂഹത്തിലെ ഓരോ ചലനങ്ങളോടും ക്രിയാത്മകമായ പ്രതികരണങ്ങൾ ചർച്ചകളിലൂടെയും വിദ്യാർത്ഥി കൂട്ടായ്മകളിലൂടെയും ക്യാമ്പസുകളിൽ പ്രതിധ്വനിച്ചിരുന്നു. ഇന്നുള്ള വെർച്വൽ വെബിനാറുകളെ ഇത്തരം ചർച്ചകളോട് താരതമ്യപ്പെടുത്താൻ ഒരിക്കലും സാധിക്കുകയില്ല. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതിന് ഒരു പരിധിവരെയെങ്കിലും ഓൺലൈൻ ക്ലാസുകൾ കാരണമാകുന്നു. ഒരു ക്ലാസിലെ കുട്ടികൾ തമ്മിൽ പരസ്പരം ഒരുതരത്തിലുള്ള ആത്മബന്ധങ്ങളും ഇല്ലാതെ, അധ്യാപകർ വിദ്യാർഥികളെ മുഖാമുഖം കാണാതെ കേവലം ചില ഐക്കണുകളെ മാത്രം കണ്ട് പഠിപ്പിക്കേണ്ട സാഹചര്യത്തിൽ എത്തിനിൽക്കുകയാണ് ഇന്നത്തെ കോളേജുകളിലെ ഓൺലൈൻ ക്ലാസ്സുകളുടെ അവസ്ഥ. വിദ്യാർഥികൾക്കൊപ്പം തന്നെ അധ്യാപകരും വളരെയധികം പിരിമുറുക്കം അനുഭവിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇന്ന്.

മുൻപ് രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ ആയിരുന്നു പരമാവധി കോളേജുകളിൽ ക്ലാസുകളെങ്കിൽ, ഓൺലൈൻ രീതിയിൽ രാവിലെ മുതൽ ആരംഭിക്കുന്ന ക്ലാസ്സുകൾ ചിലപ്പോൾ ചില കോളേജുകളിലെങ്കിലും രാത്രി എട്ടുമണി വരെ നീണ്ടുനിൽക്കുന്ന സാഹചര്യവും ഉണ്ട്. നീണ്ട മണിക്കൂറുകൾ കമ്പ്യൂട്ടറുകൾക്ക് മുൻപിലും ഫോണുകൾക്ക് മുൻപിലും ചിലവിടേണ്ടി വരുന്ന വിദ്യാർത്ഥികൾ, ക്ലാസ്സുകൾക്ക് ശേഷം ഉള്ള പഠനത്തിനായും ഇതേ ഉപകരണങ്ങളെ തന്നെ ആശ്രയിക്കേണ്ടതായി വരുന്നു. ഇത് കുട്ടികളുടെ കണ്ണുകൾക്കും ശരീരത്തിനും ഉണ്ടാക്കുന്ന ആഘാതം വളരെ വലുതാണെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ സമയം ഫോണിൽ ചിലവിടുന്നത്, ചിലപ്പോഴെങ്കിലും വിദ്യാർഥികളുടെ ശ്രദ്ധ പഠനത്തിൽ നിന്നും മറ്റ് ആപ്പുകളിലേക്ക് വ്യതിചലിക്കുന്നതിനും കാരണമാകുന്നു. നീണ്ട മണിക്കൂറുകൾ തങ്ങളുടെ മുറികളിൽ കമ്പ്യൂട്ടറുകൾക്ക് മുൻപിൽ ചെലവഴിക്കുന്നത് വിദ്യാർത്ഥികളുടെ മാനസിക ആരോഗ്യത്തോടൊപ്പം തന്നെ ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ നിർബന്ധിതരാകുന്ന വിദ്യാർഥികൾ, കോളേജുകളിലുണ്ടായിരുന്ന പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്നെല്ലാം ഇന്നകലെയാണ്.

ഇതോടൊപ്പംതന്നെ അമിത പഠന ഭാരവും കുട്ടികളുടെ മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുന്നുണ്ട്. സാമൂഹിക ബന്ധങ്ങൾ എല്ലാം തന്നെ ഇന്ന് വിദ്യാർഥികൾക്ക് അന്യമായി കൊണ്ടിരിക്കുന്നു. ഇതിനെല്ലാം പുറമേ നെറ്റ് വർക്ക് പ്രശ്നങ്ങളും, ഡേറ്റാ ലഭ്യതക്കുറവുമെല്ലാം കുട്ടികളെ വലയ്ക്കുന്നു. സയൻസ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ലാബുകളിലെ പ്രാക്ടിക്കൽ എക്സ്പിരി മെന്റുകൾ ഒന്നുംതന്നെ ചെയ്യാനാവാത്ത സാഹചര്യമാണ്. കൂടുതലായി വായനയും റിസർച്ചുകളും ആവശ്യമുള്ള പി ജി വിദ്യാർത്ഥികൾക്ക് ലൈബ്രറി സൗകര്യങ്ങൾ പോലും ലഭ്യമാക്കുവാൻ സാധിക്കുന്നില്ല. ഓൺലൈൻ ലൈബ്രറി സൗകര്യങ്ങളിൽ എല്ലാ റഫറൻസ് ബുക്കുകളും വിദ്യാർഥികൾക്ക് ലഭ്യമാകുന്നില്ല.

കോവിഡ് കാലത്ത് മറ്റൊരു സാഹചര്യം ലഭ്യമല്ലാത്തതിനാൽ ഇവയെല്ലാമായി പൊരുത്തപ്പെട്ടാണ് വിദ്യാർഥികൾ മുന്നോട്ടുപോകുന്നത്. ഓൺലൈൻ ക്ലാസ്സുകൾക്ക് ചില നന്മകൾ ഉണ്ടെന്ന് നാം പറയുമ്പോഴും, ഓൺലൈൻ രീതി തുടരുന്നതിനെ ഭൂരിഭാഗം വിദ്യാർത്ഥികളും അംഗീകരിക്കുന്നില്ല. ഈ ഓണക്കാലത്ത് കോളേജിന്റെ അനുഭവങ്ങളിലേക്ക് തിരിച്ചു പോകുവാനാണ് ഓരോ വിദ്യാർത്ഥിയും ആഗ്രഹിക്കുന്നുണ്ട്. കോളേജിലെ പഠനാന്തരീക്ഷവും ലൈബ്രറിയും ഇരിപ്പിടങ്ങളുമെല്ലാം ഓരോ വിദ്യാർത്ഥിയെയും ആകർഷിക്കുന്നു. കോവിഡ് കാല പ്രതിസന്ധി അവസാനിച്ച് എത്രയും വേഗം കലാലയങ്ങൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വിദ്യാർത്ഥിസമൂഹം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിസ മാത്യു

ചങ്ങനാശ്ശേരി എസ്‌ ബി കോളേജിൽ എം എ ഇംഗ്ലീഷ് വിദ്യാർത്ഥിനി. തിരുവല്ല മാർത്തോമാ കോളേജിൽനിന്നും ഇംഗ്ലീഷിൽ ബിരുദം നേടി. മലയാള മനോരമയുടെ വിദ്യാർത്ഥി സംഘടനയായ അഖില കേരള ബാലജനസഖ്യം പത്തനംതിട്ട മേഖലാ പ്രസിഡണ്ട് ആയി പ്രവർത്തിച്ചിട്ടുണ്ട്.