സുരേഷ് തെക്കീട്ടിൽ
തിലകവതിയുടെ സ്വപ്നസഞ്ചാരങ്ങൾ എന്ന മികച്ച കഥയിലൂടെ ശ്രീ. റ്റിജി തോമസ് തെളിയിച്ചു തരുന്ന ഒരു വലിയ സത്യമുണ്ട് .മലയാള കഥാലോകം കടന്നുപോകുന്ന അല്ലെങ്കിൽ കൈവരിച്ച വ്യത്യസ്തതയാർന്ന തലം എത്ര ഉയരെയാണ്എന്ന്. കഥകളാൽ സമ്പന്നമായ മലയാളം യു. കെ യുടെ ഓണവിഭവങ്ങളെയാക്കെ ധന്യമാക്കുന്നുണ്ട് ഈ കഥ എന്ന് എന്നിലെ വായനക്കാരൻ അഭിമാനത്തോടെ സാക്ഷ്യപ്പെടുത്തട്ടെ .
എത്ര ഭംഗിയായാണ് ഈ കഥാകാരൻ കഥ പറയുന്നത് .വായനക്കാരെ മുഴുവൻ ആകാംഷയുടെ മുൾമുനയിൽ നിർത്തി കൊണ്ട് സൂക്ഷ്മ വായന സമ്മാനിക്കുന്നത്. അവതരണം പത്രസൃഷ്ടി എല്ലാം അതിശക്തം. മയിൽപീലിയും ചിത്രശലഭങ്ങളും പക്ഷികളും മാത്രം പ്രൊഫൈൽ ചിത്രത്തിൽ ഉണ്ടായിരുന്ന തിലകവതി സ്വന്തം ചിത്രം പ്രൊഫൈൽ ചിത്രമായി ആയി വെച്ചത് കണ്ട പഴയ കൂട്ടുകാരി രേണുവിന്റെ ഓർമ്മകൾ വിടരുന്നിടത്താണ് കഥയാരംഭിക്കുന്നത്. അവിടെ ആരംഭിക്കുന്ന പിരിമുറുക്കം ഒട്ടും നഷ്ടപ്പെടാതെയാണ് കഥ പുരോഗമിക്കുന്നത്. തെങ്കാശി സ്വദേശിയായ തിലകവതിയുടെ കഥ പറയുന്ന രചനയിലെ നായിക ഈയടുത്ത കാലത്ത് മലയാള കഥകളിൽ അവതരിപ്പിക്കപ്പെട്ട മികച്ച സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണ്.ഇത് ഉറപ്പിച്ച് പറയുമ്പോൾ എഴുതുമ്പോൾ കഥവായിച്ചവർ എന്നോട് യോജിക്കും എന്നെനിക്കുറപ്പാണ്. രചനകളുടെ ആത്മാവറിഞ്ഞ് വരികൾ കുറിക്കാൻ ഇവിടെ സ്ഥല പരിമിതികൾ ഉണ്ട്. ഈ കഥയെ കുറിച്ച് പറയുമ്പോൾ അല്പമെങ്കിലും പറഞ്ഞു എന്ന തൃപ്തി എനിക്ക് വരണമെങ്കിൽ രണ്ട് പേജുകളെങ്കിലും വേണം. ഇവിടെ ഓണ വിഭവങ്ങളെ ഒന്നു പറഞ്ഞു പോകാൻ മാത്രമേ അവസരമുള്ളൂ. സമയമുള്ളൂ .കഥയോട് നീതിപുലർത്താൻ ഈ തൊട്ടു തലോടി പോകൽ കൊണ്ട് സാധ്യമാകില്ല എന്ന് എറ്റവും കൂടുതൽ അറിയുന്നതും ഈ എഴുതുന്ന എനിക്കു തന്നെ. തിലകവതിയെ കുറിച്ച് പറയുന്നിടത്ത് കഥാകാരൻ പറയുന്നുണ്ട് “ഇരുട്ടത്ത് അവരുടെ കണ്ണുകൾക്ക് ഒരു പ്രത്യേകത ഉള്ളതായി എനിക്ക് കാണാമായിരുന്നു.”ഞാൻ ഈ കഥയെ കുറിച്ച് ഇങ്ങനെ എഴുതുന്നു ഈ ഓണവിഭവങ്ങളുടെ കൂട്ടത്തിൽ ഈ കഥയ്ക്ക് എന്തൊക്കെയോ പ്രത്യേകകതയുള്ളതായി ഞാൻ കാണുന്നു. മികച്ച കഥയിലെ കരുത്തുള്ള കഥാപാത്രത്തിൻ്റെ ജ്വലിക്കുന്ന കണ്ണുകൾ പോലെ എന്തൊക്കെയോ പ്രത്യേകത. ഈ കഥാകാരനെ ഞാൻ ഹൃദയത്തോട് ചേർക്കുന്നു. ഈ കഥയേയും.
കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്
“തിലകവതീ നീ ജീവിച്ചിരിപ്പുണ്ടോ? അതോ നിൻ്റെ സ്വപ്നങ്ങളുമായി അനന്ത വിസ്മൃതിയിലാണോ?”
ഇതാ ഉത്തരം. സംശയയിക്കുകയേ വേണ്ട . തിലകവതി ജീവിച്ചിരിപ്പുണ്ട് . ജീവിച്ചിരിക്കുകയും ചെയ്യും. മരണമില്ലാതെ …..
ഈ കഥാകാരനിൽ നിന്നും കരുത്തു നിറഞ്ഞ വ്യത്യസ്തതനിറഞ്ഞ കഥകൾ ഇനിയുമിനിയും പിറക്കട്ടെ.
“പ്ലാവ് ഒരു ഒറ്റത്തടി വൃക്ഷം അല്ലെങ്കിൽ സാറാമ്മ ചേട്ടത്തിയുടെ ഓണസമ്മാനം” എന്ന കഥ ശ്രീ.റജി വർക്കി വളരെ സരസമായി അവതരിപ്പിച്ചിരിക്കുന്നു. രചനയിൽ ശുദ്ധ ഹാസ്യം നിറക്കുക എന്നത് ഉയർന്ന സർഗ്ഗശേഷിയുള്ളവർക്ക് മാത്രം സാധിക്കുന്നതാണ് .ഈ കഥ വായനയ്ക്ക് എടുത്തപ്പോൾ ഇത് എന്തോന്ന് പേര് എന്ന് ഞാൻ ചിന്തിച്ചു പോയി. വായിച്ചു തീർന്നപ്പോൾ ഇതല്ലാതെ ഈ രചനയ്ക്ക് എന്തു പേര് തന്ന് ഞാൻ സ്വയം ചോദിക്കുകയും ചെയ്തു. രസകരമായ പ്രയോഗങ്ങൾ വരികളിൽ നിറയെ ഒട്ടും മുഴച്ചു നിൽക്കാത്ത വിധം ഭംഗിയോടെ ചേർത്തുവച്ചിരിക്കുന്നു. കുട്ടികൾ രാവിലെ ആരംഭിക്കുന്ന ക്രിക്കറ്റ് കളി അവസാനിക്കുന്നത് വൈകിയിട്ട് ബാറ്റിംഗ് കാരനെ കാണാൻ കഴിയാത്ത വിധം ഇരുട്ടു വീഴുമ്പോഴാണത്രേ. ക്രിക്കറ്റ് കളിക്കാൻ വീട്ടിൽ നിന്ന് അനുവാദം കിട്ടണമെങ്കിൽ ആടിനുള്ള തീറ്റ കൊണ്ടുവരണമെന്ന് വീട്ടിലെ നിബന്ധനയ്ക്ക് പരിഹാരം കാണുന്നത് ഒഴിഞ്ഞുകിടക്കുന്ന സാറാമ്മ ചേച്ചിയുടെ ചാത്തനാട്ട് വീട്ടിലെ പ്ലാവിന്റെ ഇല വെട്ടി കൊണ്ടാണ് .ഏറ്റവും എളുപ്പമായ മാർഗത്തിലുള്ള ഈ ആടു തീറ്റൽ പ്രക്രിയ കാരണം ക്രമേണ സാറാമ്മ ചേട്ടത്തിയുടെ പ്ലാവുകൾ തെങ്ങുകൾ പോലെയായി .തലയിൽ മാത്രം ഇലയുള്ള ഒരു ചെടിയായി പ്ലാവു മാറി. ഓണത്തിന് സാറാമ ചേച്ചി എത്തിയില്ലായിരുന്നില്ലെങ്കിലോ …. ഉം … പ്ലാവ് ഇലയില്ലാത്ത ചെടിയായി മാറുമായിരുന്നു. അല്ല പിന്നെ. മുപ്പത് വാട്ട് ഉച്ചഭാഷിണിയായ മൈക്ക് സാറാമയുടെ തിരുവോണപ്പുലരിയിലെ തെറിയിലാണ് കഥ ആരംഭിക്കുന്നത്. വായനക്ക് ശേഷവും ഈ കഥാപാത്രം നമ്മുടെ ചിന്തകളിലുണ്ടാകും.
ഡോക്ടർ .ഉഷാറാണി എഴുതിയ കവിത ”സഖിമാർ ” എത്ര ദൂരം ഒന്നിച്ച് പിണങ്ങാതെ, പിരിയാതെ സഞ്ചരിച്ചവർ ,കാൽ തളരാതെ വാക്കുകൾ മുറിയാതെ സൗഹൃദത്തിൻ്റെ ചിത്രങ്ങൾ ബാല്യകൗമാരങ്ങൾ ഓർമിപ്പിക്കുന്നു. ഈ രചന പിന്നിട്ടുപോയ കാലം മനോഹരമാണ് എന്ന് പറഞ്ഞു തരുന്നു. പറഞ്ഞു തരിക മാത്രമല്ല നമ്മിലെത്തിക്കുന്നു.
ഡോ .ഐഷ .വി .യുടെലേഖനം കലാലയ കാലത്തിൻ്റെ മധുരം വറ്റാത്ത ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകുകയാണ്. മറക്കാനാകാത്ത ഒരു കാലത്തിലെ മായ്ച്ചു കളയാൻ ആകാത്ത ഓർമ്മകളെ കുറിച്ചാണ് ഈ എഴുത്ത് .ഹോസ്റ്റൽ ജീവിതകാലത്ത് സാമൂതിരി കോവിലകത്തെ മാങ്കാവ് പടിഞ്ഞാറെ കോവിലകത്തേക്ക് ക്ഷണിക്കുന്ന രാധിക എന്ന കൂട്ടുകാരി .അവിടെ ഒരുക്കിയ ഓലൻ കാളൻ തുടങ്ങിയ അതിവിശിഷ്ടവും രുചികരവുമായ വിഭവങ്ങൾ, ഓണക്കാഴ്ചകൾ, ഓണവിശേഷങ്ങൾ
എല്ലാം മനോഹരമായി തന്നെ അവതരിപ്പിക്കുന്നുണ്ട്. കോഴിക്കോട് ആർ.ഇ.സിയിലെ പഠനകാലത്തെ അതായത് ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിലെ ഓണത്തെ കുറിച്ചാണ് ഈ ഓർമ്മകൾ പങ്കുവെക്കൽ .നല്ല വായനാനുഭവം പകരുന്നു ഗൃഹാതുര സ്മരണകൾ ഉണർത്തുന്നു
“പാടിപതിഞ്ഞൊരോണപ്പാട്ട് വീണ്ടുമിന്നാരോ മധുരമായി പാടി, പൂക്കാത്ത നാട്ടുമാവിൻ കൊമ്പിലൊരുണ്ണിയെ തേടുന്നൊരാൾ തളർന്നുറങ്ങീ ” ശ്രീ .ബാബുരാജ് കളമ്പൂരിന്റെ കവിത കലുഷമായ കാലത്തിൻ്റെ തീവെയിലിൽ നിന്നും വർഷമേഘ കനിവുമായി വരാൻ ശ്രാവണ കന്യകയെ ക്ഷണിക്കുകയാണ് . വർണങ്ങളേഴും വിടർത്തുന്നൊരുഷസ്സിൻ്റെ നറുന്ദഹാസമായി വരാൻ കവി ആവശ്യപ്പെടുകയാണ്. പറയാതെ വയ്യ മികച്ച വരികൾ.
ശ്രീ.ഷിജോ തോമസ് ഇലഞ്ഞിക്കൽ അവതരിപ്പിക്കുന്ന ആക്ഷേപഹാസ്യം കലർന്ന കലർന്ന എന്നല്ല നിറയുന്ന മഹാബലി കമ്മീഷൻ റിപ്പോർട്ട് സമകാലിക സംഭവങ്ങളുമായി ചേർത്തു വായിക്കണം. അതിശക്തമായി തന്നെയാണ് ഈ വിഷയം കഥയിലെത്തുന്നത്.
മഹാബലിയുടെ വരവുമായി ചേർത്തുവച്ചാണ് ഈ വിഷയം കൈകാര്യം ചെയ്തിരിക്കുന്നത്. പാതാളത്തിൽ നിന്നും ഭൂമിയുടെ വാതിലിൽ മുട്ടുമ്പോൾ അവൾ എൻ്റെ പേരും പറയുമോ വൈറലാകാൻ എന്ന് മഹാബലി സംശയിക്കുന്നു. സംശയിക്കാതിരിക്കുമോ? രസകരമായ അവതരണം. നാടിൻ്റെ വേദനകൾ പ്രയാസങ്ങൾ ദുരിതങ്ങൾ എല്ലാം രചന തൊട്ടറിയുന്നുണ്ട്. അഭിനന്ദനങ്ങൾ.
“ഉലകത്തിൻ മൊഴിമാറ്റം”എന്ന കവിതയുമായാണ് ശ്രീമതി .ഐശ്വര്യ ലക്ഷ്മി ഓണവിഭവങ്ങളിൽ പങ്കാളിയായത് .വേറിട്ട ഒരു എഴുത്തുരീതി ഈ കവിതയിൽ കാണാം. ആ പ്രത്യേകത കൊണ്ട് തന്നെയാണ് രചന ശ്രദ്ധിക്കപ്പെടുന്നതും. തണൽ പെയ്ത് തുടങ്ങിയ ഒട്ടേറെ പുതുമയുള്ള വാക്കുകൾ കവിതയിൽ ഉപയോഗിച്ചിരിക്കുന്നു. “പരിചിതമായ ലോകം മേലെ നോക്കിയാൽ ആകാശം താഴെ ഭൂമി പറിച്ചു മാറ്റലുകളുടേയും ചേർത്തു നിർത്തലുകളുടേയും മൊഴിമാറ്റം”
കവിത ആരംഭിക്കുന്നത് ഇങ്ങനെയാണ്.
ഓണവിഭവങ്ങൾ ഇവിടെ തീരുന്നില്ല കഥയുടെ ക്രാഫ്ട് നന്നായറിയുന്ന ശ്രീമതി.ലത മണ്ടോടി ഉൾപ്പെടെ ഒരു പിടി സർഗ്ഗധനരുടെ സൃഷ്ടികൾ ബാക്കിയാണ്. ഒരദ്ധ്യായം കൂടി എനിക്കനുവദിക്കുക.ഈ ഓട്ടപ്രദക്ഷണം പൂർത്തിയാക്കുവാൻ.
(തുടരും)
സുരേഷ് തെക്കീട്ടിൽ
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കടുത്ത പാലൂർ സ്വദേശി .സവിനയം പറയട്ടെ, കഥ നിറയും കാലം, കഥയുണരും കാലം, എന്നീ മൂന്ന് കഥാസമാഹാരങ്ങളും, നിറഞ്ഞൊഴുകും നിള വീണ്ടും എന്ന കവിതാ സമാഹാരവും പത്തോർമ്മകളും പിന്നെ പാലൂരോർമ്മകളും എന്ന ഓർമ്മക്കുറിപ്പുകളും, ബീ പ്രാക്ടിക്കൽ എന്ന നോവലും പ്രസിദ്ധീകരിച്ചു. .മുക്കം ഭാസി മാഷുടെ ആത്മകഥയുൾപ്പെടെ 21 കൃതികൾക്ക് അവതാരികയെഴുതി. കഥകളും, ഹ്രസ്വ കഥകളും,കവിതകളുമായി രണ്ടായിരത്തിലധികം രചനകൾ. അഞ്ഞൂറോളം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു .
ആകാശവാണിയിലൂടെ കഥകളും കവിതകളും പ്രക്ഷേപണം ചെയ്യപ്പെട്ടു. പതിനേഴു പുരസ്കാരങ്ങൾക്ക് അർഹനായി. സോഷ്യൽ മീഡിയായിൽ ഏറ്റവും കൂടുതൽ കഥകൾ എഴുതിയ ഇന്ത്യൻ എഴുത്തുകാരൻ എന്ന യു.ആർ.എഫ് നാഷണൽ റെക്കാർഡിന് 2018ൽ അർഹനായി.
Leave a Reply