ഫാ. ബിജു കുന്നയ്ക്കാട്ട് പി.ആര്‍.ഒ

ബ്രിസ്റ്റോള്‍: ദൈവമായിരുന്നിട്ടും സ്വയം ശൂന്യനാക്കിയ ഈശോയുടെ മാതൃക അനുകരിക്കുമ്പോഴാണ് നമ്മിലും ദൈവരാജ്യം വരുന്നതെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ ഒക്ടോബറില്‍ നടക്കുന്ന ‘അഭിഷേകാഗ്‌നി’ ധ്യാനനങ്ങള്‍ക്കൊരുക്കമായി രൂപതയിലെ എട്ടു റീജിയണുകളില്‍ സംഘടിക്കുന്ന ഏകദിന ഒരുക്ക ധ്യാനങ്ങളിലെ ആദ്യധ്യാനത്തിന് ബ്രിസ്റ്റോളില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. സ്വയം എളിമപ്പെടുത്തി ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ച് കാഴ്ചശക്തിക്കായി ഈശോയോടു പ്രാര്‍ത്ഥിച്ച ബൈബിളിലെ രണ്ട് അന്ധന്മാരുടെ വിശ്വാസത്തിന്റെ ആഴം നമുക്കുമുണ്ടാവണമെന്ന് മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

പ്രവൃത്തി ദിവസമായിരുന്നിട്ടു കൂടി ധാരാളം വിശ്വാസികള്‍ ബ്രിസ്റ്റോള്‍ – കാര്‍ഡിഫ് റീജിയണില്‍ നിന്ന് ഈ ആദ്യ ഒരുക്കധ്യാനം നടന്ന സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലേക്ക് ഒഴുകിയെത്തി. റീജിയണ്‍ രക്ഷാധികാരി റവ. ഫാ. പോള്‍ വെട്ടിക്കാട്ടിന്റെയും കമ്മറ്റിയംഗങ്ങളടെയും നേതൃത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ യുകയിലെ സെഹിയോന്‍ മിനിസ്ട്രീസിന്റെ ഡയറക്ടറും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറുമായ റവ. ഫാ. സോജി ഓലിക്കല്‍, പ്രസിദ്ധ അല്‍മായ വചന പ്രഘോഷകന്‍ ബ്രദര്‍ റെജി കൊട്ടാരം എന്നിവരും വചന ശുശ്രൂഷ നടത്തി. റീജിയണിലെ എല്ലാ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നും വിശ്വാസികള്‍ താല്‍പര്യപൂര്‍വം ധ്യാനത്തില്‍ പങ്കുചേരാനെത്തി. സുപ്രസിദ്ധ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനെല്ലൂര്‍ നേതൃത്വം നല്‍കിയ ഗാനശുശ്രൂഷയും പുത്തന്‍ ഉണര്‍വേകി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രണ്ടാമത്തെ ഏകദിന ഒരുക്കധ്യാനം ഇന്ന് ലണ്ടന്‍ റീജിയണില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ നടക്കുന്ന കണ്‍വെന്‍ഷന് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ പ്രോട്ടെ സിഞ്ചെല്ലൂസ് റവ. ഡോ. തോമസ് പാറയടിയില്‍ എം.എസ്.ടിയാണ് നേതൃത്വം വഹിക്കുന്നത്. ശുശ്രൂഷകള്‍ക്കിടയില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിക്കുകയും വിശ്വാസികളോട് വചനസന്ദേശം പങ്കുവെയ്ക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന ദൈവവചന പ്രഘോഷങ്ങള്‍ക്ക് റവ. ഫാ. സോജി ഓലിക്കലും ബ്രദര്‍ റെജി കൊട്ടാരവും നേതൃത്വം നല്‍കും. ലണ്ടന്‍ റീജിയണിലുള്ള എല്ലാവരേയും ഈ അനുഗ്രഹ ദിവസത്തിലേയ്ക്ക് യേശുനാമത്തില്‍ സ്വാഗതം ചെയ്യുന്നു. കണ്‍വെന്‍ഷന്‍ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ്.

Most Precious Blood and St. Edmund Church, 115, Hertford Road, Edmunton, London, N11 1 AA