ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്മാർട്ട്ഫോൺ ഉപയോഗം നിരോധിക്കാൻ ഒരുങ്ങി ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സ്കൂൾ അക്കാദമി ട്രസ്റ്റുകളിലൊന്നായ ഓർമിസ്റ്റൺ അക്കാദമി. 42 സ്റ്റേറ്റ് സ്കൂളുകളിലായി 35,000 വിദ്യാർത്ഥികൾ ഓർമിസ്റ്റൺ അക്കാദമിയിൽ പഠിക്കുന്നുണ്ട്. അധ്യാപനം, പഠനം, കുട്ടികളുടെ പെരുമാറ്റം, അവരുടെ മാനസികാരോഗ്യം എന്നിവയെ മൊബൈൽ ഫോണുകൾ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതർ പുതിയ നിരോധനം ഏർപ്പെടുത്താൻ പോകുന്നത്. മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ കീഴിൽ പുറപ്പെടുവിച്ച വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള മുൻകൂർ മാർഗ്ഗനിർദ്ദേശ പ്രകാരം ക്ലാസ് മുറിയിലെ തടസ്സങ്ങൾ കുറയ്ക്കുന്നതിനും ഫോൺ ഉപയോഗം പരിമിതപ്പെടുത്തണമെന്ന് പറയുന്നുണ്ട്.

ചെഷയർ മുതൽ ഐൽ ഓഫ് വൈറ്റ് വരെയുള്ള ആറ് പ്രൈമറി സ്‌കൂളുകളും 32 സെക്കൻഡറി സ്‌കൂളുകളും ഉൾപ്പെടെ ഓർമിസ്റ്റൺ അക്കാദമിസ് ട്രസ്റ്റ് അതിൻ്റെ എല്ലാ സ്കൂളുകളിലും ഫോൺ നിരോധനം നടപ്പിലാക്കും. എട്ട് സെക്കൻഡറി സ്കൂളുകൾ ഇത് നടപ്പിലാക്കാൻ ആരംഭിച്ചിരിക്കുകയാണ്. പുതിയ നിയമത്തിന് രക്ഷിതാക്കളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ട്രസ്റ്റിൻ്റെ പ്രൈമറി, സ്പെഷ്യൽ നീഡ്‌സ് ആൻഡ് ആൾട്ടർനേറ്റീവ് പ്രൊവിഷൻ സ്കൂളുകളിൽ ഇതിനോടകം തന്നെ ഈ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ട്രസ്റ്റിൻെറ കീഴിലുള്ള ഓരോ സ്‌കൂളും അവരുടേതായ രീതിയിൽ ആയിരിക്കും നിരോധനം ഏർപ്പെടുത്തുക.

മൾട്ടി-അക്കാദമി ട്രസ്റ്റായ ലിഫ്റ്റ് സ്കൂൾസ്, പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിന് ട്രസ്റ്റിൻെറ കീഴിലുള്ള 57 സ്ഥാപനങ്ങളിലും സ്മാർട്ട്ഫോണുകൾ നിരോധിച്ചു. ജൂനിയർ വിദ്യാർത്ഥികൾക്ക് ഈ വർഷം ഫോണുകൾ പൂർണമായും നിരോധിച്ചതായി ബിർക്കൻഹെഡ് ഹൈസ്കൂൾ അക്കാദമി പ്രിൻസിപ്പൽ റെബേക്ക മഹോണി വ്യക്തമാക്കി. ഏഴ് വയസ്സ് പ്രായമുള്ള കുട്ടികൾ മുതൽ ഓൺലൈനിൽ അപരിചിതരുമായി ബന്ധപ്പെടുകയും അനുചിതമായ ഉള്ളടക്കങ്ങൾ കാണുകയും ചെയ്യുന്നതായി ഒരു സർവേ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് തീരുമാനം എടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.