ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഫ്രാൻസിൽ വിവാഹ ചടങ്ങിനിടെ ആക്രമികളുടെ വിളയാട്ടം. കിഴക്കൻ ഫ്രാൻസിലാണ് സംഭവം. വിവാഹ ചടങ്ങിനിടെ മുഖമൂടി ധരിച്ചെത്തിയ തോക്കുധാരികൾ ആളുകൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഫ്രാൻസിലെ തിയോൺവില്ലിയെന്ന സ്ഥലത്താണ് രാജ്യത്തെ നടുക്കിയ ആക്രമണ സംഭവം അരങ്ങേറിയത്. മയക്കു മരുന്ന് കടത്തുന്ന സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നാണ് വെടിവെപ്പ് നടന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നൂറോളം പേർ പങ്കെടുത്ത റിസപ്ഷൻ ഹാളിൽ ഞായറാഴ്ച പുലർച്ചെയാണ് വെടിവെപ്പുണ്ടായത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വെടിവെപ്പ് നടത്തിയവർ സംഭവസ്ഥലത്ത് നിന്ന് വാഹനത്തിൽ രക്ഷപ്പെട്ടു.
പുലർച്ചെ ഒന്നര മണിക്കാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു. ആക്രമികൾ എത്തിയത് ഒരു കാറിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയത് . ലക്സംബർഗിൻ്റെയും ജർമ്മനിയുടെയും അതിർത്തിയോട് ചേർന്നാണ് ഫ്രാൻസിലെ തിയോൺവില്ലെ സ്ഥിതി ചെയ്യുന്നത്. അയൽപട്ടണമായ വില്ലെറപ്റ്റിൽ, 2023 മെയ് മാസത്തിൽ മയക്കുമരുന്ന് ഇടപാട് സ്ഥലത്ത് എതിരാളികളായ സംഘങ്ങൾ തമ്മിലുള്ള വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
Leave a Reply