അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കോവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം തികയുമ്പോൾ അക്ഷരാർത്ഥത്തിൽ ലോകത്തെ ഒന്നാകെ തടവറയിലാക്കിയ കൊറോണ വൈറസിനെ വരുതിയിലാക്കാൻ ഫലപ്രദമായ വാക്സിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ വിജയം കാണുന്നതിൻെറ ആഹ്ലാദത്തിലാണ് ലോകമെങ്ങും. അമേരിക്കൻ മരുന്ന് നിർമാതാക്കളായ മോഡേണയുടെ വാക്സിൻ 94.5% ആൾക്കാരിലും വിജയകരമായിരുന്നു എന്ന വാർത്ത ലോകമെങ്ങും ആശ്വാസത്തോടെയാണ് വരവേറ്റത്. വിജയകരമായി പരീക്ഷണം പൂർത്തിയാക്കുന്ന അമേരിക്കയിൽ നിന്നു തന്നെയുള്ള രണ്ടാമത്തെ വാക്സിനാണ് ഇത്.
അമേരിക്കൻ കമ്പനിയായ ഫൈസർ ജർമ്മൻ മരുന്ന് നിർമ്മാതാക്കളായ ബയോ ടെക്കിനൊപ്പം വികസിപ്പിച്ചെടുത്ത വാക്സിൻ 90 ശതമാനത്തിലധികം ആൾക്കാരിലും വിജയം കണ്ടു എന്ന വാർത്ത വന്നതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് കൂടുതൽ വിജയ ശതമാനവുമായി പുതിയ വാക്സിൻ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
രണ്ട് വാക്സിനുകളും സുരക്ഷിതവും ഫലപ്രദവുമാണ് എങ്കിലും മോഡേണയുടെ വാക്സിന് പ്രായോഗികതലത്തിൽ ചില മേന്മകൾ ഉണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഫൈസറിൻെറ വാക്സിൻ മൈനസ് 75 ഡിഗ്രിയിൽ ആണ് സൂക്ഷിക്കേണ്ടത്. എന്നാൽ മോഡേണയുടെ വാക്സിന് മൈനസ് 20 ഡിഗ്രി സെൽഷ്യസ് മതിയാകും. വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് വളരെ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ട ഫൈസറിൻെറ വാക്സിനുകളെക്കാൾ അനുയോജ്യം മോഡേണയുടെ വാക്സിനാണെന്ന് കരുതപ്പെടുന്നു. ഫൈസറിൻെറ വാക്സിൻ 5 ദിവസത്തോളമെ റെഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ മോഡേണയുടെ വാക്‌സിൻ 30 ദിവസം വരെ റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ സാധിക്കും. ഈ അനുകൂലഘടകങ്ങൾ മോഡേണയുടെ വാക്സിൻ കൂടുതൽ സ്വീകാര്യമാക്കും എന്നാണ് കരുതപ്പെടുന്നത്. വിലയുടെ കാര്യത്തിലും ഫൈസർ വാക്സിനെക്കാൾ കുറവ് മോഡേണ വാക്സിനാണ്.ഒരു ഡോസ് മോഡേണ വാക്സിന് 11.57 പൗണ്ട് വില വരുമ്പോൾ ഫൈസർ വാക്സിനുകൾ 14.79 പൗണ്ട് വിലയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
5 മില്യൺ ഡോസ് വാക്സിൻ വേണ്ടി മോഡേണ കമ്പനിയുമായി കരാർ ഒപ്പിട്ടതായി ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് വെളിപ്പെടുത്തി. മോഡേണ വാക്സിൻ രണ്ട് ഡോസായി നൽകേണ്ടത് കൊണ്ട് അഞ്ച് ദശലക്ഷം ഡോസു കൊണ്ട് രണ്ടര ദശലക്ഷം ബ്രിട്ടീഷുകാർക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിയുകയുള്ളൂ.
ഓസ്‌ട്രേലിയിൽ വികസിപ്പിച്ച കോവിഡ് വാക്സിൻെറ ഫലപ്രാപ്തിയെ കുറിച്ചുമുള്ള ശുഭ സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു. ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റി ആയ യൂണിവേഴ്സിറ്റി ഓഫ് ക്യൂൻസ് ലാൻഡ് വികസിപ്പിച്ച വാക്‌സിൻ പ്രായമായവരിലും ഗർഭിണികളിലും ഫൈസറിൻെറ വാക്സിനുകളെക്കാളും കൂടുതൽ ഫലപ്രദമാണെന്ന വിവരങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
Leave a Reply