ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയതായി യുകെയിലെത്തിച്ചേർന്ന മലയാളി നേഴ്സുമാരെ ലക്ഷ്യം വെച്ച് ഓൺലൈൻ കബളിപ്പിക്കൽ സംഘങ്ങൾ സജീവമായതായുള്ള വിവരങ്ങൾ മലയാളം യുകെ ന്യൂസ് പുറത്തുവിടുന്നു. യുകെയിൽ എത്തി അധികം കാലമാകാത്തവരുടെ പരിചയ കുറവാണ് ഇത്തരക്കാർ മുതലാക്കുന്നത്. എച്ച് എം റവന്യൂ ആന്റ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിൽ നിന്നാണെന്ന് പറഞ്ഞാണ് മിക്കവർക്കും ഫോൺ വരുന്നത്. നിങ്ങൾക്ക് ടാക്സ് കുടിശിക ഉണ്ടെന്നും അടച്ചില്ലെങ്കിൽ ഉടൻ അറസ്റ്റ് ഉണ്ടാകും എന്നുമുള്ള കബളിപ്പിക്കൽ സംഘങ്ങളുടെ ഭീഷണിക്ക് മുന്നിൽ അപ്പോൾ തന്നെ പലരും പണം അടച്ചതായാണ് അറിയാൻ സാധിക്കുന്നത്.
ഈ രീതിയിൽ വിറ്റിംഗ്ടണിലുള്ള മലയാളി നേഴ്സിന്റെ 4000 പൗണ്ട് ആണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത് . സമാനമായ രീതിയിൽ ലിവർപൂളിലും ഒരു മലയാളി നേഴ്സിന്റെ പണം നഷ്ടമായതായി മലയാളം യുകെ ന്യൂസിനോട് വെളിപ്പെടുത്തി .ഇങ്ങനെയുള്ള ഫോൺ കോളുകൾ കിട്ടിയാൽ പണം ഒരിക്കലും കൈമാറരുതെന്നും എച്ച് എം ആർ സി പെട്ടെന്നുള്ള ഇത്തരം ഫണ്ട് ട്രാൻസ്ഫറുകളിലൂടെ ടാക്സ് കളക്ട് ചെയ്യില്ലെന്നും ഈ രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . എച്ച് എം ആർ സി നികുതി ദായകരുമായി ലെറ്റർ വഴിയാണ് അറിയിപ്പുകൾ നൽകുന്നത്. വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് സംഘങ്ങൾ പ്രധാനമായും പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള തട്ടിപ്പ് സംഘങ്ങളെ തടയുന്നത് ഒരു പരിധിവരെ നിയമ സംവിധാനം പലപ്പോഴും നിസ്സഹായരാണ്.
ബ്രിട്ടനിൽ എച്ച് എം റവന്യൂ ആന്റ് കസ്റ്റം ഡിപ്പാർട്ട്മെൻറ് ആണ് ടാക്സ് ശേഖരിക്കുന്നതിനും കുടിശിക പിടിക്കുന്നതിനും നേതൃത്വം കൊടുക്കുന്നത് . ആദായ നികുതി , വാറ്റ്, മറ്റ് കോർപ്പറേറ്റ് നികുതികൾ ഉൾപ്പെടെയുള്ളവയുടെ മേൽനോട്ടം എച്ച് എം ആർ സിയുടെ ചുമതലയിൽ പെട്ടതാണ് . അന്താരാഷ്ട്ര വ്യാപാരം നിയന്ത്രിക്കുന്നതിനും ആഗോളതലത്തിൽ യുകെയുടെ താൽപര്യം സംരക്ഷിക്കുന്നതിനും എച്ച് എം ആർ സി യ്ക്ക് മുഖ്യ പങ്കുണ്ട്. ഓരോ മിനിറ്റിലും ഏകദേശം 2300 പൗണ്ടിന്റെ തട്ടിപ്പുകൾ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. 1.2 ബില്യൺ പൗണ്ട് ആണ് ഓരോ വർഷവും ഓൺലൈൻ തട്ടിപ്പുകളിലൂടെയും മറ്റും കൊള്ളയടിക്കപ്പെടുന്നത്.
Leave a Reply