കൊയിലാണ്ടി ചേലിയയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ഓൺലൈൻ റമ്മി കളിയിലുണ്ടായ സാമ്പത്തിക നഷ്ടമെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ചേലയിൽ സ്വദേശി മലയിൽ ബിജിഷ മരിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.

2021 ഡിസംബർ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേമുക്കാൽ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്നും ലക്ഷക്കണക്കിന് രൂപ ഇവർക്ക് നഷ്ടമായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോവിഡ് കാലത്ത് ബിജിഷ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെട്ടതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ചെറിയരീതിയിലുള്ള ഓൺലൈൻ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചിരുന്ന ബിജിഷ പിന്നീടഓൺലൈൻ റമ്മി ഗെയിമുകളിലേക്ക് കടന്നു. ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി കൂടുതൽ പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്.

തുടർച്ചയായ ഗെയിമുകളിൽ പണം നഷ്ടപ്പെടാൻ തുടങ്ങിയതോടെ വീട്ടുകാർ വിവാഹത്തിനായി കരുതിയിരുന്ന സ്വർണം അടക്കം പണയംവെച്ചു. ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയവർ ബിജിഷയുടെ സുഹൃത്തുക്കൾക്കടക്കം സന്ദേശങ്ങൾ അയച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വായ്പ തിരിച്ചടയ്ക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങൾ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

അതേസമയം, വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യാതൊരുവിധ പ്രശ്നങ്ങളുമില്ലാതിരുന്ന യുവതി ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ അറിയുമായിരുന്നില്ല. ബിജിഷയുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന 35 പവൻ സ്വർണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ ഇവർ നടത്തിയതായും കണ്ടെത്തിയിരുന്നു.

ഇത് എന്തിന് വേണ്ടിയാണെന്നോ ആർക്ക് വേണ്ടിയാണെന്നോ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. ഇതോടെ മരണത്തിൽ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നൽകുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബിജിഷയുടെ ഒരു സുഹൃത്തും ഓൺലൈൻ ഗെയിമിൽ പങ്കാളിയായിരുന്നു. ഇവരിൽനിന്നും അന്വേഷണസംഘത്തിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതേസമയം, യുവതി മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.