സ്വന്തം ലേഖകൻ

ലണ്ടൻ : ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്കുമായി യുകെ. 36 മരണങ്ങൾ മാത്രമാണ് ഇന്നലെ രാജ്യത്തുണ്ടായത്. ഇതോടെ ആകെ മരണസംഖ്യ 41,698 ലേക്ക് ഉയർന്നു. കണക്കുകൾ പുറത്തുവിട്ട ശേഷം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻ‌കോക്ക് ഇപ്രകാരം ട്വീറ്റ് ചെയ്തു: “ഇന്നലെ യുകെയിലുടനീളം 36 കോവിഡ് മരണങ്ങൾ മാത്രമാണ് ഉണ്ടായത് – മാർച്ച് 21 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്ക്. ” പകർച്ചവ്യാധിക്കെതിരായുള്ള പോരാട്ടത്തിൽ നാം വിജയിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പിന്റെ കണക്കനുസരിച്ച്, ഞായറാഴ്ച രാവിലെ 9 വരെ 6.7 ദശലക്ഷത്തിലധികം കൊറോണ വൈറസ് പരിശോധനകൾ യുകെയിൽ നടത്തിയിട്ടുണ്ട്. ശനിയാഴ്ച മാത്രം 144,865 ടെസ്റ്റുകൾ നടത്തപ്പെട്ടു. 295,889 ആളുകൾക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും യഥാർത്ഥ കണക്കുകൾ ഇതിലും കൂടുതലാണ്. കൊറോണ വൈറസിന്റെ ആരംഭം മുതൽ യുകെയിൽ 63,000 ത്തിലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം രാജ്യത്താകെ ഇന്നുമുതൽ അവശ്യേതര കടകളും തുറന്നു പ്രവർത്തിക്കുവാൻ തയ്യാറെടുക്കുകയാണ്. കടകൾ വീണ്ടും തുറക്കുമ്പോൾ “ആളുകൾ ആത്മവിശ്വാസത്തോടെ ഷോപ്പിംഗ് നടത്തണം” എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. റീട്ടെയിൽ ഉദ്യോഗസ്ഥർ ആവേശഭരിതരാണെന്നും സുരക്ഷിതമായ ഷോപ്പിംഗ് അനുവദിക്കുന്നതിനായി ധാരാളം ക്രമീകരണങ്ങൾ അവർ ചെയ്‌തിട്ടുണ്ടെന്നും ജോൺസൺ അറിയിച്ചു. എന്നാൽ കടകളിലേക്ക് മടങ്ങുന്ന പൊതുജനങ്ങളോട് സാമൂഹിക അകലം പാലിക്കുവാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവശ്യേതര കടകളായ ബുക്ക് ഷോപ്പുകൾ, ഫാഷൻ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവ മാർച്ച് 23 മുതൽ അടഞ്ഞുകിടക്കുകയാണ്. എങ്കിലും എല്ലാ കടകളും ഇന്നുതന്നെ തുറക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

സാമൂഹിക അകലം പാലിക്കൽ നിയമം കടകളിലെ ഉപഭോക്താക്കളുടെ എണ്ണത്തെ പരിമിതപ്പെടുത്തും. ഒപ്പം സുരക്ഷാക്രമീകരണങ്ങൾ ഉറപ്പുവരുത്തുന്നതിൽ പരാജയപ്പെടുന്നവർക്ക് എൻഫോഴ്‌സ്‌മെന്റ് അറിയിപ്പുകൾ നേരിടേണ്ടതായും വരും. ഷോപ്പിംഗ് സുരക്ഷിതമാക്കുന്നതിൽ ഉപഭോക്താക്കളും ശ്രദ്ധിക്കണമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം (ബിആർസി) പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ലോക്ക്ഡൗണിന് ശേഷം തിരികെയെത്തുമ്പോൾ ഒരു പുതിയ ഷോപ്പിംഗ് അനുഭവം ആവും രാജ്യത്തെ ഉപഭോക്താക്കൾക്ക് ലഭിക്കുക.