ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇനി പൊതു തിരഞ്ഞെടുപ്പിന് അഞ്ച് ആഴ്ചയിൽ താഴെ മാത്രം സമയം . ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ്. അഭിപ്രായ സർവേകളിൽ ലേബർ പാർട്ടി ബഹുദൂരം മുന്നിലാണ്. നിലവിൽ ലേബറിന് 23 പോയിൻറ് ലീഡ് ഉണ്ടെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത് .

എന്നാൽ ടോറികൾക്ക് തിരിച്ചുവരവിനുള്ള സാധ്യത രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല. ലോർഡ് ആഷ്‌ക്രോഫ്റ്റിൻ്റെ ഏറ്റവും പുതിയ സർവേ അനുസരിച്ച് പത്തിൽ നാല് ബ്രിട്ടീഷുകാരും ആർക്ക് വോട്ട് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. പകുതിയിലധികം പേരും ആരെ പിന്തുണയ്ക്കുമെന്ന് തീരുമാനിക്കാത്തത് ഋഷി സുനകിൻ്റെ പ്രതീക്ഷകൾക്ക് വക നൽകുന്നതായാണ് കരുതപ്പെടുന്നത്. നിലവിലെ സാഹചര്യത്തിൽ 47 ശതമാനം വോട്ട് വിഹിതമാണ് ലേബർ പാർട്ടിക്ക് ഉള്ളത്. ടോറികൾക്ക് 24 ശതമാനം മാത്രം.

റീഫോം യുകെയുടെ വോട്ട് വിഹിതം 11 ശതമാനം ആയേക്കാമെന്നാണ് സർവേ ഫലം കാണിക്കുന്നത്. കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും മാത്രമുള്ള ദ്വിക്ഷി സമ്പ്രദായമാണ് ദീർഘകാലമായി ബ്രിട്ടീഷ് രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത്. സമീപകാലത്ത് ഇവരുടെ കോട്ടയിൽ വിള്ളൽ വീഴ്ത്തി ചില ചെറു പാർട്ടികൾ ശക്തി പ്രാപിക്കുന്നുണ്ട്. തീവ്ര ബ്രക്സിറ്റ് വാദിയായ നൈജൽ ഫരാഗ് സ്ഥാപിച്ച റീഫോം പാർട്ടി കൂടുതൽ ജനപ്രിയമായി കൊണ്ടിരിക്കുകയാണന്നാണ് സമീപകാല സർവേകൾ ചൂണ്ടി കാണിക്കുന്നത്. കടുത്ത കുടിയേറ്റ നിലപാടിലൂടെ അഭിപ്രായ വോട്ടെടുപ്പുകളിൽ അവർ ശ്രദ്ധ ആകർഷിക്കുന്നുണ്ട്.