ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ ഹണ്ടിംഗ്ടൺ സ്റ്റേഷനടുത്ത് ട്രെയിനിൽ നടന്ന കത്തി ആക്രമണത്തിൽ പന്ത്രണ്ടോളം പേർക്ക് പരിക്കേറ്റു. യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച എൽ.എൻ.ഇ.ആർ റെയിൽ ജീവനക്കാരൻ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് . ആക്രമണവുമായി ബന്ധപ്പെട്ട് പീറ്റർബറോ സ്വദേശിയായ 32 വയസ്സുകാരനെ പൊലീസ് പിടികൂടി. മറ്റൊരാളെ ചോദ്യം ചെയ്തെങ്കിലും ബന്ധമില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഉപയോഗിച്ച കത്തി സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.

ശനിയാഴ്ച വൈകിട്ട് ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടനിലേക്കുള്ള ട്രെയിനിലാണ് സംഭവം നടന്നത്. ട്രെയിൻ പീറ്റർബറോ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടിട്ട് പത്ത് മിനിറ്റിനുള്ളിൽ കത്തി വീശി ആക്രമണം ആരംഭിച്ചതായി യാത്രക്കാർ പറഞ്ഞു. ട്രെയിൻ ഹണ്ടിംഗ്ടൺ സ്റ്റേഷനിൽ നിർത്തിയതോടെ പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ ഭീകരത ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. ചാൾസ് രാജാവ് ഉൾപ്പെടെ നിരവധി പ്രമുഖർ സംഭവത്തെ അപലപിച്ചു. യാത്രക്കാരിൽ പലരും പരസ്പരം സഹായിച്ചുവെന്ന് സാക്ഷികൾ പറഞ്ഞു. ഹണ്ടിംഗ്ടൺ സ്റ്റേഷനിൽ പരിശോധനയും തെളിവെടുപ്പും തുടരുന്നതിനാൽ റെയിൽ സർവീസ് താത്കാലികമായി തടഞ്ഞിരിക്കുകയാണ്.

ഇതിനിടെ ബ്രിട്ടനിൽ കത്തി ആക്രമണത്തെ തുടർന്ന് സാമൂഹ്യമാധ്യമങ്ങളിൽ പടർന്ന വലതുപക്ഷ പ്രചാരണങ്ങൾ നിയന്ത്രിക്കാനായി പൊലീസ് പ്രതികളുടെ വംശീയത വെളിപ്പെടുത്താൻ നിർബന്ധിതരാകുന്ന സാഹചര്യമുണ്ടായതായി മുൻ മെട്രോപൊളിറ്റൻ പൊലീസ് ഉദ്യോഗസ്ഥൻ ഡാൽ ബാബു പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വിഷയങ്ങൾ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നതോടെ പൊലീസിന് കടുത്ത സമ്മർദ്ദം നേരിടേണ്ടി വരുന്നുണ്ടെന്നും ഇത് സമൂഹത്തിൽ സംഘർഷങ്ങൾക്ക് വഴിവെക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാംബ്രിഡ്ജ് ട്രെയിനിൽ നടന്ന കത്തി ആക്രമണത്തിന് പിന്നാലെ സംശയിക്കുന്നവരുടെ വംശീയതയെ കുറിച്ച് തെറ്റായ പ്രചാരണങ്ങൾ വ്യാപിച്ചതോടെയാണ് പൊലീസിന് വിശദീകരണം നൽകേണ്ടി വന്നത്. ഇത്തരം പ്രചാരണങ്ങൾ രാജ്യത്തിന്റെ സാമൂഹിക സൗഹൃദത്തെയും പൊലീസ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. വലതുപക്ഷ സംഘടനകൾ സോഷ്യൽ മീഡിയയെ ആയുധമാക്കി തെറ്റായ ധാരണകൾ പരത്തുകയാണെന്നും അതിനെതിരെ കർശന നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു.











Leave a Reply