തിരുവന്തപുരം: സോളാര്‍ കേസില്‍ സരിത സമര്‍പ്പിച്ച തെളിവുകള്‍ തള്ളി മുഖ്യമന്ത്രി. മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിവാദ വിഷയങ്ങളില്‍ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. സരിത ഹാജരാക്കിയ ഫോണ്‍ ശബ്ദരേഖയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളെ ഉമ്മന്‍ചാണ്ടി പരിഹസിച്ചു. ഇതാണോ തെളിവ് എന്നായിരുന്നു മറുപടി. തമ്പാനൂര്‍ രവിക്കുമെതിരെ ആക്ഷേപം മാത്രമാണുള്ളത്. ആരോപണങ്ങള്‍ക്കുള്ള മറുപടി അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ബാബുരാജിന് പോക്കുവരവ് എഴുതിക്കൊടുത്തത് സര്‍ക്കാര്‍ ബാധ്യസ്ഥരായതുകൊണ്ട് മാത്രമാണ്.
മാധ്യമങ്ങള്‍ ശിക്ഷിക്കപ്പെട്ട ആളുകള്‍ പറയുന്നതിലാണ് പ്രാധാന്യം കൊടുക്കുന്നത്. ജനങ്ങള്‍ ഇത് മനസിലാക്കുന്നുണ്ട്. സത്യം ജയക്കും. മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്നും മനസിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ പിന്നീട് ബോധ്യപ്പെടുമെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു. സാളാര്‍ കേസില്‍ സരിതയുടെ ഫോണ്‍ രേഖകള്‍ ഉണ്ട്. ഐജി ഫോണ്‍ രേഖകള്‍ നശിപ്പിച്ചതുകൊണ്ട് തെളിവുകള്‍ ഇല്ലാതായിട്ടില്ല. ഐജി ടിജെ ജോസിന് മാത്രമല്ല രേഖകള്‍ കിട്ടിയതെന്നും ഐജി ജോസ് തെളിവ് നശിപ്പിച്ചെങ്കില്‍ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സരിതയുടെ വെളിപ്പെടുത്തിലിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന യുഡിഎഫ് ആവശ്യം ഗൗരവമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്നും സരിത നല്‍കിയ തെളിവുകള്‍ കമ്മീഷന്‍ പരിശോധിക്കട്ടെയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. വെളിപ്പെടുത്തലുകളില്‍ ഒരു ശതമാനം പോലും സത്യം ഉണ്ടെങ്കില്‍ പൊതുരംഗത്തു നിന്നും പിന്‍മാറുമെന്നു പറഞ്ഞ ഉമ്മന്‍ ചാണ്ടിയോട് ചാരക്കേസിലെടുത്ത നിലപാടുകള്‍ ചോദിച്ചപ്പോള്‍ മലക്കം മറിയുകയായിരുന്നു.
കരുണാകരന്‍ രാജിവച്ചത് ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ടല്ല. മറ്റു രാഷ്ട്രീയ സാഹചര്യമാണ് അന്നുണ്ടായിരുന്നത്.
ചാരക്കേസില്‍ കെ കരുണാകരന് എതിരായി ഒരു വാക്കുപോലും താന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്നു കരുണാകരനെതിരെ താന്‍ നടത്തിയ ഒരു പ്രസ്താവനയെങ്കിലും കാണിക്കാന്‍ പറ്റുമോയെന്നും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു. ദ്യശ്യങ്ങള്‍ ഉണ്ട് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ഉത്തരത്തിന് അന്നു ചാനലുകളൊക്കെ ഉണ്ടായിരുന്നോയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.