സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിർദേശപ്രകാരമാണു നടപടി. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളുടെ തിരിച്ചു വരവിനെ തടയാൻ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് നേരത്തെ തന്നെ മുന്നറിയിപ്പു നൽകിയിരുന്നു. സിറിയയിലെ അഭയാർഥി ക്യാംപിൽ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നൽകിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളർത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാൻ ഹോം ഓഫിസ് തീരുമാനിച്ചത്.
1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താൽപര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാൽ ഒരാളുടെ പൗരത്വം റദ്ദാക്കാൻ നാഷനാലിറ്റി ആക്ടിൽ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാൻ പാടില്ലെന്നു ഉറപ്പു വരുത്തണമെന്ന് മാത്രം. ബംഗ്ലദേശിൽനിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തിൽപ്പെട്ട ഷെമീമയ്ക്ക് ഇരട്ട പൗരത്വമുണ്ട്. എന്നാൽ തനിക്ക് ബംഗ്ലാദേശ് പാസ്പോർട്ട് ഇല്ലെന്നും താൻ ഇതുവരെ ബംഗ്ലാദേശിൽ പോയിട്ടില്ലെന്നും ഷെമീമ മാധ്യമങ്ങളോട് പറഞ്ഞു. ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തിൽ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാൻ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തിൽ വിവരിക്കുന്നു.
ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം തന്റെ കുഞ്ഞ് അർഹിക്കുന്നുണ്ടെന്നും ബ്രിട്ടനിലേയ്ക്ക് മടങ്ങുക തന്നെ ചെയ്യുമെന്നും ഷെമീമ പറഞ്ഞിരുന്നു. ഒപ്പം കടന്ന കൂട്ടുകാരികളിൽ ഒരാൾ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. മറ്റൊരാളെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെയില്ല. ഐഎസ് ചേർന്നതിലും ആ ആശയങ്ങളെ പിന്തുണച്ചതിലും തെല്ലും ഖേദമില്ലെന്നും കുഞ്ഞിനെ ഓർത്ത് മാത്രമാണ് നാട്ടിലേയ്ക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതെന്നായിരുന്നു ഷെമീമ ബീഗം പറഞ്ഞിരുന്നത്. 2015ൽ പതിനഞ്ചു വയസ് മാത്രം പ്രായമുളളപ്പോഴാണ് ഷെമീമ ബീഗം മറ്റു രണ്ടു കൂട്ടുകാരികൾക്കൊപ്പം ഈസ്റ്റ് ലണ്ടനിൽ നിന്നും സിറിയയിലേക്ക് കടന്നത്. ബെത്നൾ ഗ്രീൻ അക്കാദമി സ്കൂളിലെ വിദ്യാർഥികളായിരുന്ന ഷെമീമ ബീഗവും അമീറ അബേസും ഖദീജ സുൽത്താന എന്ന മറ്റൊരു വിദ്യാർഥിക്കൊപ്പമാണ് സിറിയയിലേക്ക് പുറപ്പെട്ടത്. തുർക്കി അതിർത്തി കടന്നാണ് സിറിയയിൽ എത്തിയത്.
റാഖയില്‍ എത്തിയപ്പോള്‍ ഐഎസ് വധുക്കളാവാന്‍ എത്തിയവര്‍ക്കൊപ്പം ഒരുമിച്ചാണ് താമസിച്ചിരുന്നത്. പത്തു ദിവസത്തിനുശേഷം ഇസ്ലാമിലേക്ക് മതംമാറിയ ഒരു ഡച്ചുകാരനെ തനിക്ക് വരനായി ലഭിച്ചെന്നും, പിന്നീട് ഇയാള്‍ക്കൊപ്പമാണ് താമസിച്ചതെന്നും ഇവര്‍ അറിയിച്ചു. സിറിയന്‍ പോരാളികള്‍ക്കു മുന്നില്‍ ഇവരുടെ ഭര്‍ത്താവ് കീഴടങ്ങി. ഐഎസിന്റെ അവസാന താവളമായ ബാഗൂസിൽ നിന്ന് രണ്ടാഴ്ച മുൻപ് രക്ഷപ്പെട്ട് എത്തിയതാണ് തങ്ങളെന്നും ഷെമീമ പറയുന്നു. ഇപ്പോള്‍ വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് അവര്‍.പൂർണ ഗർഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാൻ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നൽകിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങൾക്കകം അഭയാർഥി ക്യാംപിൽ വച്ച് കുഞ്ഞിനു ജന്മം നൽകിയ ഷെമീമ മകനെ ഇസ്‌ലാമിൽതന്നെ വളർത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാൻ ഒരുക്കമല്ലെന്നും രാജ്യാന്തര മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു. യുകെയിലേക്കു മടങ്ങിയെത്താൻ അനുവദിച്ചാൽ ജയിലിൽ പോകാൻ പോലും തനിക്കു മടിയില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങൾക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റർ അരീനയിൽ നടത്തിയ സ്ഫോടനമെന്നും അവർ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടൻ കടന്നത്.
Leave a Reply