ലണ്ടന്‍: ഓപിയോയിഡ് മരുന്നുകള്‍ക്കൊപ്പം ‘അഡിക്ഷന്‍’ മുന്നറിയിപ്പ് നിര്‍ബന്ധമാക്കി യു.കെ. ഓപിയോയിഡ് മരുന്നുകള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവടങ്ങളില്‍ സമീപകാലത്ത് ഓപിയോയിഡ് വേദന സംഹാരികള്‍ പ്രിസ്‌ക്രൈബ് ചെയ്യുന്നത് 60 ശതമാനം വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനങ്ങള്‍ക്ക് വേദന സംഹാരികളുടെ പാര്‍ശ്വഫലങ്ങളില്‍ നിന്നും മുക്തി ലഭിക്കേണ്ടതുണ്ടെന്ന് മാറ്റ് ഹാന്‍കോക്ക് ചൂണ്ടിക്കാണിക്കുന്നു. ആരോഗ്യ വകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ആരോഗ്യരംഗത്തെ വിദഗ്ദ്ധരും രംഗത്ത് വന്നിട്ടുണ്ട്.

ഓപിയോയിഡ് വേദന സംഹാരികള്‍ ചിലപ്പോള്‍ വലിയ ദുരന്തമായി മാറിയേക്കുമെന്നും, ആസക്തി ഗണ്യമായി വര്‍ധിക്കാന്‍ കാരണമാകുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പിയത്തില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഓപിയോയിഡ് മരുന്നുകളോ മോര്‍ഫിനുകളോ ‘അഡിക്ഷന്‍’ ഉണ്ടാക്കുന്നുവെന്ന് ആരോഗ്യവകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 2008ല്‍ 14 മില്യണ്‍ പ്ര്‌സ്‌ക്രിപ്ഷനായിരുന്നു ഇംഗ്ലണ്ട് വെയില്‍സ് എന്നിവിടങ്ങളില്‍ നിന്ന് നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇത് 23 മില്യണ്‍ ആണ്. ആശങ്കജനകമായ വര്‍ധനവാണിതെന്ന് വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാനഡയില്‍ വേദന സംഹാരി(ഓപിയോയിഡ്)കളുടെ ഉപയോഗം ഗുരുതര പ്രശ്നമായി മാറിയതോടെ പരിഹാര മാര്‍ഗങ്ങളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരുന്നു. ഇത്തരം വേദന സംഹാരികളുടെ അമിതമായ ഉപയോഗം കാരണം കഴിഞ്ഞ വര്‍ഷം മാതംര കാനഡയില്‍ 4,000 ത്തിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അമേരിക്കയുടെയും സ്ഥിതി ആശാവഹമല്ല.

 

ഓപിയോയിഡ് വേദന സംഹാരികള്‍ കടുത്ത അഡിക്ഷന്‍ ഉണ്ടാക്കുമെന്ന് മുന്‍പും മുന്നറിയിപ്പ് പുറത്തുവന്നിരുന്നു. വേദനാ സംഹാരിയായി ഉപയോഗിച്ചതിന് ശേഷം പിന്നീട് ഇവ ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് കാണപ്പെട്ടതോടെയാണ് ആരോഗ്യവകുപ്പ് കടുത്ത തീരുമാനങ്ങള്‍ എടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമീപകാലത്ത് ഓപിയോയിഡ് ഉപഭോക്താക്കളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. യു.കെ, അമേരിക്ക, കാനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും ഓപിയോയിഡ് വേദന സംഹാരികള്‍ വളരെയധികം പ്രചാരത്തിലുള്ളത്. കാനഡയിലെ ഓപിയോയിഡ് ദുരുപയോഗ മരണസംഖ്യ ഗണ്യമായി കൂടിയതോടെ സാധാരണ ജനങ്ങള്‍പോലും ഔഷധനയം പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ രംഗത്ത് വന്നിരുന്നു.