സർക്കാർ സർവീസ് ലക്ഷ്യം വയ്ക്കുന്ന തൊഴിലന്വേഷകർക്കു മുന്നിൽ തുറക്കുന്നത് അവസരങ്ങളുടെ പെരുമഴക്കാലം. ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് അപേക്ഷ നൽകാൻ അവസരം നൽകുന്ന എൽഡി ക്ലാർക്ക്, കെഎഎസ് ഉൾപ്പെടെയുള്ള വമ്പൻ വിജ്ഞാപനങ്ങളാണ് ഉടൻ വരാനിരിക്കുന്നത്. സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, ഫയർമാൻ ഉൾപ്പെടെയുള്ള വലിയ പരീക്ഷകളും ചേരുമ്പോൾ പിഎസ്‌സിയുടെ തിരഞ്ഞെടുപ്പു നടപടികൾക്കു കൂടുതൽ ചൂടുപിടിക്കും. ഇനിയുള്ള മാസങ്ങളിൽ ഉദ്യോഗാർഥികൾ അൽപം മനസ്സു വച്ചാൽ 2020 ൽ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാൻ കഴിയും.

ഗ്ലാമർ പരീക്ഷ LDC !

∙ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജ്ഞാപനമാണ് എൽഡി ക്ലാർക്ക്.

∙ നവംബർ 15 നു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിക്കും.

∙ പരീക്ഷ 2020 ജൂണിനു ശേഷം.

∙ മുൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 2016 നവംബർ 25 ന്.

∙ കഴിഞ്ഞ തവണത്തെ മൊത്തം അപേക്ഷകർ: 17,94,091.

∙ ഇത്തവണ പ്രതീക്ഷിക്കുന്നത്: 20 ലക്ഷം അപേക്ഷകരെ.

∙ കഴിഞ്ഞ തവണത്തെ എൽഡി ക്ലാർക്ക് പരീക്ഷ നടന്നത്: 2017 ജൂൺ 17 മുതൽ ഓഗസ്റ്റ് 26 വരെ ആറു ഘട്ടമായി.

∙ ഇത്തവണ 8 മുതൽ 10 ഘട്ടമായിട്ടാകും 14 ജില്ലകളിലെയും പരീക്ഷകൾ.

∙ സിലബസ്: പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ ഇംഗ്ലിഷ്, ഗണിതം, മാനസികശേഷി പരിശോധന, പ്രാദേശിക ഭാഷ (മലയാളം/ തമിഴ്/ കന്നട). ഇത്തവണയും ഇതിൽ മാറ്റം വരാൻ സാധ്യതയില്ല.

∙ ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങൾക്കു തമിഴിലും കന്നടയിലും ചോദ്യം ലഭ്യമാക്കും.

∙ 2018 ഏപ്രിൽ 2 നു നിലവിൽ വന്ന ഇപ്പോഴത്തെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 2021 ഏപ്രിൽ 1 ന് അവസാനിക്കും. ഇതിനു തൊട്ടടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണു തീരുമാനം.

∙ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നിയമനശുപാർശ ലഭിച്ചത്: 3784 പേർക്ക്.

∙ ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ നിയമനം പ്രതീക്ഷിക്കാവുന്നത്: എണ്ണായിരത്തിലേറെപ്പേർക്ക്.

∙ നടക്കാനിരിക്കുന്ന എൽഡിസി പരീക്ഷകളിൽ നിന്നു പ്രതീക്ഷിക്കാവുന്ന നിയമനം: എണ്ണായിരത്തിലേറെ.

KAS: കേരളത്തിന്റെ ‘IAS’

∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) വിജ്ഞാപനം ഉടൻ.

∙ കരട് വിജ്ഞാപനം ഒക്ടോബർ 22 നു ചേർന്ന പിഎസ്‌സി യോഗം ചർച്ച ചെയ്തു.

∙ പിഎസ്‍സി ഉദ്ദേശിക്കുന്നത് കേരളപ്പിറവി ദിവസമായ നവംബർ ഒന്നിനു വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ.

∙ പ്രാഥമിക പരീക്ഷ ഫെബ്രുവരിയിൽ നടത്തിയേക്കും. മെയിൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ ഏകദേശ സമയക്രമവും വിജ്ഞാപനത്തിൽ ഉണ്ടാവും.

∙ ഒഴിവുകളുടെ എണ്ണം സർക്കാർ ഇതുവരെ പിഎസ്‌സിയെ ഇതുവരെ അറിയിച്ചിട്ടില്ല. അതിനാൽ പ്രതീക്ഷിത ഒഴിവുകളിലേക്കായിരിക്കും വിജ്ഞാപനം. വിജ്ഞാപനം പ്രസിദ്ധീകരിക്കുംമുൻപ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതും ഉൾപ്പെടുത്തും.

∙ പ്രാഥമിക പരീക്ഷ 2020 ജൂണിനു മുൻപു നടത്താനാണു പിഎസ്‌സി ആലോചന.

പുത്തൻ പരീക്ഷ, ഓഫിസ് അറ്റൻഡന്റ്

∙ സെക്രട്ടേറിയറ്റ്/പിഎസ്‌സി/ലോക്കൽ ഫണ്ട് ഓഡിറ്റ് തുടങ്ങിയവയിൽ പത്താം ക്ലാസുകാർക്ക് ഓഫിസ് അറ്റൻഡന്റ് ആകാം.

∙ ഈ തസ്തികയിലേക്കു പിഎസ്‍സി നടത്തുന്ന ആദ്യ പരീക്ഷയാണിത്.

∙ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ: 64 (സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിൽ നിന്ന്).

∙ പ്രതീക്ഷിക്കാവുന്നത്: അഞ്ഞൂറോളം നിയമനം (പിഎസ്‍സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ).

∙ അടിസ്ഥാന യോഗ്യത: എസ്എസ്എൽസി വിജയം.

∙ സംസ്ഥാനതലത്തിലെ അപേക്ഷകർ: 10.59 ലക്ഷം.

∙ 2020 ജൂൺ അവസാനമോ ജൂലൈയിലോ പരീക്ഷ നടത്താൻ സാധ്യത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

∙ സംസ്ഥാനതല തിരഞ്ഞെടുപ്പാണെങ്കിലും പരീക്ഷ മൂന്നോ നാലോ ഘട്ടമാകും.

∙ സിലബസ്: തീരുമാനമായിട്ടില്ല. എൽഡി ക്ലാർക്കിന്റേതിനു സമാനമാകുമോ ലാസ്റ്റ് ഗ്രേഡിന്റേതിനു സമാനമാകുമോ എന്നാണു പ്രധാന ആശയക്കുഴപ്പം.

∙ എൽജിഎസ് മാനദണ്ഡമാക്കിയാൽ പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം, ജനറൽ സയൻസ്, ലഘുഗണിതം എന്നീ വിഷയങ്ങളാവും സിലബസിൽ.

ഫയറിലേക്ക് ആൺ, പെൺ സേന

∙ ഫയർ ആൻഡ് റസ്ക്യു സർവീസിൽ ഫയർമാൻ (ട്രെയിനി) വിജ്ഞാപനം അടുത്തിടെ പുറത്തിറങ്ങി.

∙ ഫയർവുമൺ വിജ്ഞാപനവും വൈകാതെ.

∙ രണ്ടിനും ഒരേ യോഗ്യത.

∙ പരീക്ഷ രണ്ടു തസ്തികയ്ക്കും പൊതുവായിട്ടായിരിക്കും.

∙ ഫയർമാൻ അപേക്ഷകർ ഇതുവരെ: 95,000.

∙ അപേക്ഷ സ്വീകരിക്കുന്നത്: നവംബർ 20 വരെ.

∙ പ്രതീക്ഷിക്കുന്ന അപേക്ഷകർ: 3 ലക്ഷം.

∙ മുൻ വിജ്ഞാപനപ്രകാരം അപേക്ഷിച്ചത്: 2.71,782 പേർ.

∙ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്: 2018 ഡിസംബർ 17.

∙ ഇതുവരെ നിയമനം ലഭിച്ചത്: 361 പേർക്ക്.

∙ ലിസ്റ്റിന്റെ കാലാവധി: ഒരു വർഷം.

∙ പ്രതീക്ഷിക്കുന്ന നിയമനം: അഞ്ഞൂറിലേറെ.

∙ ഫയർവുമൺ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത്: 100.

ആദ്യം വരും, ഇൻസ്പെക്ടർ

∙ സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ 2020 ആദ്യം നടത്തിയേക്കും.

∙ വിഇഒമാരിൽനിന്നു തസ്തികമാറ്റം വഴി ജൂനിയർ കോഓപ്പേറ്റീവ് ഇൻസ്പെക്ടറാകാനുള്ള പരീക്ഷയും ഇതോടൊപ്പം നടത്തും.

∙ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടർ തസ്തികയ്ക്ക് അപേക്ഷ നൽകിയത്: 80,515 പേർ.

∙ നിയമനം പ്രതീക്ഷിക്കാവുന്നത്: 750 ൽ അധികം പേർക്ക്.

∙ മുൻ റാങ്ക് ലിസ്റ്റിൽനിന്നു നിയമന ശുപാർശ ലഭിച്ചത്: 935 പേർക്ക്.

∙ മുൻ റാങ്ക് ലിസ്റ്റ് കാലഘട്ടം: 2015 ഓഗസ്റ്റ് 17 മുതൽ 2018 ഓഗസ്റ്റ് 16 വരെ.

പരീക്ഷകൾ നീളാൻ കാരണം പുതിയ സുരക്ഷാനടപടികൾ

സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ക്രമക്കേടിനെ തുടർന്ന് എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്‍സി ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കിയാണ് ഇപ്പോൾ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകൾ പിഎസ്‌സി നടത്തുന്നത്. പരമാവധി 2.5 ലക്ഷം പേർക്കേ ഒരു ദിവസം പരീക്ഷ നടത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് എൽഡി ക്ലാർക്ക് പരീക്ഷകളുടെ എണ്ണം 8 മുതൽ 10 വരെ ഘട്ടങ്ങളാക്കേണ്ടിവരിക.