കൊറോണ വൈറസ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മലേറിയ മരുന്ന് ഹൈഡ്രോക്ലോറോക്വിന്‍ ഇന്ത്യ വിട്ടു നല്‍കിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന യുഎസ്സിന്റെ ഭീഷണിക്കെതിരെ രാജ്യത്ത് പ്രതിഷേധമുയരുന്നു. പ്രതിപക്ഷ പാര്‍ട്ടികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. ‘സൗഹാര്‍ദ്ദത്തില്‍ തിരിച്ചടിക്കല്‍ ഇല്ലെ’ന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഇന്ത്യ ഈ ജീവന്‍‍രക്ഷാ മരുന്ന് ആവശ്യമുള്ളവര്‍ക്കെല്ലാം നല്‍കണം. രാജ്യത്ത് ഈ മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തിയതിനു ശേഷമേ അത് ചെയ്യാവൂ എന്നും രാഹുല്‍ പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവന അസ്വീകാര്യമാണെന്ന പ്രസ്താവനയുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എത്തിയിട്ടുണ്ട്. അതെസമയം, ട്രംപിന്റെ ഭീഷണിക്കു മുമ്പില്‍ മോദി സര്‍ക്കാര്‍ വീണുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപിന്റെ പ്രസ്താവന വന്ന് മണിക്കൂറുകള്‍ക്കകം മരുന്നു കയറ്റുമതിയില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കം ചെയ്തത് ഇന്ത്യയെ അടിയറ വെക്കലാണ്. ട്രംപിനു വേണ്ടി വന്‍തുക ചെലവിട്ട് മാമാങ്കം ഒരുക്കിയതിന് മോദിക്ക് ലഭിച്ചത് ഇതാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യയുടെ മുന്‍ഗണന ഇന്ത്യാക്കാരെ ചികിത്സിക്കുക എന്നതായിരിക്കണം. നിര്‍ണായകമായ മരുന്നുകളുടെ ക്ഷാമത്തിലേക്ക് ഇന്ത്യയെ തള്ളിവിടാന്‍ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിക്കൊടുക്കുന്ന മോദിയ അനുവദിച്ചുകൂടാ. ഇന്ത്യക്കാരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല,” സീതാറാം യെച്ചൂരി പറഞ്ഞു.

യുഎസ് പ്രസിഡണ്ടിന്റെ പ്രസ്താവനയില്‍ അത്ഭുതം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ശശി തരൂരും രംഗത്തു വന്നു. തന്റെ ഇക്കണ്ട കാലത്തെ ലോകരാഷ്ട്രീയ പരിചയത്തില്‍ ഒരു രാഷ്ട്രത്തലവന്‍ ഇങ്ങനെ ഭീഷണി മുഴക്കുന്നത് കണ്ടിട്ടില്ലെന്ന് തരൂര്‍ പറഞ്ഞു. മോദിയുമായി താന്‍ സംസാരിച്ചെന്നും അവര്‍ പരിഗണിക്കാമെന്നാണ് അറിയിച്ചതെന്നും പരിഗണിച്ചില്ലെങ്കില്‍ അതിന് തിരിച്ചടിയുണ്ടാകുമെന്നുമാണ് ട്രംപ് പറഞ്ഞത്. ഇന്ത്യ യുഎസ്സിനെ വെച്ച് ഒരുപാട് നേട്ടമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. “ഞങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയാല്‍” എന്നു തുടങ്ങുന്ന ട്രംപിന്റെ പ്രസ്താവനയില്‍ ധാര്‍ഷ്ട്യവും തരൂര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരു ഉല്‍പന്നം യുഎസ്സിന് വില്‍ക്കാമെന്ന് തീരുമാനിക്കുമ്പോള്‍ മാത്രമാണ് അത് യുഎസ്സിനുള്ള വിതരണമാകുനെന്നതെന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതെസമയം യുഎസ്സില്‍ നിന്ന് കാനഡയിലേക്കുള്ള എന്‍95 മാസ്കുകളുടെ കയറ്റുമതി ട്രംപ് തടഞ്ഞിരിക്കുകയാണ്. തങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് പറഞ്ഞാണിത്. കാനഡയിലെ ജനസാന്ദ്രതയേറിയ ഒന്റേറിയോ പ്രവിശ്യയിലേക്ക് കയറ്റി അയയ്ക്കാന്‍ തയ്യാറെടുക്കവെയാണ് അധികാരികള്‍ തടഞ്ഞത്. ഒന്റേറിയോയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ മാസ്കുകള്‍ നിലവില്‍ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്.

രാജ്യത്ത് 1950ലെ ഡിഫന്‍സ് പ്രൊഡക്ഷന്‍ നിയമം നടപ്പാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച മുതല്‍ നടപ്പാക്കിയ ഈ നിയമപ്രകാരം സുരക്ഷാവസ്ത്രങ്ങളുടെ കയറ്റുമതി അധികാരികള്‍ക്ക് തടയാന്‍ സാധിക്കും. കാന‍ഡ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് യുഎസ്സില്‍ നിന്ന് എന്‍95 മാസ്കുകള്‍ ഏറെയും കയറ്റുമതി ചെയ്യുന്നത്.

കോവിഡ്-19 ചികിത്സയില്‍ മലേറിയ മരുന്നിന്റെ സാധ്യത സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് യുഎസ് പ്രസിഡണ്ട് ഡൊണാള്‍‌ഡ് ട്രംപ് പ്രസ്തുത മരുന്ന് തന്റെ രാജ്യത്ത് ലഭ്യമാക്കാനായി അന്തര്‍ദ്ദേശീയ തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തിത്തുടങ്ങിയത്. ഇന്ത്യയായിരുന്നു ട്രംപിന്റെ പ്രധാന ലക്ഷ്യം. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്ലോറോക്വിന്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കൊവിഡ് ചികിത്സയില്‍ ഈ മരുന്നിനുള്ള സാധ്യത തിരിച്ചറിഞ്ഞ ഇന്ത്യ അവയുടെ കയറ്റുമതി നിരോധിച്ചിരുന്നു. മാത്രവുമല്ല, ഉല്‍പാദകരില്‍ നിന്ന് ഈ മരുന്ന് വന്‍തോതില്‍ വാങ്ങിവെക്കാനുള്ള നടപടികള്‍ ആരോഗ്യമന്ത്രാലയം തുടങ്ങുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് ഈ മരുന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ചത് സാക്ഷാല്‍ ട്രംപ് തന്നെയാണ്. ഈ സമ്മര്‍‌ദ്ദത്തില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. മരുന്ന് വിട്ടു നല്‍കുന്നത് പരിഗണിക്കാമെന്ന് സമ്മതിച്ചു. ട്രംപിന്റെ ഭീഷണി വന്നതോടെ അതിവേഗത്തില്‍ നിരോധനം നീക്കം ചെയ്യുകയും ചെയ്തു.