നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പാർലമെന്റ് മന്ദിരത്തിനു മുകളിൽ പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യയുടെ ദേശീയ ചിഹ്നമായ സാരാനാഥിലെ അശോക സ്തംഭത്തിൽ നിന്നു വ്യത്യസ്തമായി ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള നിർമിതിയിൽ ആക്രമണോത്സുകമായ അംശങ്ങളുണ്ടെന്നാണു പ്രതിപക്ഷത്തിന്റെ ആരോപണം.
സാരാനാഥിലെ അശോകസ്തംഭത്തിന്റെ ഭാഗമായ സിംഹങ്ങളുടെ നിർമിതി സൗമ്യവും ശാന്തവുമാണ്. എന്നാൽ, പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭത്തിൽ ദംഷ്ട്രകൾ പുറത്തു കാട്ടുന്ന രീതിയിലുള്ള സിംഹങ്ങളുടെ നിർമിതി അക്രമവാസനയാണ് കാണിക്കുന്നതെന്നും രാഷ്ട്രീയ ജനതാ ദൾ ട്വീറ്റ് ചെയ്തു.
രണ്ടു സ്തംഭങ്ങളും അതു രൂപകല്പന ചെയ്തവരുടെ ഉള്ളിലിരിപ്പാണു വ്യക്തമാക്കുന്നത്. നിർമിതികളിലൂടെയും ചിഹ്നങ്ങളിലൂടെയും മനുഷ്യർ വെളിവാക്കുന്നത് സ്വന്തം സ്വഭാവമാണെന്നും ആർജെഡി ട്വീറ്റ് ചെയ്തു.
സാരനാഥിലെ അശോകസ്തംഭത്തിലെ സിംഹങ്ങൾ പ്രതിനിധീകരിക്കുന്നതു മഹാത്മാഗാന്ധിയെയും, പ്രധാനമന്ത്രി അനാഛാദനം ചെയ്ത അശോകസ്തംഭത്തിലെ ചിഹ്നങ്ങൾ പ്രതിനിധാനം ചെയ്യുന്നത് നാഥുറാം ഗോഡ്സെയെയുമാണ് എന്നായിരുന്നു മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.
തൃണമൂൽ നേതാക്കളായ മഹുവ മൊയ്ത്ര, ജവഹർ സർക്കാർ, എഐഎംഐഎം നേതാവും ലോക്സഭാംഗവുമായ അസദുദ്ദീൻ ഒവൈസി, ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് തുടങ്ങിയവരും ദേശീയചിഹ്നത്തിലെ മാറ്റങ്ങൾക്കെതിരേ വിമർശനമുയർത്തി.
പ്രതിപക്ഷം ഉൾപ്പെടെയുള്ള പാർലമെന്റ് സാമാജികരുടെ അസാന്നിധ്യത്തിൽ ദേശീയചിഹ്നം അനാഛാദനം ചെയ്തതും പാർലമെന്റിൽ പൂജാകർമങ്ങൾ ചെയ്തതും ഭരണഘടനാ വിരുദ്ധമാണെന്നു കോണ്ഗ്രസ് നേതാവും രാജ്യസഭാംഗവുമായ അഭിഷേക് മനു സിംഗ്വി പറഞ്ഞു. എന്നാൽ വിമർശനങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് ബിജെപി ദേശീയ വക്താവ് അനിൽ ബലുണിയുടെ പ്രതികരണം.
Leave a Reply