റാഫേല്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന് ഇന്നലെ തിരിച്ചടിയുണ്ടായിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കരുത് എന്ന് പറഞ്ഞ മൂന്ന് രേഖകള്‍ പരിശോധിക്കും എന്നും ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുക എന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പ്രതിരോധ രേഖകള്‍ പുറത്തുവിടാന്‍ പാടില്ലെന്നും ഇത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്നും ഔദ്യോഗിക രക്ഷാ നിയമത്തിന്റെ ലംഘനമാണ് നടന്നിരിക്കുന്നത് എന്നുമെല്ലാമുള്ള സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കളഞ്ഞാണ് രേഖകള്‍ സ്വീകരിക്കുന്നതായി സുപ്രീം കോടതി വ്യക്തമാക്കിയത്. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിടാന്‍ പാടില്ല എന്ന് വാദിക്കുന്ന ഈ മൂന്ന് രേഖകള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.
1. 2015 നവംബര്‍ 24ന്റെ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ്
അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചര്‍ച്ചകളെക്കുറിച്ച് പറയുന്നു. ഒരു കുറിപ്പില്‍ പ്രതിരോധ സെക്രട്ടറി ജി മോഹന്‍കുമാര്‍ പറയുന്നത് നെഗോഷിയേറ്റിംഗ് ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) നടത്തുന്ന കൈകടത്തലുകള്‍ സംബന്ധിച്ചാണ്. ഇത് നെഗോഷിയേറ്റിംഗ് ടീമിന്റെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതായി മോഹന്‍കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഡെപ്യൂട്ടി സെക്രട്ടറി എസ്‌കെ ശര്‍മ പറയുന്നത് നെഗോഷിയേറ്റിംഗ് ടീമിന്റെ ഭാഗമല്ലാത്ത ഉദ്യോഗസ്ഥര്‍ സമാന്തരമായി ഫ്രഞ്ച് ഗവണ്‍മെന്റുമായി ചര്‍ച്ച നടത്തരുത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് ഉപദേശം നല്‍കണം എന്നാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ വിലപേശല്‍ ചര്‍ച്ചകളില്‍ തൃപ്തിയില്ലെണ്ടെങ്കില്‍ മാത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുക എന്നാണ്.
പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ ഈ വിമര്‍ശനങ്ങളും ആശങ്കകളും സംബന്ധിച്ച് മന്ത്രിയായിരുന്ന മനോഹര്‍ പരീഖര്‍ എഴുതിയ കുറിപ്പില്‍ പറയപുന്നത് പ്രധാനമന്ത്രിയുടെ ഓഫീസും ഫ്രഞ്ച് പ്രസിഡന്റിന്റെ ഓഫീസിലും നടപടികള്‍ നിരീക്ഷിക്കുക മാത്രമാണ് എന്നാണ്. ഉദ്യോഗസ്ഥരുടേത് അനാവശ്യമായ അമിത പ്രതികരണമാണ് എന്നും പരീഖര്‍ വിമര്‍ശിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് പ്രശ്്‌നം പരിഹരിക്കണമെന്നും പരീഖര്‍ നിര്‍ദ്ദേശിക്കുന്നു.
2. 2016 ഓഗസ്റ്റിലെ പ്രതിരോധ മന്ത്രാലയത്തിന്റെ കുറിപ്പ് – നോട്ട് 18
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഫ്രഞ്ച് ഉദ്യോഗസ്ഥരുമായി 2016 ജനുവരി 12, 13 തീയതികളില്‍ പാരീസില്‍ വച്ച് ചര്‍ച്ച നടത്തിയതിനെക്കുറിച്ച് പറയുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെ വ്യോമ വിഭാഗമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നെഗോഷിയേറ്റിംഗ് ടീമിന് സമാന്തരമായി അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മനോഹര്‍ പരീഖര്‍ നിര്‍ദ്ദേശം നല്‍കിയത് സോവറിന്‍ ഗാരണ്ടി, മധ്യസ്ഥത തുടങ്ങിയ വിഷയങ്ങളില്‍ ഇളവുകള്‍ക്കുള്ള ആവശ്യം ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് പകരം സുരക്ഷാകാര്യ മന്ത്രിതല സമിതിക്ക് (കാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി) മുന്നില്‍ വയ്ക്കാനാണ്.
3. 2016 ജൂണ്‍ ഒന്നിന് ഇന്ത്യന്‍ നെഗോഷിയേറ്റിംഗ് ടീമിലെ (ഐഎന്‍ടി) മൂന്ന് അംഗങ്ങള്‍ നല്‍കിയ വിയോജനക്കുറിപ്പ്
റാഫേല്‍ കരാറിലെ വിവിധ വ്യവസ്ഥകള്‍ സംബന്ധിച്ച് നെഗോഷിയേറ്റിംഗ് ടീമിലെ മൂന്ന് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇവര്‍ രേഖപ്പെടുത്തിയ 10 കാര്യങ്ങളിലെ എതിര്‍പ്പുകള്‍ ഐഎന്‍ടിയുടെ അ്ന്തിമ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
Leave a Reply