ന്യൂസ് ഡെസ്ക്

ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള കാറ്റഗറിയിൽ വരുന്ന ഇന്ത്യാക്കാരുടെ പാസ്പോർട്ടിന് ഓറഞ്ച് നിറം നല്കാനുള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുന്നോട്ടു വച്ച നിർദ്ദേശത്തിനെതിരെ കനത്ത വിമർശനമുയരുന്നു. ഇമിഗ്രേഷൻ ക്ലിയറൻസ് വേണ്ടാത്തവർക്ക് നിലവിലുള്ള നീല പാസ്പോർട്ട് തന്നെ തുടരും. വിദേശ രാജ്യങ്ങളിൽ ജോലിക്കായി പോകുന്നവരെ തൊഴിൽ ചൂഷണങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇവർക്ക് പ്രത്യേക നിറമുള്ള പാസ്പോർട്ട് നല്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ഇത് ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കുമെന്ന് പ്രവാസികളടക്കമുള്ളവർ പറയുന്നു.

ഓറഞ്ച് പാസ്പോർട്ട് ഉള്ളവർ അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവർ, ആണെന്നതിന്റെ പരസ്യപ്പെടുത്തലാണെന്നും അതിനാൽ തന്നെ അങ്ങനെയുള്ളവർ വിദേശ രാജ്യങ്ങളിൽ കൂടുതൽ വിവേചനത്തിന് ഇരയാകുമെന്നും വിമർശനം ഉയർന്നിട്ടുണ്ട്. ഓറഞ്ച് പാസ്പോർട്ടിൽ അവസാന പേജിൽ യാതൊരു വിവരങ്ങളും രേഖപ്പെടുത്തില്ല എന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. ഓറഞ്ച് പാസ്പോർട്ടിൽ അഡ്രസും ഇമിഗ്രേഷൻ സ്റ്റാറ്റസും ഉണ്ടാവില്ല. 18 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ളത്. ഇനി മുതൽ ഇമിഗ്രേഷൻ ക്ലിയറൻസ് സ്റ്റാമ്പ് ചെയ്യുന്നതിനു പകരം ആ കാറ്റഗറിയിൽ വരുന്നവർക്ക് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക. നിലവിൽ ഇമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള ബ്ളു പാസ്പോർട്ട് ഹോൾഡേഴ്സിന് അത് കാലാവധി കഴിഞ്ഞ് പുതുക്കുന്ന സമയത്ത് ഓറഞ്ച് പാസ്പോർട്ടായിരിക്കും നല്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തൊഴിലാളികൾ വിദേശങ്ങളിൽ ജോലി ചെയ്യുന്നത്. 69 ബില്യൺ ഡോളറാണ് 2015ലെ കണക്കനുസരിച്ച് വിദേശ ഇന്ത്യൻ തൊഴിലാളികൾ മാതൃരാജ്യത്തേയ്ക്ക് അയച്ചത്. മൈഗ്രൻറ് വർക്കേഴ്സിൽ 20 ൽ ഒരാൾ ഇന്ത്യാക്കാരനാണ്. വിദേശത്ത് നടക്കുന്നതിനേക്കാൾ ഏറെ തൊഴിൽ ചൂഷണം രാജ്യത്ത് തൊഴിലാളികൾക്ക് നേരിടേണ്ടി വരുന്നുണ്ട്. ഇന്ത്യയിൽ വേണ്ടത്ര തൊഴിലവസരങ്ങളും ശമ്പളവും ലഭിക്കാതെ വരുമ്പോൾ, ഒരു പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശ രാജ്യങ്ങളിൽ ചേക്കേറാൻ ശ്രമിക്കുന്ന അവിദഗ്ദ തൊഴിലാളികളെ രണ്ടാം തരം പൗരന്മാരായി മുദ്രകുത്തുന്ന നടപടിയാണ് വിദേശ മന്ത്രാലയത്തിന്റേത് എന്നാണ് കടുത്ത വിമർശനം ഉയരുന്നത്. പ്രവാസി സംഘടകളും തൊഴിലാളി യൂണിയനുകളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും അതിശക്തമായ ഭാഷയിലാണ് പുതിയ പാസ്പോർട്ട് പരിഷ്കാരത്തിനെതിരെ പ്രതികരിച്ചത്. ഈ പരിഷ്കാരം പിൻവലിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

57 ശതകോടീശ്വരന്മാരാണ് ഇന്ത്യയിലെ സമ്പത്തിന്റെ 70 ശതമാനം കൈകാര്യം ചെയ്യുന്നതെന്ന് ഓക്സ്ഫാം ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഈയിടെ പ്രസ്താവിച്ചിരുന്നു. പുതിയ പാസ്പോർട്ട് പരിഷ്കാര നിർദ്ദേശം സമ്പന്നനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കൂട്ടാനും വിവേചനം വർദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ എന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പറയുന്നു. ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പറ്റാത്ത ഭരണകൂടം വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഇന്ത്യാക്കാരനിൽ ഓറഞ്ച് പാസ്പോർട്ട് അടിച്ചേൽപ്പിക്കുന്നതിന്റെ ധാർമ്മികത മനസിലാകുന്നില്ലെന്ന് ഇവർ പറയുന്നു. രാജ്യത്തെ ജനങ്ങൾക്കാവശ്യമായ വിദ്യാഭ്യാസവും ആരോഗ്യ പരിപാലന സൗകര്യങ്ങളും ഭക്ഷണവും താമസ സൗകര്യങ്ങും നല്കാനാവാത്ത ഗവൺമെന്റിന് പൗരന്മാരെ അതിന്റെ പേരിൽ തന്നെ വേർതിരിക്കാൻ എന്തവകാശമാണ് ഉള്ളതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ചൂടുപിടിച്ച ചർച്ചകൾക്ക് വഴിമരുന്നിടുമെന്ന് ഉറപ്പാണ്.  നാസിക്കിലെ സെക്യൂരിറ്റി പ്രസിലാണ് പുതിയ പാസ്പോർട്ട് പ്രിൻറ് തയ്യാറാക്കുന്നത്.