ഡോ. ഐഷ വി
ഓർമ്മചെപ്പ് കഴിഞ്ഞയാഴ്ച 100 അധ്യായങ്ങൾ പൂർത്തീകരിച്ചു. ഓരോ വ്യക്തിയുടേയും വിജയത്തിന് പിന്നിൽ ഒരുപാട് കരങ്ങളുണ്ടാകും. എനിക്ക് പേരറിയാത്ത നേരിട്ടറിയാത്ത മലയാളം യുകെ യുടെ സ്റ്റാഫംഗങ്ങൾ, ഞനെഴുതിയതിന്റെ മികച്ച വാചകങ്ങൾ ആദ്യ പേജിൽ ഹൈലൈറ്റ് ചെയ്ത എഡിറ്റിംഗ് ടീം. എന്റെ എഴുത്തിന് വേണ്ടി ചിത്രങ്ങൾ വരച്ച അനുജ സജീവ് , വരച്ച മറ്റുള്ളവർ, നല്ല വായനക്കാർ, അവരുടെ കമന്റുകൾ, സുഹൃത്തുക്കളുടെ പ്രോത്സാഹനം, പുസ്തകമായി പ്രസിദ്ധീകരിക്കണം എന്ന ബന്ധുക്കളുടേയും സുഹൃത്തുകളുടേയും സ്നേഹം നിറഞ്ഞ പ്രോത്സാഹനങ്ങൾ, മലയാളംയുകെയുമായി എന്നെ ബന്ധപ്പെടുത്തിയ ശ്രീ .റ്റിജി തോമസ് സാറിന്റെ കൃത്യസമയത്തുള്ള ചില നിർദ്ദേശങ്ങൾ, എഴുതുന്ന വിഷയവുമായി ബന്ധപ്പെട്ട ഫോട്ടോകൾ വയ്ക്കണമെന്ന നിർദ്ദേശം, ഫോട്ടോയില്ലെങ്കിൽ മലയാളംയുകെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് വരപ്പിച്ചോളും . അങ്ങനെ ഞാൻ അറിഞ്ഞും അറിയാതെയും ഓർമ്മചെപ്പിന്റെ പ്രസിദ്ധീകരണത്തിൽ ഇടപെട്ട എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഞാൻ ആദ്യമേ തന്നെ രേഖപ്പെടുത്തുന്നു.
കുട്ടിക്കാലത്ത് നാടകം, ചില കവിതകൾ, കഥകൾ എന്നിവയൊക്കെ എഴുതുകയും കവിയരങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നെങ്കിലും ഞാൻ എഴുതാൻ അല്പം മടി കാണിച്ചിരുന്നു. സാങ്കേതിക വിദ്യ കൂടെ കൂടിയപ്പോൾ , സർഗ്ഗാത്മകത എവിടെയോ നഷ്ടപ്പെട്ടു പോയി. പിന്നെ ഏതാനും ലേഖനങ്ങൾ എഴുതി. ഒരായിരം കഥകൾ മനസ്സിലുണ്ടായിരുന്നെങ്കിലും എഴുത്ത് മാത്രം നടന്നില്ല. എന്റെ ഭർത്താവിന്റെ സ്കൂൾ മേറ്റായിരുന്ന ശ്രീമതി രേഖയുടെ അച്ഛൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന കവി ഒരു ദിവസം ഞങ്ങളുടെ വീട്ടിൽ വന്നു. അദ്ദേഹമഴുതിയ തീരാകടം, ഋതുഭേദങ്ങൾ എന്നീ കാവ്യ സമാഹാരങ്ങളുടെ ഒരു പ്രതി വീതം എനിക്ക് സമ്മാനിച്ചു. അന്ന് ഞങ്ങൾ കുടുംബ സമേതം തിരുവനന്തപുരത്തേയ്ക്ക് യാത്ര നടത്തിയപ്പോൾ അദ്ദേഹം ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. യാത്രാ മദ്ധ്യേ അദ്ദേഹം സ്വന്തം കവിതകൾ ചൊല്ലി കേൾപ്പിച്ചു. ഞാൻ അദ്ദേഹത്തോട് മനസ്സിൽ ധാരാളം വിഷയങ്ങൾ ഉണ്ടെങ്കിലും ഒന്നും എഴുതാത്തതിനെക്കുറിച്ച് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ . മനസ്സിൽ തോന്നുന്ന ആശയങ്ങൾ അപ്പപ്പോൾ ഒരു ഡയറിയിലോ നോട്ട്ബുക്കിലോ കുറിച്ചിടുക. പിന്നെയത് വിശദമായി എഴുതാം. അങ്ങനെ ഞാൻ പ്രാധാന വിഷയങ്ങൾ കുറിച്ച് വയ്ക്കാൻ തുടങ്ങി. എന്നിട്ടും അതേ പറ്റിയൊന്നും എഴുതിയില്ല. അങ്ങനെ കുറേ നാൾ കടന്നുപോയി.
ഒരു ദിവസം ഞങ്ങളുടെ കോളേജിലേയ്ക്ക് അവിടത്തെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അഖിൽ മുരളിയെത്തി. അഖിൽ മുരളിയോട് സംസാരിച്ചപ്പോൾ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തിക പള്ളിയിൽ നിന്നും പോയ ശേഷം മാക്ഫാസ്റ്റിൽ നിന്നും പി ജി എടുത്തെന്നും ഇപ്പോൾ CSIR ലെ ജോലി, കവിതാ
രചന, സിവിൽ സർവ്വീസ് പഠനം എന്നിവയുമായി മുന്നോട്ട് പോകുന്നെന്നും മനസ്സിലായി. പത്രങ്ങൾ , ആനുകാലികങ്ങൾ എന്നിവയിൽ അഖിൽ മുരളിയുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇനി ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നുണ്ടെന്നും അതിന്റെ പ്രകാശന ചടങ്ങിലേയ്ക്ക് എന്നെ ക്ഷണിയ്ക്കാം എന്ന് പറഞ്ഞാണ് തിരികെ പോയത്. ഞാൻ അഖിലിനോട് ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ എന്ന ഒരു പ്രായം ചെന്ന കവിയുണ്ടെന്നും അദ്ദേഹത്തെ കൂടി ക്ഷണിക്കണമെന്നും പറഞ്ഞു.
കുറച്ചുനാൾ കഴിഞ്ഞപ്പോൾ അഖിൽ മുരളിയുടെ “നിഴൽ കുപ്പായം” എന്ന കവിതാ സമാഹാരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് പ്രകാശനം ചെയ്യുകയാണെന്ന വിവരം പറഞ്ഞു എന്നെ ക്ഷണിച്ചു. നിഴൽ കുപ്പായത്തിന്റെ ഒരു സോഫ്റ്റ് കോപ്പി അഖിൽ എനിക്ക് നേരത്തേ തന്നെ അയച്ചു തന്നിരുന്നു. അത് ഞാൻ വായിച്ചു. 2019 സെപ്റ്റംബർ 29 നായിരുന്നു “നിഴൽ കുപ്പായത്തി”ന്റെ പ്രകാശന ചടങ്ങ്. ഞാനും ഭർത്താവും മകളും ശ്രീ ആറ്റിങ്ങൽ സി ദിവാകരനെയും കൂട്ടി വൈകുന്നേരം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിലെത്തി. അഖിലിന്റെ സുഹൃത്തും സിവിൽ സർവ്വീസ് ആസ്പിരന്റുമായ ശ്രീമതി ശോഭരാജ് ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞങ്ങൾ ശോഭയെ പരിചയപ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോൾ മാക്ഫാസ്റ്റ് തിരുവല്ലയിലെ കംപ്യൂട്ടർ സയൻസ് ഡിപാർട്ട്മെന്റ് ഹെഡായ ശ്രീ റ്റിജി തോമസ്, മാക്ഫാസ്റ്റിലെ പ്രിൻസിപ്പാൾ ഫാ. ചെറിയാൻ ജെ കോട്ടയിൽ, ശ്രീ ജോർജ് ഓണക്കൂർ, കേരള സ്റ്റേറ്റ് ചിൽഡ്രൻസ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് ട്രഷറർ ശ്രീ രാധാകൃഷ്ണൻ എന്നിവർ എത്തി ചേർന്നു. അഖിലിന്റെ കാവ്യരചനയ്ക്ക് വളർച്ചയുടെ പശ്ചാത്തലമൊരുക്കിയത് മാക്ഫാസ്റ്റ് തിരുവല്ലയാണെന്ന് പറയാം. വിശിഷ്ടാഥിതികളിൽ ചിലർ എത്തിയിരുന്നില്ല. അഖിൽ പ്രിൻസിപ്പലച്ചനും റ്റിജി സാറിനും എന്നെ പരിചയപ്പെടുത്തി. ഞാൻ ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിനെ അവർക്കും. അങ്ങനെ ഞാനും ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറും മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം വേദിയിലേയ്ക്ക് ആനയിയ്ക്കപ്പെട്ടു. ശ്രീ റ്റിജി തോമസ് സർ എന്നോട് ” ടീച്ചർ എഴുതാറുണ്ടോ ?” എന്ന് ചോദിച്ചു. ചില ലേഖനങ്ങൾ എഴുതിയിട്ടുണ്ടെന്ന് ഞാൻ മറുപടി കൊടുത്തു. ഇനിയെന്തെങ്കിലും രചനകൾ ഉണ്ടെങ്കിൽ മലയാളം യുകെ .കോം എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കാമെന്ന് പറഞ്ഞു. ഞാൻ കൊടുക്കാമെന്നേറ്റു . റ്റിജി സർ എന്റെ വാട്സാപ് നമ്പർ വാങ്ങി. അതിൽ മലയാളം യുകെ . കോമിൽ പ്രസിദ്ധീകരിച്ച ” കാടിന്റെ ഉള്ളറിഞ്ഞ് ഒരു ദിനം” എന്ന് സാറെഴുതിയ ലേഖനം അയച്ച് തന്നു.
അഖിൽ മുരളിയുടെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങുകൾ ഗംഭീരമായി നടന്നു. റ്റിജി സർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോക്ടർ ജോർജ് ഓണക്കൂർ കവിതാ സമാഹാരത്തിന്റെ പ്രകാശനം നടത്തി. പുസ്തകം ശ്രീ ആറ്റിങ്ങൽ സി ദിവാകരൻ സാറിന് കൈമാറിയാണ് പ്രകാശനം നടത്തിയത്. അഖിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥിയായിരുന്നത് കൊണ്ട് , ശ്രീ ജോർജ് ഓണക്കൂർ – പബ്ലിഷ്ഡ് വർക്കിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ മലയാറ്റൂർ രാമകൃഷ്ണന്റെ ഉദാഹരണ സഹിതം സൂചിപ്പിച്ചു. അന്ന് 86 വയസ്സുള്ള കവിയാണ് പ്രായം കൊണ്ട് ഇരുപതുകളിലുള്ള അഖിലിന്റെ കവിതാ സമാഹാരം ഏറ്റുവാങ്ങിയത്. പിന്നെ മറ്റു വിശിഷ്ടാഥിതികൾക്കൊപ്പം അഖിൽ പഠിച്ച രണ്ട് കോളേജിലെ പ്രിൻസിപ്പൽമാരായ ഫാ. കോട്ടായിലും ഞാനും പ്രസംഗിച്ചു. ശോഭ കൃതജ്ഞത രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ അവസാനിച്ചു. ചായ കുടിച്ച് അഖിലിന്റെ അച്ചനമ്മമാരെ പരിചയപ്പെട്ട് ഞങ്ങൾ വീട്ടിലേയ്ക്ക് തിരിച്ചു. അഖിലിന്റെ കവിതാ സമാഹാരത്തിന്റെ ഏതാനും പ്രതികൾ ഞങ്ങളുടെ കോളേജ് ലൈബ്രറിയിലേക്കും വാങ്ങി സൂക്ഷിച്ചു. അഖിൽ മുരളി പിന്നീട് സ്വന്തം സ്ഥലപ്പേർ കൂട്ടി ചേർത്ത് അഖിൽ പുതുശ്ശേരി എന്ന തൂലികാനാമം സ്വീകരിച്ചു.
ഞാൻ റ്റിജി സാറിനോട് രചനകൾ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. 2020 ജനുവരി അവസാന വാരം റ്റിജിസാർ എന്നെ ഫോൺ വിളിച്ച് പറഞ്ഞു:” ടീച്ചർ രചനകൾ തരാമെന്ന് പറഞ്ഞിട്ട് ഇതുവരെ ഒന്നും തന്നില്ലല്ലോ” എന്ന്. ഞാൻ രണ്ടു ദിവസത്തിനകം തരാമെന്ന് പറഞ്ഞു. പിറ്റേന്ന് ഞാൻ എഴുതി കൊടുത്തു. ” ഓർമ്മചെപ്പ് തുറന്നപ്പോൾ” എന്നാണ് ആ ഓർമ്മകുറിപ്പിന് പേരിട്ടത്. എല്ലാ ആഴ്ചയും ഓരോന്ന് തരാമെന്ന് ഞാനേറ്റു. എന്റെ ഓർമ്മകുറിപ്പുകൾ മലയാളംയുകെ .കോമിൽ പ്രസിദ്ധീകരിക്കുന്ന വിവരം അനൗൺസ് ചെയ്തു. അങ്ങനെ ഓർമ്മചെപ്പിന്റെ ആദ്യ അധ്യായം അനുജ സജീവിൻെറ വരകളോടെ 2020 ഫെബ്രുവരി രണ്ടാം തീയതി പ്രസിദ്ധീകരിച്ചു. പിന്നെ എല്ലാ ഞായറാഴ്ചയിലും പ്രസീദ്ധീകരിക്കാൻ വേണ്ടി ഞാനെഴുതി. “കംപൽസീവ് റൈറ്റിംഗ്” എന്നു പറയാം. സ്വന്തം ജീവിതത്തിലേയും പരിചയപ്പെട്ടവരുടെ ജീവിതത്തിലേയും ചില ഏടുകൾ ഓർമ്മചെപ്പിന് വിഷയമായി. ആദ്യ മൂന്നദ്ധ്യായങ്ങൾ ഭാഗം1, ഭാഗം2, ഭാഗം3 എന്നിങ്ങനെയാണ് പ്രസിദ്ധീകരിച്ചത്. അങ്ങനെ ഒരു ദിവസം റ്റിജി സാർ എന്നെ വിളിച്ച് പറഞ്ഞു: ” ടീച്ചറെ ഓർമ്മചെപ്പിന്റെ ഓരോ അധ്യായത്തിന് ഓരോ തലക്കെട്ടു കൂടി കൊടുത്ത് എഴുതുന്നത് നന്നായിരിക്കും.” അങ്ങനെ ഓർമ്മ ചെപ്പിന് ഒരു രൂപവും ഭാവവുമൊക്കെയായി.
പിന്നെയും ഒന്നു രണ്ടാഴ്ചകൾ കഴിഞ്ഞപ്പോൾ റ്റിജി സാർ വീണ്ടും വിളിച്ചു എന്നിട്ട് പറഞ്ഞു:” ടീച്ചറിന്റെ രചനകൾക്ക് നല്ല വായനക്കാരുണ്ട്. മലയാളം യു കെ യ്ക്ക് ടീച്ചറിനെ കിട്ടിയത് ഒരു ഭാഗ്യമാണ്. എന്തായാലും ടീച്ചർ ഇത് പുസ്തകമായി പ്രസിദ്ധീകരിക്കണം.”ഒരു റോക്കറ്റിന് ഇനിഷ്യൽ മൊമന്റം കിട്ടിയാൽ അത് ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നതു പോലെയായിരുന്നു എന്റെ കാര്യത്തിൽ ആ വാക്കുകൾ. എല്ലാ ഞായറാഴ്ചകളിലേയ്ക്കും മലയാളംയുകെ യ്ക്കു വേണ്ടി എഴുതുവാൻ എനിക്ക് ഉത്സാഹമായി. ഓർമ്മചെപ്പ് കൊടുക്കാൻ ഇത്തിരി വൈകിയാൽ റ്റിജി സാർ വിളിക്കും. ഓണം സ്പെഷ്യൽ പ്രസിദ്ധീകരിക്കുന്ന സമയത്തും ഒരു തവണ മലയാളം യുകെയിൽ സ്റ്റാഫ് ലീവായിരുന്ന സമയത്തും മറ്റൊരു തവണ എന്റെ തിരക്കുമൂലം ഒരുദിവസവുംമാത്രമേ ഓർമ്മ ചെപ്പ് പ്രസിദ്ധീകരിക്കാതിരുന്നുള്ളൂ. തൊണ്ണൂറിലധികം അധ്യായങ്ങളായപ്പോൾ റ്റിജി സാർ എന്നെ വിളിച്ചിട്ട് പറഞ്ഞു:”ഒ സി രാജുമോൻ എന്നൊരു സുഹൃത്ത് എനിക്കുണ്ട്. ദീപികയിലൊക്കെ ദീർഘകാലം ജോലി ചെയ്തിട്ടുള്ളയാളാണ്. പുസ്തകം പ്രസിദ്ധീകരിക്കാൻ ടീച്ചറിനെ സഹായിക്കും. ടീച്ചർ ഒന്നിനെ കുറിച്ചും വിഷമിക്കേണ്ട കാര്യമില്ല.” അങ്ങനെ പരിചയ സമ്പന്നനായ ശ്രീ ഒ.സി രാജുമോനെ പുസ്തകം പ്രസിദ്ധീകരിക്കുന്ന ചുമതല ഏൽപ്പിച്ചു. ശ്രീ. ഒ. സി രാജുമോൻ ഇപ്പോൾ ഓർമ്മ ചെപ്പിന്റെ പണിപ്പുരയിലാണ്. 25 അധ്യായങ്ങൾ പൂർത്തിയാക്കി എനിക്കയച്ചു തന്നു.
നൂറാം അധ്യായം കഴിഞ്ഞയാഴ്ച പൂർത്തിയാക്കിയപ്പോൾ എനിക്ക് മനസ്സിലായത് ഓർമ്മചെപ്പിന്റെ ഓരോ അധ്യായവും ഓരോ ചുവടുവയ്പുകളായിരുന്നു. ഓരോ മുന്നോട്ടുള്ള ചുവടു വയ്പ്പുകളുമാണ് നമ്മെ ഘാതങ്ങൾ താണ്ടാൻ സഹായിക്കുക. കൈകാര്യം ചെയ്ത വിഷയങ്ങൾ വൈവിധ്യമാർന്നതാക്കാൻ ഓരോ അധ്യായത്തിലും ഞാൻ ശ്രമിച്ചിട്ടുണ്ട്. നമ്മിലോരോരുത്തരിലും ധാരാളം കഴിവുകൾ ഉറങ്ങികിടക്കുന്നുണ്ടാകും. ആ കഴിവുകളെ ഉണർത്തിയെടുക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. എന്റെ കാര്യത്തിൽ റ്റിജി സാർ നിർണ്ണായക പങ്കു വഹിച്ചു എന്നതാണ് സത്യം. ഓർമ്മചെപ്പിന്റെ ലിങ്ക് കിട്ടിയാൽ ഞാനാദ്യം എന്റെ ഭർത്താവ് ബി ശ്യാംലാലിന് ഇട്ടു കൊടുക്കും. എന്റെ നല്ല വിമർശകൻ കൂടിയാണ് അദ്ദേഹം. എന്റെ സഹോദരി ഡോ . അനിത വിയും നന്നായി വിമർശിയ്ക്കാറുണ്ട്. ഞാൻ ഒന്നിലധികം വിഷയങ്ങൾ ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ അനുജത്തി പറയും ഒരു വിഷയം മാത്രം ഒരധ്യായത്തിൽ കൈകാര്യം ചെയ്താൽ മതി. ഇതിനെ ചവിട്ടിപ്പിടിച്ചൊന്ന് എഡിറ്റ് ചെയ്യണം. ചിലപ്പോൾ റിസർച്ചിന്റെ തലത്തിലേയ്ക്ക് ചില അധ്യായങ്ങൾ കടക്കുന്നതായി അനുജത്തി പറയാറുണ്ട്. ഒരിക്കൽ മാമന്റെ മകളും മലയാളം അധ്യാപികയുമായ സിന്ധു റാണി പറഞ്ഞത് ശ്രീ എം ടി വാസുദേവൻ നായർ തന്റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതുന്നതു പോലുണ്ടെന്ന്. മാമന്റെ മകനായ ഡോ. ശ്യാംലാൽ 100-ാം അധ്യായത്തെ കുറിച്ച് പറഞ്ഞത് Good Narration എന്നാണ്. വായനക്കാരായ ചിലർ ഞായറാഴ്ചകളിൽ ഓർമ്മച്ചെപ്പിൻെറ മലയാളം യുകെയിൽ പ്രസദ്ധീകരിച്ച ലിങ്ക് കൊടുക്കാൻ അല്പം താമസിച്ചാൽ വിളിയ്ക്കും. ഇന്ന് ഓർമ്മചെപ്പ് കണ്ടില്ലല്ലോയെന്ന് . വായനക്കാർക്ക് ഓർത്തിരിക്കാൻ എന്തെങ്കിലുമൊക്കെ അറിവ് കിട്ടണമെന്ന ആഗ്രഹവും ഓർമ്മചെപ്പിലെ ഓരോ അധ്യായത്തിന് പിന്നിലും എനിക്കുണ്ട്.
വായിച്ചും വിമർശിച്ചും പ്രോത്സാഹിപ്പിച്ചും കമന്റിട്ടും പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ എന്നെ സഹായിച്ചും 100 അധ്യായങ്ങൾ പൂർത്തിയാക്കുന്നതിന് കൂടെ നിന്ന എല്ലാവർക്കും നന്ദി. ഓരോരുത്തർക്കും ഓരോ നിയോഗങ്ങളുണ്ട്. അതിലൊന്നാണ് എന്നെക്കൊണ്ട് എഴുതിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ശ്രീ റ്റിജി തോമസ് സാറിന്റെ നിയോഗം.
NB: ഓർമ്മചെപ്പ് പുസ്തകമാക്കുമ്പോൾ വാങ്ങാൻ താത്പര്യമുള്ളവർ വിളിയ്ക്കുക :9495069307
ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , പാലക്കാട് ജില്ലയിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് . കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്
👍