ഡോ. ഐഷ വി

നമ്മൾ വളരെയൊന്നും കഷ്ടപ്പെടാതെ നമുക്ക് കിട്ടുന്ന ചില നേട്ടങ്ങളുണ്ട്. അത് കൃഷിയിലായാലും മറ്റു കാര്യങ്ങളിലായാലും . അത് ചിലപ്പോൾ നമ്മൾ കഷ്ടപ്പെട്ടു കിട്ടുന്നതിനേക്കാൾ വളരെ വലുതായിരിക്കുകയും ചെയ്യും. അങ്ങനെയുള്ള ചില അനുഭവങ്ങളാണ് കൃഷിയുമായി ബന്ധപ്പെട്ട ഇന്നത്തെ കുറുപ്പിലുള്ളത്. പ്രകൃതി ചിലപ്പോൾ നമുക്ക് വളരെ വലിയ ഭാഗ്യം കൊണ്ടുതരും. ഇത്തരം അനുഭവങ്ങൾ നിങ്ങൾക്കും ധാരാളം ഉണ്ടായേക്കാം. ഞങ്ങൾ കാസർഗോഡ് വാടക വീട്ടിൽ താമസിക്കുന്ന കാലം. അവിടത്തെ പറമ്പിൽ കയ്യാലയ്ക്കരികിലായി 20 മീറ്ററോളം നീളത്തിലും രണ്ട് മൂന്ന് മീറ്റർ വീതിയിൽ മുളങ്കാട് ഉണ്ടായിരുന്നു. ആ ഭാഗത്തേയ്ക്കു ആരും തന്നെ അങ്ങനെ പോകാറില്ല. ഒരു ദിവസം ഞങ്ങൾ നോക്കുമ്പോൾ അതിനടുത്തായി ആരുത പോലള്ള ഒരു ചെടിയിൽ നിറയെ നല്ല ഭംഗിയുള്ള വയലറ്റ് പൂക്കൾ . അതിനടുത്തായി രണ്ട് വറ്റൽ മുളകു ചെടിയിൽ നിറയെ പഴുത്തു ചുവന്ന കായകൾ. ഞങ്ങൾ അത് അമ്മയ്ക്ക് കാണിച്ചു കൊടുത്തു. അമ്മ ഒരു മുറത്തിൽ ആ പഴുത്ത മുളകുകൾ മുഴുവൻ പറിച്ചെടുത്തു. വെയിലത്ത് ഉണക്കി വറ്റൽ മുളകാക്കി. കാക്കയോ മറ്റ് പറവകളോ തിന്ന് കാഷ്ഠിച്ചപ്പോൾ വിത്തുവിതരണം നടന്നു മുളച്ചതാകാം. ഇല്ലിമുളം കാടിന്റെ ഇലകൾ പൊഴിഞ്ഞ് വീണ് ഫലഭൂയിഷ്ടമായ മണ്ണ് നൽകിയ വളം സ്വീകരിച്ച് കരുത്തുറ്റ് വളർന്നതാകാം. ഏതായാലും ഞങ്ങൾക്ക് അത് പ്രതീക്ഷിക്കാത്ത നേട്ടമായി. അമ്മ പിന്നീട് അതിന്റെ വിത്തുകൾ പാകി മുളപ്പിച്ചിട്ടുണ്ട്.

ഒരിക്കൽ ഞങ്ങൾ അമ്മ വീടായ ചിരവാന്നോട്ടത്ത് വലിയ വിള വീട്ടിൽ താമസിക്കുന്ന സമയം . ഒരു ദിവസം രാവിലെ അമ്മ ഞങ്ങൾക്ക് ഒരത്ഭുതം കാണിച്ചു തന്നു. അടുക്കളയുടെ പടിഞ്ഞാറ് വശത്ത് നിറയെ കൂണുകൾ . കുഞ്ഞി കുടകൾ പോലെ നിൽപ്പാണ്. തലേന്ന് പെയ്ത മഴയത്ത് മുളച്ചു വന്ന കൂൺ കുടകൾ ഒരു വെള്ള പരവതാനി വിരിച്ച പോലെയായിരുന്നു അല്പം ദൂരെ നിന്ന് നോക്കുന്ന വർക്ക് തോന്നുക. അമ്മ ഒരു ചരുവം എടുത്തു കൊണ്ടു വന്നു. ഞങ്ങൾ കുട്ടികളും അമ്മയും ചേർന്ന് ഈ കൂണുകളെല്ലാം പറിച്ചെടുത്ത് ചരുവത്തിൽ നിറച്ചു. അമ്മ അതു വച്ച് തോരനും തീയലുമൊക്ക പാചകം ചെയ്തു. തൊട്ടടുത്ത മൂന്ന് പ്രഭാതങ്ങളിൽ കൂടി ഇതാവർത്തിച്ചു. പിന്നീട് മിക്ക വർഷങ്ങളിലും ഞങ്ങൾക്ക് ഇതു പോലെ കൂണുകൾ ലഭിച്ചിട്ടുണ്ട്. നമ്മൾ പറമ്പിലൊക്കെ നോക്കണമെന്ന് മാത്രം. ഭക്ഷ്യയോഗ്യമായ കുമിളുകളും വിഷക്കുമിളുകളും ഉണ്ടെന്ന് അമ്മ പറഞ്ഞാണ് ഞങ്ങളറിയുന്നത്. അമ്മയ്ക്കവ തിരിച്ചറിയാൻ പ്രത്യേക കഴിവാണ്. ഇക്കാര്യത്തിൽ ഞാനിപ്പോഴും അത്ര പോര . ഒടിഞ്ഞു വീണുണങ്ങിയ മരച്ചില്ലകളിലും വൈക്കോൽ പൊടിഞ്ഞു വീണ മണ്ണിലും ഇലകൾ വീണടിഞ്ഞിടത്തും ഇതുപോലെ കൂണുകൾ മഴ പെയ്ത് കഴിഞ്ഞ് കൂട്ടമായി മുളയ്ക്കാറുണ്ട്. മാവിൻ ചുവട്ടിൽ ഒറ്റപ്പെട്ട വലിയ കുമിൾ തുടർച്ചയായി നാലഞ്ച് ദിവസം ലഭിച്ച അനുഭവവുമുണ്ട്. ഇന്നലെ പെയ്ത മഴയത്ത് മുളച്ച കൂണിനോട് ചില മനുഷ്യരെ ഉപമിച്ച് നിസ്സാരവൽക്കരിക്കുമ്പോഴും ഈ കൂണുകൾ അത്ര നിസ്സാരന്മാരല്ല. പോഷക സമൃദ്ധമായ രുചിയുള്ള ഭക്ഷണ പദാർത്ഥം എന്നതു മാത്രമല്ല കൂണുകളുടെ ഗുണം. ഫംഗസ് ഗണത്തിൽ പെട്ട കൂണുകൾ ആന്റി ബയോട്ടിക്കുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. ഡോ. അലക്സാണ്ടർ ഫ്ലെമിങ്ങിന്റെ കണ്ടു പിടുത്തം തന്നെ ഉദാഹരണം. ഒട്ടേറെ രോഗികൾക്ക് രോഗ ശാന്തി നൽകാൻ ഫംഗസുകൾ കാരണമായി. മഴ കൂൺ മാത്രമല്ല നൽകുന്നത് എല്ലാ ജീവജാലങ്ങൾക്കും വെള്ളവും ചെടികൾക്ക് വളവും കൂടിയാണ്. എഫ് എ സി റ്റി യിലോ മറ്റു രാസവള നിർമ്മാണ ഫാക്ടറിയിലോ നിർമ്മിക്കാൻ പറ്റാത്തത്രയും നൈട്രജൻ വളങ്ങളാണ് ഒറ്റമഴയിൽ സസ്യജാലങ്ങൾക്ക് ലഭിക്കുന്നത്. മഴ കൊണ്ട മരങ്ങളുടേയും പുൽക്കൊടികളുടേയും ഉണർവ്വും ഉന്മേഷവും നമ്മൾ നനയ്ക്കുമ്പോൾ ചെടികൾക്കില്ല.

മറ്റൊരനുഭവം ഞങ്ങൾ ചിറക്കര താഴത്ത് കാഞ്ഞിരത്തും വിളയെന്ന ഞങ്ങളുടെ സ്വന്തം വീട്ടിൽ താമസിക്കുമ്പോഴാണ്. ഈ വീടിനും ഇതിന്റെ തൊട്ടു മുറ്റത്തുള്ള അച്ഛന്റെ കുഞ്ഞമ്മയുടെ ശ്രീധര വിലാസം എന്ന വീടിനും ആളുകൾ പൊതുവേ കീഴതിൽ വീട് എന്ന വീട്ടു പേരാണ് വിളിച്ചിരുന്നത്. ഈ വീടുകൾ നിൽക്കുന്ന പുരയിടത്തിന് തൊട്ട് മുകളിലുള്ള പറമ്പിൽ താമസിക്കുന്ന കുന്നുവിള വീട്ടുകാർ ആണ് ഈ പേര് നൽകിയത്. അത് ഞങ്ങളുടെ ഭാരതി അപ്പച്ചിയുടെ വീടാണ്. അവർ പറഞ്ഞ് പറഞ്ഞ് താഴത്തെ വീടുകൾ കീഴതിൽ ആയി. ശരിയായ പേര് മറ്റുള്ളവർക്ക് അറിയാതെയുമായി .

ഭാരതി അപ്പച്ചിയുടെ പറമ്പിൽ മൂന്ന് കൂറ്റൻ ഇലഞ്ഞി മരങ്ങൾ 1979-86 കാലഘട്ടത്തിൽ ഉണ്ടായിരുന്നു. രണ്ടെണ്ണം ഇപ്പോഴുമുണ്ട്. അതിൽ ഒന്ന് ഞങ്ങളുടെ പറമ്പിലേയ്ക്കാണ് പടർന്ന് പന്തലിച്ച് നിന്നിരുന്നത്. കരിമ്പച്ച ഇലകളും പൂവിടുന്ന കാലത്തെ മാസ്മര സുഗന്ധവും തലയെടുപ്പോടു കൂടിയുള്ള നിൽപും അതു നൽകുന്ന തണലും വിശേഷം തന്നെ. ഒരാദായവുമില്ലെന്ന് നമ്മൾ കരുതുന്ന പാഴ്വൃക്ഷങ്ങൾ നൽകുന്ന ഓക്സിജനും തണലും നമ്മൾ കണക്കാക്കാറില്ലെന്നു മാത്രം. ഞങ്ങൾ അവിടെ താമസമാക്കിയ 1979 ൽ അച്ഛനമ്മമാർക്ക് ഈ വൃക്ഷത്തിന്റെ മൂടല് കാരണം ആ ഭാഗത്തുള്ള തട്ടുകളിൽ നമുക്ക് ഒന്നും തന്നെ കൃഷി ചെയ്യാൻ പറ്റില്ലല്ലോ എന്ന വിഷമം ഉണ്ടായിരുന്നു. കൂടാതെ ഈ തട്ടുകളിൽ നേരത്തേ നട്ടിരുന്ന തെങ്ങുകളും റിഫ്ലക്സ് ആക്ഷൻ മൂലം ചരിഞ്ഞ് വളർന്നെങ്കിലുo കായ്ഫലം ഇല്ലാതെ നിൽക്കുകയാണ്. അതിനാൽ അമ്മ ഭാരതി അപ്പച്ചിയോട് സംഭാഷണ മദ്ധ്യേ ഇലഞ്ഞി മുറിക്കുന്ന കാര്യം സൂചിപ്പിച്ചു. അപ്പച്ചിയുടെ ഭർത്താവ് ഗോപാലൻ മാമന്റെ ജന്മ നക്ഷത്ര വൃക്ഷമായതിനാലാണ് മുറിക്കാത്തതെന്ന് അപ്പച്ചി പറഞ്ഞു.
പിന്നെ അച്ഛനമ്മമാർ അതേപ്പറ്റി യാതൊരു പരാതിയും പറയാൻ പോയില്ല. ഏതൊരു പ്രതികൂല പരിതസ്ഥിതികളെയും പഴിച്ചിരിക്കാതെ അതിനെ അനുകൂലമാക്കാനുള്ള സഹജമായ കഴിവ് അച്ഛനമ്മമാർക്കുണ്ടായിരുന്നു. അതിനാൽ വേനൽക്കാലത്ത് ഇലഞ്ഞി പൊഴിക്കുന്ന കരിയിലകൾ മുഴുവൻ വാരി അമ്മ മറ്റു തട്ടുകളിലുള്ള കൃഷിക്ക് പുതയായി ഉപയോഗിച്ചു. ഇലപ്പൂ വീഴുന്ന സമയത്ത് ഞങ്ങൾ അതിന്റെ സുഗന്ധം ആസ്വദിച്ചു. പൂക്കൾ പെറുക്കി മാലകൾ കോർത്തു . ഓറഞ്ചു കലർന്ന ചുവപ്പു നിറത്തിൽ പഴുത്ത കായകൾ വീണപ്പോൾ അതിന്റെ കുരു കളഞ്ഞ് ഞങ്ങൾ ഭക്ഷിച്ചു. മഴക്കാലത്ത് ഞങ്ങൾ കുട്ടികൾ ആ തട്ടിലേയ്ക്ക് പോയപ്പോൾ ആ തട്ടു നിറയെ പാവൽ വള്ളികൾ സാമാന്യം വലിയ നെല്ലിക്കാ വലുപ്പത്തിലുള്ള ധാരാളം കായ്കളുമായി നിൽക്കുന്നത് കണ്ടു. ഞങ്ങൾ ആ കായ്കളിൽ ചിലത് പറിച്ചു കൊണ്ട് വന്ന് അച്ഛനെ കാണിച്ചു. അച്ഛൻ പറഞ്ഞു അത് കാട്ടു പാവലാണെന്ന്. തിന്നാൻ കൊള്ളാം. ഞങ്ങൾ ഒരു വലിയ സ്റ്റീൽ ചരുവവുമായി പറമ്പിന്റെ ആ തട്ടിലേയ്ക്ക് പോയി. കാട്ടു പാവയ്ക്ക മുഴുവൻ പറിച്ചെടുത്തു. അമ്മ അത് തോരനും മെഴുക്കു പുരട്ടിയുമൊക്കെയാക്കി. മഴക്കാലത്ത് എല്ലാ ആഴ്ചയും ഇത് ആവർത്തിച്ചു. ആഴ്ചയിൽ ഒരു കിലോയിലധികം പാവയ്ക്ക യാതൊരു ചിലവുമില്ലാതെ ഞങ്ങൾക്ക് ലഭിച്ചു. ഗോപാലൻ മാമൻ മരിച്ച ശേഷം അപ്പച്ചിയുടെ മകൻ ബാബു വണ്ണൻ( അഗ്രോ ഇന്റസ്ട്രീസ് കോർപറേഷനിൽ എഞ്ചിനീയറായിരുന്ന ശ്രീ സുഭാഷ് ചന്ദ്രബോസ് , ഭാര്യ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഗൈനക്കോളജിസ്റ്റായിരുന്ന Dr പി ശോഭന) തിരുവനന്തപുരത്തെ ആദ്യ സ്വന്തം വീട് നിർമ്മിക്കാനായി ഈ ഇലഞ്ഞി മരം മുറിക്കുന്നതുവരെ ഞങ്ങൾക്ക് എല്ലാ വർഷവും കാട്ടുപാവയ്ക്ക തിന്നാൻ യോഗമുണ്ടായി. ആ മരത്തോടൊപ്പം കാട്ടുപാവലുകളും അപ്രത്യക്ഷമായി. ആ മരത്തിൽ ചേക്കേറിയിരുന്ന പറവകൾ തിന്ന ശേഷം നിക്ഷേപിച്ചിരുന്ന വിത്തുകൾ മുളച്ച പാവൽ വളളികളാണ് അഞ്ചാറ് വർഷം പന്തലുകളില്ലാതെ വളമിടാതെ വെള്ളമൊഴിക്കാതെ കായകൾക്ക് കൂടിടാതെ കീടനാശിനി തളിക്കാതെ ചുരുക്കി പറഞ്ഞാൽ കായ പറിച്ചെടുക്കുക എന്നതിൽ കവിഞ്ഞ് യാതൊരദ്ധ്വാനവുമില്ലാതെ ഞങ്ങൾക്ക് ആവശ്യത്തിലധികം പാവയ്ക്ക തന്നത്.

അത്തരം പാവൽ പിന്നെ മറ്റെങ്ങും കണ്ടിട്ടില്ല. അനുജത്തിയുടെ വിവഹം കഴിഞ്ഞ് വെള്ളല്ലൂരിലെ ഭർത്തൃ വീട്ടിലേയ്ക്ക് പോയ ശേഷം കേട്ടറിഞ്ഞ വിവരം വർഷങ്ങൾക്ക് മുമ്പ് അവരുടെ മരച്ചീനി വിളകളിൽ ധാരാളം കാട്ടുപാവലുകളും കാട്ടുപടവലവും ഉണ്ടായിരുന്നെന്നാണ്. അന്നന്ന് ഭക്ഷണത്തിനെടുത്തിട്ട് അധികമുള്ളവ അനുജത്തിയുടെ അമ്മായിയമ്മ ചാക്കു കണക്കിന് ഉണക്കി സൂക്ഷിച്ചിരുന്നത്രേ. പിന്നീട് അവിടെയും ഈ ചെടികൾ നശിച്ചു പോയി. ചില മരങ്ങൾ നശിക്കുമ്പോൾ അതോട് ബന്ധപ്പെട്ട അടിക്കാടുകളും വള്ളികളും പറവകളും നശിക്കുന്നു.

മറ്റൊരോർമ്മ ഒരു രാത്രി അച്ഛൻ ജോലിയ്ക്ക് പോയിട്ട് വന്നപ്പോൾ കൊണ്ടുവന്നത് കാട്ടുവാഴയുടെ വിത്താണ്. കാസർഗോഡിന്റെ കാട്ടു പ്രദേശത്ത് സർവ്വേ ചെയ്യാനായി പോയ അച്ഛനും സഹപ്രവർത്തകരുo കാട്ടിൽ പഴുത്തു നിൽക്കുന്ന വാഴക്കുലയിലെ പഴങ്ങൾ ഭക്ഷിച്ചു. നാട്ടുവാഴകളെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രം മാംസളഭാഗവും കൂടുതൽ വലിയ വിത്തുകളുമാണ് കാട്ടുവാഴയ്ക്കുള്ളത്. വിത്തുകൾക്ക് നിത്യവഴുതനയുടെ വിത്തുകളുടെ വലുപ്പം വരും .ചെറുകല്ലുകൾ പോലെ. ഞങ്ങൾ അത് പാകി നോക്കിയെങ്കിലും മുളച്ചില്ല. കാട്ടിൽ ചെറു പൂക്കളുള്ള റോസാ ചെടികളും ഉണ്ടെന്നാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്. നമ്മുടെ മരച്ചീനി അഥവാ കപ്പ വിദേശിയാണെങ്കിലും അവ ഇവിടെയെത്തുന്നതിന് മുമ്പു തന്നെ ആദിവാസികൾക്ക് പരിചിതമായ കാട്ടു കപ്പ നമ്മുടെ വനാന്തരങ്ങളിൽ ഉണ്ടായിരുന്നെന്നാണ് കണ്ണൂരിൽ ഞാൻ ജോലി ചെയ്തിരുന്ന കോളേജിൽ ഗസ്റ്റ് ഫാക്കൽട്ടി ആയിരുന്ന വാസുദേവൻ കോറോം പറഞ്ഞിട്ടുള്ളത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ അടുത്ത കാലത്ത് ഒരു മഴക്കാലത്ത് ഞങ്ങളുടെ പറങ്കി മാവിന്റെ മുകളിലേയ്ക്ക് വെറുതേയൊന്ന് നോക്കിയപ്പോൾ കണ്ടത് നിറയെ കുമ്പളങ്ങ പിടിച്ചു കിടക്കുന്നു. കുമ്പളത്തിന്റെ വേരുകൾ അന്വേഷിച്ചു ചെന്നപ്പോൾ ഞങ്ങൾ തടമെടുത്ത് വളമിട്ട് നട്ട കുമ്പളമൊന്നുമല്ല അത്. തടത്തിലിട്ടതൊന്നും കുരുത്തിരുന്നില്ല. മറ്റൊരിടത്ത് കൈയ്യിൽ നിന്നോ മറ്റാ അറിയാതെ വീണ വിത്താണ് മരത്തിൽ കയറി കായ്ച്ചു കിടന്നത്. ഇതുപോലെ പ്രകൃതി ഞങ്ങളറിയാതെ കാത്തുവച്ച കോവലും കാന്താരി മുളകുമൊക്കെ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മൂന്നിനം ചെറു പച്ച കാന്താരി മുളക് ഞങ്ങൾക്കുള്ളതിൽ രണ്ടെണ്ണം പ്രകൃതി തന്നതാണ്. ഒന്ന് വേപ്പിന്റെ മൂട്ടിൽ വിത്തു വീണ് കിളിർത്തുവന്നത്. അത് കിളികളുടെ സംഭാവനയാകാം . മറ്റൊന്ന് മ്യൂട്ടേഷൻ സംഭവിച്ചതാകണം. ഒരല്പം കൂടി വലുപ്പുള്ളവ.
നദികൾ ഒഴുക്കി കൊണ്ടു വരുന്ന എക്കലടിഞ്ഞ പുഞ്ച നെൽപ്പാടങ്ങളും കൈപ്പാട് നിലങ്ങളും മറ്റു വളപ്രയോഗമൊന്നുമില്ലാതെ നല്ല വിളവു തരും. വെള്ളം വറ്റിച്ച് മുകൾ പൊറ്റയും താഴെ ഒരാൾ താഴ്ചയിൽ ആളു താഴ്ന്നു പോകാവുന്ന ചെളികളുമുള്ള പ്രതലത്തിൽ ഒരല്പം ചാഞ്ഞു നിന്നു താഴ്ന്നു പോകാതെ ഞാറു നടാനുള്ള തഴക്കവും വഴക്കവും വേണമെന്ന് മാത്രം. വെള്ള കൂടുതൽ പൊങ്ങുന്ന സ്ഥലങ്ങളിൽ ഉയരo കുറഞ്ഞ നെൽച്ചെടി കളു ണാകുന്ന വിത്തിടരുതെന്ന് മാത്രം.

ഞങ്ങളുടെ വീട്ടിൽ മുൻ വശത്ത് റോഡരികിലായി മൂന്നു മാവുകൾ അടുത്തടുത്തായി നിൽപുണ്ട്. അതിലൊന്ന് കിളിച്ചുണ്ടൻ, മറ്റൊന്ന് മൈലാപ്പൂർ ആന്നെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്നാമത്തേതിനെ പാർവണേന്ദു എന്നു വിളിക്കാനാണ് എനിയ്ക്കിഷ്ടം. കാഴ്ചയിൽ ഹരിച്ചുണ്ടനെ പോലെ തോന്നുo. രണ്ടു വർഷം കൂടുമ്പോൾ നന്നായി കായ്ക്കുന്ന ഈ മാവിലെ മാമ്പഴം മുഴുവൻ നാട്ടുമാങ്ങ പോലെ പൊഴിഞ്ഞു വീഴും. പെറുക്കിയെടുത്താൽ മാത്രം മതി. നല്ല സ്വാദും മണവും നിറവും മധുരവും നാട്ടുകാരുടെ അഭിപ്രായത്തിൽ ഈ മാമ്പഴത്തിന്റെ രുചിയും മധുരവും മറ്റു മാമ്പഴങ്ങൾക്കില്ലെന്നാണ്. പ്രകൃതി ഒരു മഹാത്ഭുതമാണ്. അത് നമുക്കായി പലതും കാത്തുവയ്ക്കും. അത് തിരിച്ചറിയണമെന്ന് മാത്രം.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.