ഡോ. ഐഷ വി

എഴുത്തിന്റെ വഴികൾ പലർക്കും വിഭിന്നങ്ങളായിരിക്കും. ഒരിക്കൽ ജ്ഞാനപീഠ ജേതാവായ ശ്രീ തകഴി ശിവശങ്കരപ്പിള്ള പറഞ്ഞിട്ടുണ്ട്. ഒരു കഥാതന്തു ഇരുപത് വർഷം മനസ്സിൽ ഇട്ടു നടന്നിട്ടാണ് ചില നോവലുകൾ എഴുതിയതെന്ന്. മനസ്സിൽ ധാരാളം കഥകളുണ്ടെങ്കിലും ഒന്നും ഒരിക്കലും എഴുതാത്തവരുണ്ടാകും. ചിലപ്പോൾ മറ്റു ചിലർ എഴുതുന്നത് കാണുമ്പോൾ അല്ലെങ്കിൽ അറിയുമ്പോൾ എഴുതുന്നവരുണ്ടാകും. ചിലർക്ക് എഴുതാനുള്ള നല്ല ഭാഷ വശമില്ലാത്തതായിരിക്കും പ്രശ്നം. ചിലർക്ക് പലവിധ തിരക്കുകളായിരിക്കും പ്രശ്നം. മറ്റ് ചിലർക്ക് ഏകാന്തതയില്ലാത്തതായിരിക്കും പ്രശ്നം. വേറെ ചിലർക്ക് മറ്റുള്ളവരുടെ പ്രോത്സാഹനമില്ലാത്തതായിരിക്കും പ്രശ്നം. ചിലർ മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന് ചിന്തിക്കും. ചിലർ സ്വയം പ്രചോദനം ഉള്ളവരായിരിക്കും. അവർ അനസ്യൂതം എഴുതും. ആടുജീവിതം എഴുതിയ ശ്രീ ബന്യാമിൻ കുറിച്ചിട്ടുള്ളത് ഒരു വർഷം നൂറ്റി അറുപത്തഞ്ചോളം പുസ്തകങ്ങൾ ഒഴിവുവേളകളിൽ വായിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹമറിയാതെ അദ്ദേഹം എഴുതുന്ന കത്തുകൾ ഒക്കെ സാഹിത്യമായി മാറി . ഇക്കാര്യം സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് അദ്ദേഹം തിരിച്ചറിയുന്നത്. വായനയുടെ ആഴവും പരപ്പും ചിലരെ ഉത്കൃഷ്ടരായ എഴുത്തുകാരാക്കി മാറ്റും. നല്ല അധ്യാപകരും സുഹൃദ് സദസുകളും നല്ല പുസ്തകങ്ങളും ചിലരെ സ്വാധീനിക്കും. ഒരാദ്യചോദനകിട്ടി കഴിഞ്ഞാൽ കണ്ണി മുറിയാതെ എഴുതുന്നവരാവുo ചിലർ.

കുട്ടിക്കാലത്തേ എനിയ്ക്ക് നല്ല വായനാ ശീലം ഉണ്ടായിരുന്നെന്ന് ഓർമ്മച്ചെപ്പിന്റെ മുൻ അധ്യായത്തിൽ ഞാൻ സൂചിപ്പിച്ചിട്ടുണ്ട്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എന്റെ ആദ്യ രചന നടന്നത്. അതൊരു നാടകമായിരുന്നു. ” അരണ മാണിക്യം” എന്നാണ് ഞാൻ ആ നാടകത്തിന് പേരിട്ടത്. ചിറക്കര ത്താഴത്തെ ഞങ്ങളുടെ വീടും എന്റെ അച്ഛന്റെ കുഞ്ഞമ്മയുടെ വീടും ഒരേ മുറ്റത്തായിരുന്നു. ഒരു മൂന്നു മീറ്റർ അകലം പോലും ഇല്ല എന്ന് പറയാം. ആ വീട്ടിൽ ശ്രീദേവി അപ്പച്ചിയ്ക്ക് അഞ്ച് പെൺമക്കളും രോഹിണി അപ്പച്ചിയ്ക്ക് ഏഴ് പെൺ മക്കളും ഒരാണും പിന്നെ ഞാനും അനുജത്തിയും അനുജനും. ഞങ്ങൾ കളിക്കാനിറങ്ങിയാൽ രണ്ട് വീട്ടിലും കൂടി മുറ്റം നിറയാനുള്ള കുട്ടികളാവും. മിക്കവാറും എല്ലാ ദിവസവും കൂട്ടം ചേർന്ന് കളിക്കുകയും ചെയ്യും. ഒരു ദിവസം ആ വീട്ടിലെ അരകല്ല് അടച്ചു വച്ചിരിന്ന പാള മാറ്റി നോക്കിയപ്പോൾ സൈക്കിളിന്റെ ബാൾ ബെയറിംഗിന്റെ വലുപ്പത്തിലുള്ള ഒരു ഗോളം കിട്ടി. അത് അരണ മാണിക്യമാണെന്ന് അവരിലൊരാൾ പറഞ്ഞു. അതേ പറ്റി അന്നു നടന്ന സംഭാഷണങ്ങളും അരണ മാണിക്യത്തെ കുറിച്ചുള്ള ചില അന്ധവിശ്വാസങ്ങളുമായിരുന്നു നാടത്തിലെ പ്രതി പാദ്യവിഷയം.

പുറമേ നിന്നാരും എഴുതാൻ പ്രചോദിപ്പിക്കാതെ എന്റെ ഉള്ളിൽ നിന്നും ഉറവ പൊട്ടിയതായിരുന്നു ആ നാടകം. അതിനാൽ എനിക്ക് എഴുതാതെ നിവൃത്തിയില്ലായിരുന്നു. നോട്ട്ബുക്കിലെ ചില താളുകൾ കീറി ഞാൻ എഴുതി. എഴുതിക്കഴിഞ്ഞപ്പോൾ എനിക്കെന്തെന്നില്ലാത്ത ആഹ്ലാദം. അത് പങ്കു വയ്ക്കാനായി ഞാൻ നേരേ അടുക്കളയിലെത്തി. അമ്മ ജോലിത്തിരക്കിലായിരുന്നു. ഞാൻ അമ്മയെ ആ നാടകം വായിച്ചു കേൾപ്പിച്ചു. അപ്പുറത്തെ വീട്ടുകാർ ഉൾപ്പെടുന്നതാണ് പ്രതിപാദ്യം എന്നു മനസ്സിലാക്കിയ അമ്മ ഇത് മറ്റുള്ളവർ കണ്ടാൽ വല്യ പ്രശ്നവും വഴക്കുമൊക്കെയാകും എന്ന് പറഞ്ഞു കൊണ്ട് എഴുതിയ താളുകൾ എന്റെ പക്കൽ നിന്നും വാങ്ങി കീറിക്കളഞ്ഞു. അങ്ങനെ ആദ്യ തവണ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞു. ആദ്യ തവണ എന്നു പറയാൻ കാരണം പിന്നെയും പല തവണ പല കാരണങ്ങളാൽ എന്റെ എഴുത്തിന്റെ കൂമ്പൊടിഞ്ഞിട്ടുളളതുകൊണ്ടാണ്.

രണ്ടാമത് എഴുതിയത് ഒരു കഥയാണ്. ഞാൻ ഭൂതക്കുളം ഗവ. ഹൈസ്കൂളിലേയ്ക്ക് ചിറക്കര ഗവ. യുപിഎസിൽ നിന്നും ട്രാൻസ്ഫർ വാങ്ങിച്ചെത്തിയത് എഴാം സ്റ്റാൻന്റേഡിലേയ്ക്കാണ്. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിൽ ഏറ്റവും മികച്ചത് ഭൂതക്കുളം ഗവ. ഹൈസ്കൂളാണെന്നായിരുന്നു ശ്രീദേവി അപ്പച്ചിയുടെ അഭിപ്രായം. അപ്പുറത്തെ വീട്ടിലെ മുതിർന്ന കുട്ടികളെയെല്ലാം അതത് ഘട്ടങ്ങളിൽ ഹൈ സ്കൂൾ വിദ്യാഭാസത്തിനായി ഭൂതക്കുളത്തേയ്ക്ക് മാറ്റിയിരുന്നു.

ഞാൻ സ്കൂൾ മാറി എത്തിയപ്പോൾ എനിക്കത്ര പരിചിതമല്ലാത്ത അന്തരീക്ഷം. കാസർഗോഡു നിന്നും ചിറക്കര സ്കൂളിലെത്തിയപ്പോൾ ക്ലാസ്സിലെ കുട്ടികൾ എന്നെ സ്വീകരിച്ച പോലെയായിരുന്നില്ല ഭൂതക്കുളം സ്കൂളിലെ കുട്ടികൾ എന്നെ സ്വീകരിച്ചത്. ചില കുട്ടികൾ എന്നോട് ” വരത്തൻ” മനോഭാവം കാണിച്ചിരുന്നു. എനിയ്ക്ക് വിഷമം തോന്നിയെങ്കിലും ഞാൻ ആരോടും പരാതി പറഞ്ഞില്ല. ഒരു ചെടി പിഴുതുനട്ടാൽ വേരോടുന്നതു വരെ ഒരു വാട്ടം കാണും. വേരോടി കഴിഞ്ഞാൽ എല്ലാം ശരിയാകും. ഞാൻ സമാധാനിച്ചു. കൂനിൻമേൽ കുരു എന്ന പോലെയാണ് അത് സംഭവിച്ചത്. ഒരു ദിവസം റോസാ ചെടികൾക്കിടയിൽ കയറിയപ്പോൾ എന്റെ പുത്തൻ ഷർട്ടിന്റെ പോക്കറ്റ് കമ്പ് കൊണ്ട് കീറി. അമ്മ അത് ഭംഗിയായി തയ്ച്ചു തന്നു. ഒരു വർഷം ആകെ രണ്ട് ജോഡി വസ്ത്രങ്ങളാണ് എനിക്ക് അച്ഛൻ വാങ്ങിത്തന്നത്. ആ പോക്കറ്റ് കീറിത്തയ്ച്ച വസ്ത്രവുമായി ഞാൻ സ്കൂളിൽ പോയി . ഞാനതിട്ട് ചെല്ലുന്ന ദിവസമെല്ലാം ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ” പിച്ചക്കാരി” എന്ന് വിളിച്ച് കളിയാക്കിയത് എന്നെ വിഷമിപ്പിച്ചു. അച്ഛനും അമ്മയും ചിറക്കര ത്താഴത്തെ വീടും പറമ്പും വാങ്ങാനെടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിനാൽ സാമ്പത്തിക ഞെരുക്കത്തിലാണെന്ന് അറിയാവുന്നതു കൊണ്ട് ഞാൻ വീട്ടിൽ ചെന്ന് പരാതി പറയുകയോ പുതു വസ്ത്രം വാങ്ങിത്തരാൻ ആവശ്യപ്പെടുകയോ ചെയ്തില്ല.

ഏഴാം ക്ലാസ്സിൽ കൈക്കുളങ്ങര വിശ്വനാഥൻ സാറായിരുന്നു ഞങ്ങളെ മലയാളം പഠിപ്പിച്ചിരുന്നത്. അദ്ദേഹം കവിയും സാഹിത്യകാരനുമൊക്കെയായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സ് എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. ഓണപരീക്ഷ കഴിഞ്ഞ് റിസൾട്ട് വന്നപ്പോൾ മറ്റെല്ലാ വിഷയത്തിനും അത്ര വല്യ മാർക്കൊന്നും ലഭിച്ചില്ലെങ്കിലും മലയാളത്തിന് എനിയ്ക്ക് അമ്പതിൽ നാൽപ്പത്തി ഏഴ് മാർക്കു ലഭിച്ചു. മറ്റ് കുട്ടികൾക്കെല്ലാം ആ വിഷയത്തിന് 25 ൽ താഴെയായിരുന്നു ലഭിച്ചത്. കൈകുളങ്ങര വിശ്വനാഥൻ സർ എന്നെ പുകഴ്ത്തി സംസാരിച്ചതോടെ കുട്ടികൾക്ക് എന്നോടുള്ള മനോഭാവത്തിന് അല്പം അയവു വന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്കൂളിൽ ” സൃഷ്ടി” എന്നൊരു കൈയ്യെഴുത്തു മാസികയിലേയ്ക്ക് കൃതികൾ ക്ഷണിച്ചു കൊണ്ട് നോട്ടീസ് വായിച്ചത്. ഞാനതത്ര കാര്യമാക്കിയില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ കാണുന്നത് വല്യേച്ചി (ശ്രീദേവി അപ്പച്ചിയുടെ മകൾ 10-ാം ക്ലാസ് വിദ്യാർത്ഥിനി ബീന ചേച്ചി) എന്തോ കുത്തി കുറിക്കുന്നു. ഞാൻ കാര്യം തിരക്കി. ബീന ചേച്ചി പറഞ്ഞു സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ കൊടുക്കാൻ ഒരു നോവൽ എഴുതുകയാണെന്ന്. ഞാൻ അടുത്തു ചെന്ന് നോക്കി. നോവലിന്റെ പേര് ” ബോധിവൃക്ഷo” . വല്യേച്ചി ഒരു ചിത്രവും വരച്ചിട്ടുണ്ട്. ഒരു കൗമാരക്കാരിയുടെ പ്രണയ സങ്കല്പങ്ങളും ജോലി കിട്ടി കുടുംബം നന്നാക്കുന്നതും ഒക്കെയായിരുന്നു പ്രതിപാദ്യ വിഷയം. ഇതു കണ്ടപ്പോൾ ഞാനും ചിന്തിച്ചു. എന്തുകൊണ്ട് എനിയ്ക്കും എഴുതികൂടാ ? ഞാൻ വീടിനകത്തു കയറി. അന്നും പിറ്റേന്നുമൊന്നും കളിക്കാൻ പുറത്തിറങ്ങിയില്ല. “സ്നേഹം “എന്ന പേരിൽ ഒരു മിനി കഥയെഴുതി. അത് വൃത്തിയായി പകർത്തിയെഴുതി. അമ്മയെ കാണിച്ചില്ല. ആരോടും പറഞ്ഞില്ല. പിന്നെ സ്കൂളിൽ പോയപ്പോൾ കൈ കുളങ്ങര വിശ്വനാഥൻ സാറിനെ അതേ ൽപ്പിച്ചു. സൃഷ്ടി കൈയ്യെഴുത്തു മാസികയിൽ എന്റെയും വല്യേച്ചിയുടേയും കൃതികൾ പ്രസിദ്ധീകരിച്ചു വന്നു. മാസിക ഒറ്റ പ്രതി മാത്രമേ ഉള്ളൂ എന്നതിനാൽ കുട്ടി എഴുത്തുകാർക്ക് ഓരോരുത്തർക്കും ഓരോ ദിവസം അത് വീട്ടിലേയ്ക്ക് തന്നയച്ചു. വല്യേച്ചിയ്ക്കായിരുന്നു മാസിക വീട്ടിലേയ്ക്ക് കൊണ്ടുവരാൻ അവസരം ലഭിച്ചത്. അപ്പോഴാണ് അമ്മ വിവരം അറിഞ്ഞത്. എന്റെ ഊഴം അച്ഛൻ വീട്ടിൽ വന്ന ദിവസമായതിനാൽ അച്ഛനും എന്റെ കഥ വായിക്കാൻ അവസരം ലഭിച്ചു.

ഒരു ദിവസം ഇന്റർവെൽ കഴിഞ്ഞ് ക്ലാസ്സ് തുടങ്ങിയ സമയത്ത് കൈ കുളങ്ങര സർ ക്ലാസ്സിലേയ്ക്ക് വന്നു. കൂടെ കുറേ അധ്യാപകരും ഉണ്ട്. എന്നെ പരിചയപ്പെടുത്താനാണ് സാറ് അവരെയെല്ലാം വിളിച്ചു കൊണ്ടുവന്നത്. അക്കൂട്ടത്തിൽ ചിറക്കര സ്കൂളിൽ നിന്നും ട്രാൻസ്ഫറായി വന്ന സുകുമാരൻ സാറും ഉണ്ടായിരുന്നു. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ പറഞ്ഞു: ഈ കുട്ടിയെ എനിയ്ക്കറിയാം. ചിറക്കര സ്കൂളിൽ വച്ച് പഠിപ്പിച്ചിട്ടുണ്ട്. ഈ ഗുരുക്കന്മാർ എന്നെ കാണാൻ വന്നത് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ പുരസ്കാരമായി ഞാൻ ഇന്നും കരുതുന്നു. അതുവരെ എനിയ്ക്ക് അച്ഛന്റെ മകളെന്നോ , ചിരവാത്തോട്ടത്ത് കേശവൻ വൈദ്യരുടെ പേരക്കുട്ടിയെന്നോ സുകുമാരൻ വൈദ്യരുടെ അനന്തിരവൾ എന്നൊക്കെയായിരുന്നു പേര്. അന്നുമുതൽ സ്വന്തമായി ഒരസ്തിത്വം ഉള്ളതു പോലെ എനിക്ക് തോന്നി. എൻെറ ക്ലാസ്സിൽ വന്ന സുകുമാരൻ സാർ
അക്കാലത്ത് ” കല്ലുവാതുക്കൽ സുകുമാർ” എന്ന പേരിൽ വാരാന്ത്യ പതിപ്പുകളിൽ കഥകൾ എഴുതിയിരുന്നു. ഞാനതെല്ലാം വായിക്കുമായിരുന്നു.

ആദ്യ കഥയ്ക്ക് വല്യേച്ചി എഴുതുന്നത് കണ്ടത് മാത്രമല്ല പ്രചോദനം. അതുവരെ വായിച്ച ബാലരമയും പൂമ്പാറ്റയുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടാകും. എന്റെ പിച്ചക്കാരി വസ്ത്രത്തിന് ആ വർഷം തന്നെ പരിഹാരമായി. ആ വർഷം ക്രിസ്തുമസിന് സിങ്കപ്പൂരിൽ നിന്നും നാട്ടിലെത്തിയ ആരുടേയോ കൈവശം ഞങ്ങളുടെ സ്വർണ്ണലത കുഞ്ഞമ്മ കുറച്ച് തുണിത്തരങ്ങൾ ഞങ്ങൾക്കായി കൊടുത്തയച്ചിരുന്നു. അതിൽ നിന്നും ഒരു പച്ച പാവടയും റോസ് ഉടുപ്പും അമ്മ എനിക്ക് തയ്ച്ചു തന്നു.

ആദ്യ കഥയുടെ വിജയ ലഹരിയിൽ ഞാൻ ഒരു കഥകൂടി ഉടൻ തന്നെ എഴുതി. അതിൽ രണ്ടു വരികൾ മലയാളം പാഠപുസ്തകത്തിലെ പഠിപ്പിക്കാത്ത പാഠഭാഗത്തു നിന്നും കടമെടുത്തതായിരുന്നു. ഞാൻ അച്ഛനെ ആ കഥ വായിച്ചു കേൾപ്പിക്കാൻ തുടങ്ങി. ഇടയ്ക്ക് “ഗഹ്വരം” എന്ന വാക്ക് വന്നു. അച്ഛൻ അതിന്റെ അർത്ഥം ചോദിച്ചു. എനിക്കറിയില്ലായിരുന്നു. പാഠപുസ്തകത്തിൽ നിന്നും കോപ്പിയടിച്ചതാണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അച്ഛൻ പറഞ്ഞു: ഒരിക്കലും അങ്ങനെ എഴുതരുത്. അത് പകർപ്പവകാശ ലംഘനമാണ് എന്ന്. Copy right, plagiarism എന്നിവയെ കുറിച്ചൊക്കെ ആദ്യപാഠം അന്നു ലഭിച്ചു. ഒരേഴാം ക്ലാസ്സുകാരിയുടെ പദസമ്പത്ത് തുലോം തുച്ഛമായിരുന്നതു കൊണ്ട് തത്ക്കാലം എഴുതേണ്ടെന്ന് അന്ന് ഞാൻ തീരുമാനിച്ചു. പിന്നെ മൂന്നു വർഷം ഒന്നും എഴുതിയില്ല.

ഞങ്ങൾ ചിറക്കര ത്താഴത്ത് എത്തിയതു മുതൽ അപ്പുറത്തെ വീട്ടിലെ കുട്ടികളും ഞങ്ങളും മത്സരിച്ച് അക്ഷരശ്ലോകം ചൊല്ലുക പതിവായിരുന്നു. ഞങ്ങൾ കതിയാമ്മ ചേച്ചി (ഖദീജാ ഉമ്മ ലോപിച്ചത്) എന്ന് വിളിയ്ക്കുന്ന ഷൈലജ ചേച്ചിയാണ് അക്ഷര ശ്ലോക മത്സരങ്ങൾക്ക് തുടക്കം ഇടുക. അതിങ്ങനെയാണ്:
” അക്ഷര ശ്ലോകം ചൊല്ലാൻ ഇച്ഛയുള്ള കുട്ടികൾ
ലക്ഷക്കണക്കിന് വന്നാലും
തോറ്റു പോട്ടെ സരസ്വതി”
അപ്പോൾ എതിരാളി മൂന്നാമത്തെ വരിയിലെ ആദ്യാക്ഷരം ” ല” യിൽ തുടങ്ങും :

“ലന്തക്കുരു കൊണ്ടു കൂട്ടാനുമുണ്ടാക്കി
ചന്തത്തിൽ വേണ്ടുന്ന കോപ്പുകൂട്ടി
ആട്ടിന്റെ പാലു കറന്നു തിളപ്പിച്ചു
കൂട്ടിക്കുഴച്ചങ്ങു ചോറു നൽകി”.
ഇതങ്ങനെ നീണ്ടു നീണ്ടു പോകും.

മത്സരത്തിൽ തോൽക്കാതിരിക്കാനായി ധാരാളം ശ്ലോകങ്ങൾ പഠിച്ചു വയ്ക്കുക എന്റെ പതിവായിരുന്നു. അധി ഖരാക്ഷരങ്ങളിൽ ആരംഭിക്കുന്ന ശ്ലോകങ്ങൾ കണ്ടു കിട്ടാൻ പ്രയാസമായിരുന്നു. പക്ഷേ അതിലാരംഭിക്കുന്ന അഷ്ടകങ്ങൾ ലഭിക്കാൻ പ്രയാസമില്ലായിരുന്നു. അങ്ങനെ ഞാൻ കുറേ അഷ്ടകങ്ങൾ പഠിച്ചു വച്ചു.

എട്ടാം ക്ലാസ്സു കഴിഞ്ഞു നിന്ന വേനലവധിക്കാലത്ത് കല്ലടയിലെ അച്ഛന്റെ മൂത്ത ജ്യേഷ്ഠൻ നീലാംബരൻ വല്യച്ഛന്റെ മകൾ തങ്കച്ചി ചേച്ചി (ഷീല) വീട്ടിൽ വന്ന് തിരികെ പോയപ്പോൾ എന്നേ കൂടി കല്ലടയ്ക്ക് കൊണ്ടുപോയി. തങ്കച്ചി ചേച്ചിയുടെ അമ്മ സരള വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലാനും കഥകൾ പറയാനും മിടുമിടുക്കിയായിരുന്നു. പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും മൂക്കു കുത്തി വിപ്ലവം നടത്തിയയാളുമായ ശ്രീ ആറാട്ടുപുഴ വേലായുധന്റെ മകൻ ആന സ്ഥാനത്ത് കുഞ്ഞു പണിക്കരുടെ (കവി) മകളായിരുന്നു ആ വല്യമ്മച്ചി. വല്യമ്മച്ചിയുടെ അമ്മയും കവിയിത്രിയായിരുന്നു. ശ്രീ നാരായണ ഗുരു ഗുരുകുല വിദ്യാഭ്യാസം നേടിയ വാരണപ്പള്ളി ഗുരുകുലത്തിലെ കുടുംബാംഗമായിരുന്നു വല്യമ്മച്ചിയുടെ അമ്മ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വല്യമ്മച്ചിയുടെ അച്ഛനമ്മമാരെ കുറിച്ച് വല്യമ്മച്ചി പറഞ്ഞതിങ്ങനെ: അവരുടെ വീട്ടിൽ അക്ഷര ശ്ലോകം ചൊല്ലുക എന്നത് സ്ഥിര വിനോദമായിരുന്നു. അങ്ങനെ ഒരു ദിവസം വല്യമ്മച്ചിയുടെ അച്ഛൻ വല്യമ്മച്ചിയുടെ അമ്മയുടെ തന്തയ്ക്ക് വിളിച്ചു കൊണ്ട് ഒരു ശ്ലോകം ചൊല്ലിയത്രേ . നിമിഷ കവയിത്രി യായിരുന്ന അമ്മ അമാന്തിച്ചില്ല. ” തന്തയ്ക്ക് പറഞ്ഞവന്റെ ചന്തിയ്ക്കൊരുന്തും കൊടുത്ത്….” എന്നൊരു ശ്ലോകം ഉണ്ടാക്കി ചൊല്ലി അവിടെ കൂടിയവരെ രസിപ്പിച്ചത്രേ. ആ വല്യമ്മച്ചി അക്ഷര ശ്ലോകം ചൊല്ലുമ്പോൾ അഷ്ടകങ്ങൾ ചൊല്ലാൻ പാടില്ലെന്ന് നിബന്ധന വച്ചു.

ഇന്ന് അക്ഷരശ്ലോകം അന്താക്ഷരിയ്ക്ക് വഴി മാറി. ഇതിലൊക്കെ താത്പര്യമുള്ള കുട്ടികളുടേയും എണ്ണം കുറഞ്ഞു.

ഞാൻ പ്രീഡിഗ്രിക്കും ഡിഗ്രിയ്ക്കും കൊല്ലം എസ് എൻ വനിതാ കോളേജിലാണ് പഠിച്ചത്. ഞാൻ പ്രീഡിഗ്രി ഒന്നാം വർഷം പഠിയ്ക്കുന്ന സമയം ഒരു കവിയരങ്ങ് ദിവസം ഞാനത് കാണാനിരുന്നു. അപ്പോൾ വേദിയിൽ രണ്ടാം വർഷ പ്രീഡിഗ്രിയിലെ അനില എ എന്ന വിദ്യാർത്ഥിനി ഇരിക്കുന്നു. എന്റെ ഗ്രാമം എന്ന കവിതയാണ് ആ കുട്ടി ചൊല്ലിയത്. അന്നു ഞാൻ തീരുമാനിച്ചു അടുത്ത കവിയരങ്ങ് ദിവസം വേദിയിൽ ഞാനും ഉണ്ടാകണമെന്ന് . അങ്ങനെ ഞാൻ വിചാരിച്ച കാര്യം നടപ്പാക്കി. അടുത്ത വേദിയിൽ ” നരനിൽ നിന്നും വാനരൻ” എന്ന കവിത ഞാൻ ചൊല്ലി. പിന്നീട് ” ചിന്തകൾക്ക് വിരാമമില്ലാതെന്തു ചെയ്ക ഞാനെടോ” എന്ന കവിത. അത് കഴിഞ്ഞ് ഡിഗ്രി അവസാന വർഷം വരെയും മിക്കാവാറും എല്ലാ കവിയരങ്ങിലും ഞാൻ പങ്കെടുത്തു. ഡിഗ്രി രണ്ടാo വർഷം പഠിയ്ക്കുന്ന സമയം കവിയും സാഹിത്യകാരനുമൊക്കെയായ പ്രൊഫ കുമ്മിൾ സുകുമാരൻ സർ ഞങ്ങളെ പഠിപ്പിക്കാൻ വന്നിരുന്നു. ഒരിക്കൽ നിത്യ ചൈതന്യ യതി കോളേജിൽ വന്നപ്പോൾ അദ്ദേഹത്തിനേയും കാണാനിടയായി.

കോളേജിൽ നടന്ന കവിയരങ്ങുകളിൽ ശ്രീ ഒ എൻ വി കുറുപ്പ് , ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീ കുരിപ്പുഴ ശ്രീകുമാർ പിന്നെ ധാരാളം യുവകവികളും പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ കേരള യൂണിവേഴ്സിറ്റി യൂണിയൻ നടത്തിയ യുവ സാഹിത്യ ക്യാമ്പിലേയ്ക്ക് എന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. അച്ഛൻ അന്ന് മലപ്പുറത്ത് ജോലി ചെയ്യുകയായിരുന്നു. അമ്മ പറഞ്ഞു: വല്യമാമൻ അനുവദിക്കുകയാണെങ്കിൽ പോകാൻ . അങ്ങനെ ഞാനും കൂട്ടുകാരി കനകലതയും കൂടി വല്യമാമനെ കാണാൻ ഊന്നിൻ മൂട്ടിലേയ്ക്ക് പോയി. അല്പം മാത്രം സംസാരിക്കുന്ന വല്യമാമൻ പറഞ്ഞു. അത് യൂണിയൻ നടത്തുന്ന പരിപാടിയല്ലേ? അതത്ര ഗൗരവമായി എടുക്കണ്ട. അതുകൊണ്ട് അതിൽ പങ്കെടുത്തില്ല.

ഡിഗ്രി പരീക്ഷ കഴിഞ്ഞ് വീട്ടിൽ നിൽക്കുന്ന സമയത്ത് അച്ഛന്റെ മറ്റൊരു ജ്യേഷ്ഠൻ ഗംഗാധരൻ വല്യച്ചൻ വീട്ടിൽ വന്നു. വല്യച്ചൻ സിങ്കപ്പൂരായിരുന്ന സമയത്ത് ധാരളം കത്തുകൾ കവിതാ രൂപേണ വല്യച്ഛന്റെ വീട്ടിലേയ്ക്ക് അയച്ചിട്ടുണ്ട്. ഞാൻ എന്റെ കവിതകൾ വല്യച്ചനെ കാണിച്ചു. വല്യച്ഛൻ അത് വായിച്ചിട്ട് അതിൽ വൃത്തവും താളവുമൊന്നുമില്ല. ഇതൊന്നും കവിതയല്ല എന്ന് പറഞ്ഞു കൊണ്ട് വല്യച്ഛൻ എഴുതിയ ചില കവിതകൾ ചൊല്ലി കേൾപ്പിച്ചു. അന്ന് ഞാൻ കവിതയെഴുത്ത് നിർത്തി.
പിന്നെ ചില ടെക്നിക്കൽ ലേഖനങ്ങൾ എഴുതിയതല്ലാതെ 30 വർഷത്തോളം സാഹിത്യ സൃഷ്ടിയൊന്നും നടത്തിയില്ല. മനസ്സിൽ ധാരാളം കഥകളുണ്ടായിരുന്നു. ഒന്നും വെളിച്ചം കണ്ടില്ല. അങ്ങനെയിരിക്കെ പ്രമുഖ മുതിർന്ന കവി ശ്രീ ആറ്റിങ്ങൽ ദിവാകരനെ പരിചയപ്പെടാൻ ഇടയായി. സംഭാഷണ മദ്ധ്യേ ഞാനിപ്പോൾ എഴുതാറില്ലെന്നും എന്നാൽ മനസ്സിൽ ധാരാളം കഥകളുണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം അതിനൊരു പരിഹാരം പറഞ്ഞത് ആശയങ്ങൾ ഒരു ചെറു തലക്കെട്ട് പോലെ ഡയറിയിൽ കുറിച്ചു വയ്ക്കുക. പിന്നീട് സമയുള്ളപ്പോൾ അതൊന്ന് വികസിപ്പിച്ച് എഴുതിയാൽ മതിയെന്നാണ്. ഞാൻ അങ്ങനെ ചെയ്യാൻ തുടങ്ങി.

പിന്നീട് കഴിഞ്ഞ സെപ്റ്റംബറിൽ എന്റെ കോളേജിലെ പൂർവ്വ വിദ്യാർത്ഥി അഖിൽ മുരളിയുടെ കവിതാ പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ എത്തിയപ്പോൾ അവിടെ വച്ച് മാക്ഫാസ്റ്റ് തിരുവല്ല കോളേജിലെ അധ്യാപകൻ റ്റിജി തോമസ് സർ എന്നോട് പറഞ്ഞു: ടീച്ചർക്ക് എന്തെങ്കിലും പ്രസിദ്ധീകരിക്കാനുണ്ടെങ്കിൽ അത് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കാമെന്ന് . ഞാൻ ശരിയെന്ന് പറഞ്ഞെങ്കിലും ജനുവരി വരെ ഒന്നും എഴുതിയില്ല. അങ്ങനെ 2020 ജനുവരിയിൽ അദ്ദേഹം എന്നെ വിളിച്ചു. ഞാൻ ഒന്നും എഴുതി കൊടുത്തില്ലല്ലോ എന്ന് പറഞ്ഞു. ഞാൻ അന്നു രാത്രിയോ പിറ്റേന്നോ എഴുതി കൊടുക്കാമെന്നേറ്റു. അങ്ങനെയാണ് ഓർമ്മ ചെപ്പിന്റെ ആദ്യ അധ്യായം എഴുതുന്നത്. അങ്ങനെ വീണ്ടും എന്നെ എഴുത്തിന്റെ വഴിയിലെത്തിക്കാൻ നിമിത്തമായ മലയാളം യുകെയ്ക്കും റ്റിജി തോമസ് സാറിനും നന്ദി. ഒപ്പം അഖിൽ മുരളിയ്ക്കും. അഖിൽ മുരളി ഒരു ചലഞ്ചായി ഏറ്റെടുത്ത് ഒരു ദിവസം ഒരു കവിത വീതം എഴുതിയയാളാണ്.

നമ്മളെപ്പോഴും സ്വയം പ്രചോദനമുള്ളവരായിത്തീരാൻ ശ്രമിക്കുക. നമ്മളിൽ ഭൂരിഭാഗവും നമ്മിലുറങ്ങിക്കിടക്കുന്ന കഴിവിന്റെ ഒരു ശതമാനം പോലും ഉപയോഗിക്കുന്നുണ്ടാവില്ല. നമുക്ക് കിട്ടിയ ഈ ജന്മത്തിൽ തന്നെ നമുക്ക് ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി ചെയ്യുക. എല്ലാവർക്കും നന്മ വരട്ടെ.

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ