ഡോ. ഐഷ വി

റേഷൻ കടയിലെ ക്യൂവിൽ അമ്മയെ കണ്ട് സ്കൂൾ വിട്ടു വന്ന ഞാൻ അങ്ങോട്ട് കയറി. റേഷൻ കട നടത്തുന്നയാൾ ഏറ്റവും അടിയിലിരിക്കുന്ന കാർഡ് ആദ്യമെടുത്ത് ക്യൂവിൽ ആദ്യം നിൽക്കുന്നയാൾക്ക് റേഷൻ കൊടുക്കുന്നു. ഏറ്റവും അവസാനം വന്നയാൾ ഏറ്റവും മുകളിലിരിക്കുന്ന കാർഡിന്റെ മുകളിൽ അയാളുടെ കാർഡ് വയ്ക്കുന്നു. ഇതൊരു തലതിരിഞ്ഞ ഏർപ്പാടാണല്ലോ എന്ന് എനിയ്ക്ക് തോന്നി. ഞാൻ അമ്മയോട് ഇതേ പറ്റി ചോദിച്ചു . അമ്മ പറഞ്ഞു : ഇതാണ് ശരിയായ രീതി. ആദ്യം വന്നയാളെയല്ലേ ആദ്യം വിടേണ്ടത് ? എന്റെ ശ്രദ്ധ വീണ്ടും റേഷൻ കാർഡിലേയ്ക്ക്. പിന്നീട് കംപ്യൂട്ടർ സയൻസ് ക്ലാസ്സിൽ പഠിച്ച സ്റ്റാക്ക് , ക്യൂ , LIFO, FIFO എന്നിവയെ കുറിച്ചുള്ള എന്റെ ബാലപാഠം അവിടെ ആരംഭിച്ചു. എപ്പോഴോ എന്റെ ശ്രദ്ധ റേഷൻ കടക്കാരനിൽ നിന്നും നിന്നും റോഡിലേയ്ക്ക് നീണ്ടു. പെട്ടെന്നാണ് വളവു തിരിഞ്ഞു വരുന്ന സരോജിനി ടീച്ചറെ കണ്ടത്. മൂന്നാ ക്ലാസ്സിലെ എന്റെ ക്ലാസ്റ്റ് ടീച്ചറായിരുന്നു സരോജിനി ടീച്ചർ. ഞാനൊന്നു പരുങ്ങി. വേഗo തന്നെ ഞാൻ അമ്മയുടെ മറവിലേയ്ക്ക് മാറി. ടീച്ചർ അന്നു രാവിലെ എനിയ്ക്കു തന്ന ശിക്ഷയെ പറ്റി അമ്മയോട് പറയുമോ എന്നതായിരുന്നു എന്റെ ഭയം. ശിക്ഷ എന്താണെന്നല്ലേ ? രാവിലെ ടീച്ചർക്ക് കുറച്ചു സമയം ക്ലാസ്സിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. അന്ന് ക്ലാസ്സിൽ ടീച്ചറില്ലാത്തപ്പോൾ മോണിട്ടറെ പേരെഴുതി വയ്ക്കാനൊന്നും ഏൽപ്പിച്ചില്ല. പതിവിനു വിരുദ്ധമായി ഒരു ശിക്ഷ നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം. ശിക്ഷ ഇങ്ങനെയായിരുന്നു. ടീച്ചർ ക്ലാസ്സിൽ ഇല്ലാത്തപ്പോൾ സംസാരിക്കുന്ന ആൺകുട്ടിയെ പെൺകുട്ടികളുടെ ഇടയിലും പെൺകുട്ടിയെ ആൺകുട്ടികളുടെ ഇടയിലും ഇരുത്തുമെന്ന്. അന്ന് ആൺ കുട്ടികളും പെൺ കുട്ടികളും വെവ്വേറെ നിരകളിലായിരുന്നു ഇരിപ്പ്.

ടീച്ചർ പോയി കഴിഞ്ഞ് എല്ലാവരും നിശ്ബ്ദരായിരിക്കുകയായിരുന്നു. ഒരു സൂചി താഴെ വീണാൽ കേൾക്കാവുന്ന നിശബ്ദത. തികഞ്ഞ അച്ചടക്കത്തോടെ ഇരിക്കുകയായിരുന്ന എന്റെ അടുത്തേയ്ക്ക് ക്ലാസ്സിലെ വത്സല വന്നു. “വസ്ത്രം” എന്ന വാക്കെഴുതിയത് ശരിയാണോ എന്ന് ചോദിക്കാനാണ് വന്നത്. വത്സല എഴുതിയിരുന്നത് തെറ്റായതിനാൽ ഞാൻ തിരുത്തി കൊടുത്തു. പെട്ടെന്നാണ് ടീച്ചർ ക്ലാസ്സിലേയ്ക്ക് കയറി വന്നത്. വത്സല പെട്ടെന്നുതന്നെ സ്വന്തം ഇരിപ്പിടത്തിൽ ആസനസ്ഥയായി. ഞാൻ കുറ്റവാളിയും . എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ശിക്ഷ എനിയ്ക്കുമാത്രമായി. ആൺകുട്ടികളുടെ നിരയിലെ അവസാന ബഞ്ചിന് തൊട്ടു മുന്നിലെ ബഞ്ചിൽ അങ്ങേയറ്റത്തായി എന്നെ ഇരുത്തി. ക്ലാസ്സിലെ ഏറ്റവും പൊക്കം കൂടിയ ഹമീദാണ് എന്റെ തൊട്ടുപിന്നിൽ. ഹമീദിന്റെ അച്ഛൻ ഒരു ഹോമിയോ ഡോക്ടറാണെന്ന് കമലാക്ഷി പറഞ്ഞറിയാം. എന്റെ ഇടതു വശം ഭിത്തിയും വലതു വശത്ത് മധുവും. എനിയ്ക്ക് ശിക്ഷ കിട്ടിയതിൽ ക്ലാസ്സിലെ ഒട്ടുമിക്ക ആൺ കുട്ടികൾക്കും ആഹ്ലാദമായി. അതവർ പ്രകടിപ്പിക്കുകയും ചെയ്തു. എനിയ്ക്ക് വളരെ വിഷമമായിരുന്നു. രണ്ടാഴ്ചത്തേയ്ക്കായിരുന്നു ശിക്ഷ. കൂടാതെ ആൺകുട്ടികളുടെ വക ഉപദ്രവവും. ബഞ്ചിലിരിക്കുന്ന ഏല്ലാ ആൺകുട്ടികളും കൂടി നീങ്ങി എന്നെ ഞെരുക്കി ഭിത്തിയോട് ചേർക്കുക. നുള്ളുക തോണ്ടുക ഇതൊക്കെയായിരുന്നു അവരുടെ വിനോദങ്ങൾ. ഹമീദ് മാത്രം ഉപദ്രവിച്ചില്ല. പിന്നിലിരുന്ന മറ്റ് കുട്ടികളെല്ലാം ചവിട്ടുകയും നുള്ളുകയുമൊക്കെ ചെയ്തു. മുന്നിലിരുന്നവരുടെ വല്യ ശല്യം ഉണ്ടായില്ല. ക്ലാസ്സിൽ മറ്റു ടീച്ചർമാർ വരുമ്പോൾ ഈ കുട്ടി മാത്രം എന്തേ ആൺകുട്ടികളുടെ ഇടയിൽ എന്നു ചോദിയ്ക്കും. അപ്പോൾ കുട്ടികൾ എല്ലാം കൂടി ശിക്ഷയെപ്പറ്റി പറയും. ഞാൻ ഈ ലോകത്തിലെ ഏറ്റവും വല്യ അപരാധം ചെയ്ത മട്ടായിരുന്നു അവർക്ക് . റേഷൻ കടയിൽ നിന്ന എന്റെ പരുങ്ങലിൽ നിന്നു തന്നെ ശിക്ഷാ വിവരം ഞാൻ വീട്ടിൽ പറയാൻ പോകുന്നില്ല എന്ന് നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ? എങ്കിലും എനിയ്ക്ക് വളരെ മനോവിഷമത്തിനിടയാക്കിയ സംഭവമായിരുന്നു അത്. വീട്ടിൽ ചെന്നു പറഞ്ഞാൽ വീട്ടിൽ നിന്നു കൂടി ശിക്ഷ കിട്ടുമോ എന്നായിരുന്നു ഭയം.

അങ്ങനെ രണ്ടാഴ്ച കടന്നുപോയി. എന്റെ ശിക്ഷാ കാലാവധി അവസാനിയ്ക്കുന്ന ദിവസം വന്നു. ഞാൻ ആശ്വസിച്ചിരിക്കുകയായിരുന്നു അന്ന് എന്റെ ശിക്ഷ അവസാനിയ്ക്കുമല്ലോയെന്ന് . പക്ഷേ സരോജിനിടീച്ചർ ക്ലാസ്സിൽ എത്തിയപ്പോൾ മധു ഉറക്കെ വിളിച്ചു പറഞ്ഞു: ടീച്ചറേ ഇത് നോക്ക്, ഐഷ ഭിത്തിയിൽ എഴുതി വച്ചിരിക്കുന്നത് കണ്ടോ ? “___ തൂറി___ നക്കി”. ടീച്ചർ വന്ന് ഭിത്തി പരിശോധിച്ചു. സംഗതി ശരിയാണ്. വീണ്ടും എന്റെ ഭാഗം കേൾക്കാൻ ടീച്ചർ തയ്യാറായില്ല. ഞാൻ തന്നെയാണ് അത് എഴുതിയതെന്ന് ടീച്ചർ വിശ്വസിച്ചു. എന്നെ തിരിച്ച് പെൺകുട്ടികളുടെ ഇടയിലാക്കുന്നത് തടയാൻ വിരുതന്മാർ ആരോ ചെയ്തതായിരുന്നു അത്. എനിയ്ക്ക് ശിക്ഷ രണ്ടാഴ്ച കൂടി നീട്ടിക്കിട്ടി. ഈ ശിക്ഷയിലൂടെ ഞാൻ മുമ്പത്തേതിനേക്കാൾ പത്തിരട്ടി മനക്കരുത്തുള്ളവളായി മാറുകയായിരുന്നു. ചെയ്യാത്ത കുറ്റത്തിന് എന്നെ ശിക്ഷിച്ചെങ്കിലും ഇന്നും ഞാൻ വളരെയധികം ബഹുമാനിയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നത് സരോജിനി ടീച്ചറിനെയാണ്. കാസർഗോഡ് നിന്നും പോന്ന ശേഷം ടീച്ചറെ കണ്ടിട്ടേയില്ല. മൂന്നാം ക്ലാസ്സിലെ ഓരോ ദിനവും അവിസ്മരണീയമാക്കിയത് ഈ ക്ലാസ്സ് ടീച്ചറാണ്. ടീച്ചറുടെ മകൾ ജയശ്രീ ഞങ്ങളുടെ ക്ലാസ്സിലായിരുന്നു പഠിച്ചിരുന്നത്. ഞങ്ങൾക്ക് ക്ലാസ്സെടുക്കാനില്ലാത്ത അധ്യാപകരെ കൊണ്ടുവന്ന് പാഠ്യഭാഗമല്ലാത്ത വിഷയങ്ങളെ കുറിച്ച് ഞങ്ങളോട് സംവദിക്കാൻ ടീച്ചർ അവസരമൊരുക്കിയിരുന്നു. അങ്ങനെയുള്ള ക്ഷണിതാക്കളിൽ പ്രമുഖ തിരുവനന്തപുരത്തു നിന്നും ആ സ്കൂളിലേയ്ക്ക് സ്ഥലം മാറ്റം കിട്ടി വന്ന ഹിന്ദി ടീച്ചറായിരുന്നു. ടീച്ചറുടെ അവതരണ രീതി സവിശേഷം തന്നെ. മറ്റ് അധ്യാപകർക്ക് ഹിന്ദി ടീച്ചറിനോട് വല്യ ബഹുമാനമായിരുന്നെന്ന് എനിയ്ക്ക് തോന്നിയിട്ടുണ്ട്. കുട്ടികളിൽ മൂല്യ ബോധമുണ്ടാക്കാനുള്ള കഥകളും തിരുവനന്തപുരത്തെ റേഡിയോ നിലയം പത്മനാഭ സ്വാമി ക്ഷേത്രം എന്നിവയെ കുറിച്ചും ടീച്ചർ സംസാരിച്ചിട്ടുണ്ട്. കമലാക്ഷിയുടെ ചേച്ചി ഈ ടീച്ചറുടെ വീട്ടിലായിരുന്നു ജോലിയ്ക്ക് പോയിരുന്നത്.

സരോജിനി ടീച്ചർക്കും ജയശ്രീയ്ക്കുമായി എന്നും ഉച്ചഭക്ഷണം എത്തിച്ചിരുന്നത് ഒരു പയ്യനായിരുന്നു. കഴുത്തൊന്ന് വെട്ടിപ്പിടിച്ച മട്ടിലായിരുന്നു ആ പയ്യന്റെ നടപ്പ്. ഒരു ദിവസം കമലാക്ഷി വന്നു പറഞ്ഞ വാർത്ത ടീച്ചറുടെ മൂത്ത മകൾക്ക് രണ്ടാമത്തെ കുട്ടി പിറന്നു എന്നതായിരുന്നു. ഒരു ദിവസം ആശുപത്രിയിലായിരുന്ന അമ്മയേയും കുഞ്ഞിനേയും കാണാൻ ജയശ്രീയും ടീച്ചറും കൂടി ഉച്ചഭക്ഷണ സമയത്ത് പോയപ്പോൾ എന്നെയും കൂടെ കൂട്ടി. തിരിച്ചു വന്ന വഴി ഒരു ചെരുപ്പുകടയിൽ കയറി ജയശ്രീയ്ക്ക് ഒരു ചെരുപ്പു വാങ്ങിച്ചു. മോൾക്ക് ഒരു ചെരുപ്പു വാങ്ങട്ടേയെന്ന് ടീച്ചർ എന്നോട് ചോദിച്ചു. ഞാൻ സ്നേഹപൂർവ്വം അത് നിരസിച്ചു. ഞങ്ങൾ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ജയശ്രീയുടെ അച്ഛൻ മരിച്ചത്. അവധി കഴിഞ്ഞു വന്ന ടീച്ചറുടെ സീമന്തരേഖയിൽ സിന്ദൂരമില്ലായിരുന്നു. നെറ്റിയിലെ ചുവന്ന പൊട്ടിന്റെ സ്ഥാനത്ത് കറുത്ത പൊട്ട്. ഇതിലേയ്ക്ക് എന്റെ ശ്രദ്ധ നയിച്ചതും അതിന്റെ അർത്ഥമെന്തെന്ന് എന്നെ ബോധ്യപ്പെടുത്തിയതും കമലാക്ഷിയായിരുന്നു. ഒരിക്കൽ നാണയങ്ങളെ കുറിച്ച് പഠിപ്പിച്ച ക്ലാസ്സിൽ ടീച്ചറുടെ പഴ്സിൽ നിന്നും ഏതാനും നാണയങ്ങൾ എടുത്ത് ഞങ്ങൾക്ക് നോട്ട് ബുക്കിൽ വരയ്ക്കാനായി തന്നു. ഓരോരുത്തരായി വരച്ച് കൈമാറിക്കൊണ്ടിരുന്നു. ഒരു 25 പൈസ നാണയവും 50 പൈസ നാണയവും ഒഴികെ ബാക്കിയെല്ലാം ടീച്ചറുടെ കൈയ്യിൽ തിരികെ കിട്ടി. ടീച്ചർ ക്ലാസ്സിൽ വച്ച് ചോദിച്ചെങ്കിലും ആരും ഏറ്റില്ല. പിറ്റേന്ന് ആ നാണയങ്ങൾ തിരികെ കിട്ടിയെന്ന് ടീച്ചർ ക്ലാസ്സിൽ പറഞ്ഞു. അതെടുത്ത കുട്ടിയുടെ അച്ഛനായിരുന്നു അത് ടീച്ചറെ തിരികെ ഏൽപ്പിച്ചത്. കുട്ടിയുടെ പേര് ടീച്ചർ ക്ലാസ്സിൽ പറഞ്ഞിരുന്നില്ല. കമലാക്ഷിയാണ് ആ കുട്ടിയുടെ പേര് എനിയ്ക്ക് പറഞ്ഞു തന്നത്.

ഞാനത് മറ്റാരോടും പറഞ്ഞില്ല. ഒരിക്കൽ ക്ലാസ്സിലെ ഷീലയുടെ സ്വർണ്ണ മാല നഷ്ടപ്പെട്ടു. അത് ഒരാൺകുട്ടിയ്ക്ക് കിട്ടി. ആ കുട്ടി അത് ടീച്ചറിനെ ഏൽപ്പിച്ചു. പിറ്റേന്ന് നടന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ് മാസ്റ്റർ ആ കുട്ടിയെ അനുമോദിച്ച് സംസാരിച്ചു. അന്ന് ഷീലയുടെ അച്ഛൻ കൊണ്ടുവന്ന് കൊടുത്ത പാരിതോഷികം ഹെഡ് മാസ്റ്റർ ആ കുട്ടിയ്ക്ക് കൈമാറി. ഇതേ പറ്റി അന്നത്തെ ക്ലാസ്സിൽ സരോജിനി ടീച്ചർ സംസാരിച്ചു. ടീച്ചർ ഞങ്ങളെയെല്ലാം മക്കളെപ്പോലെയായിരുന്നു കണ്ടിരുന്നത്. ജയശ്രീയും ഞങ്ങളും തമ്മിൽ വ്യത്യാസമൊന്നും ടീച്ചർക്കില്ലായിരുന്നു. വർഷം 45 കഴിഞ്ഞു. ടീച്ചർ ഇന്ന് ജീവിച്ചിരുപ്പുണ്ടോ എന്നറിയില്ല. നല്ല ഗുരുക്കന്മാരുടെ ഗണത്തിൽ ആ ടീച്ചർ എന്നുo എന്റെ മനസ്സിൽ ജീവിയ്ക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ